തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം: പുതിയ ടെര്‍മിനലിന്റെ ഉദ്‌ഘാടനം വൈകും
തിരുവനന്തപുരം: ഉദ്‌ഘാടകനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ ഉദ്‌ഘാടനം വൈകും. 14ന് ഉദ്‌ഘാടനം നടത്താന്‍ വിമാനത്താവള അധികൃതര്‍ എല്ലാ സജ്‌ജീകരണങ്ങളും ഒരുക്കുന്നതിനിടയില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയെ കൊണ്ട് ഉദ്‌ഘാടനം നടത്താനാവില്ല എന്ന നിലപാട് സംസ്‌ഥാന സര്‍ക്കാര്‍ എടുത്തതാണു പ്രശ്‌നമായത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങോ, കേന്ദ്ര വ്യോമയാന മന്ത്രി പ്രഭുല്‍ പട്ടേലോ ഉദ്‌ഘാടനം ചെയ്‌തോട്ടെ, തങ്ങള്‍ക്കു വിരോധമില്ല എന്നതാണു സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാട്.
സര്‍ക്കാരിനു വേണ്ടി മന്ത്രി എം. വിജയകുമാര്‍ ഇക്കാര്യം എയര്‍പോര്‍ട്ട് അതോറിറ്റിയെഅറിയിച്ചു കഴിഞ്ഞു. വയലാര്‍ രവി കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാണെങ്കിലും സംസ്‌ഥാനത്തെ ഒരു രാഷ്‌ട്രീയ കക്ഷിയുടെ നേതാവാണ് എന്നതാണത്രേ അദ്ദേഹത്തെ ഒഴിവാക്കണമെന്നാവശ്യപ്പെടാന്‍ കാരണം. തന്നെ ക്ഷണിച്ച ശേഷം ഒഴിവാക്കണമെന്നു പറയുന്നത് അധിക്ഷേപിക്കലാണെന്ന നിലപാടിലാണു രവി എന്നറിയുന്നു. അതേസമയം, വയലാര്‍ രവിയോടുള്ള എതിര്‍പ്പല്ലെന്നും പ്രധാനപ്പെട്ട ചടങ്ങായതിനാല്‍ പ്രധാനമന്ത്രിയും വകുപ്പുമന്ത്രിയും പങ്കെടുക്കണമെന്നുള്ളതുകൊണ്ടാണു മാറ്റിവയ്‌ക്കാന്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി വിജയകുമാര്‍ മനോരമയോടു പറഞ്ഞു.
പ്രധാനമന്ത്രിയാണു പുതിയ ടെര്‍മിനലിന്റെ ശിലാസ്‌ഥാപനം നടത്തിയത്. കഴിഞ്ഞ മേയില്‍ പ്രധാനമന്ത്രിയെ ഉദ്‌ഘാടനത്തിനു ക്ഷണിക്കുകയും അദ്ദേഹം എത്താമെന്നുസമ്മതിക്കുകയും ചെയ്‌തതാണ്. പ്രധാനമന്ത്രിയുടെ സൗകര്യാര്‍ഥം കുറച്ചു കാത്തിരിക്കേണ്ടിവരും. അദ്ദേഹത്തിനൊപ്പം ആന്റണിയും വയലാര്‍ രവിയുമൊക്കെ പങ്കെടുക്കണമെന്നാണു തങ്ങളുടെ ആഗ്രഹം. അതിനിടെ എയര്‍ പോര്‍ട്ട് അതോറിറ്റി എന്തിന് ഈ തിടുക്കം കാണിച്ചു എന്നു മനസ്സിലാവുന്നില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
Discussion about this post