ന്യൂഡല്‍ഹി: പാര്‍ട്ടി നിലപാടിനെതിരായി കൂടംകുളം സന്ദര്‍ശിച്ച വി എസ് അച്യുതാനന്ദന് സിപിഐ(എം) കേന്ദ്രകമ്മിറ്റിയില്‍ പരസ്യശാസന. പോളിറ്റ് ബ്യൂറോയാണ് കേന്ദ്രകമ്മിറ്റി ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ശാസനക്കുള്ള തീരുമാനമായത്. വിഎസ്സിന്റെ യാത്ര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. സമരത്തെ അടിച്ചമര്‍ത്തരുതെന്നും സുരക്ഷ ഉറപ്പാക്കാന്‍ സ്വതന്ത്ര സംവിധാനം വേണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു.
കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി നിലപാട് മാറ്റണമെന്ന വിഎസ്സിന്റെ ആവശ്യം കഴിഞ്ഞ ദിവസം പി ബി തള്ളിയിരുന്നു. വിഷയത്തില്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിബി വ്യക്തമാക്കി. വിഎസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്ന് സംസ്ഥാന നേതൃത്വം പിബിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കേന്ദ്രകമ്മിറ്റി തള്ളിക്കളയുകയാണ് ഉണ്ടായത്.
നേരത്തെ വിഎസ്സിന്റെ കൂടംകുളം യാത്രയ്‌ക്കെതിരെ കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന നേതാക്കളായ തോമസ് ഐസക്കും എം വിജയരാഘവനും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിഎസ്സിന്റെ തീരുമാനം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നായിരുന്നു വിമര്‍ശനം.
Discussion about this post