തിരുമാന്ധാംകുന്ന് ശിവ കേശാദിപാദം (ഭാഗം-1)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം
ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
സൂര്യവംശ രാജാക്കന്മാരില്‍ പ്രസിദ്ധനായ മാന്ധാതാവിന്റെ കഠിനതപസ്സുകൊണ്ടു പവിത്രീകൃതമായ ദിവ്യഭൂമിയാണ് മലബാറിലുള്ള വള്ളുവനാട്ടിലെ തിരുമാന്ധാംകുന്ന്. മാന്ധാതാവിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി കൈലാസവാസിയായ ശ്രീമഹാദേവന്‍ പാര്‍വ്വതീ ദേവിയോടൊപ്പം അവിടെ നിത്യസന്നിധാനം ചെയ്യുന്നു. ഐതിഹ്യവും ചരിത്രവും കൂടിക്കലര്‍ന്ന് അലൗകിക സുഷമ പേറുന്ന പ്രസ്തുത തപസ്സങ്കേതം ആയിരത്താണ്ടുകളായി ഭക്തജനലക്ഷങ്ങള്‍ക്ക് അഭയവരദവൈഭവങ്ങളോടെ ആശ്രയമരുളുന്നു. ശിവന്റെയും ഗണപതിയുടെയും ഭഗവതിയുടെയും ഭദ്രകാളിയുടെയും പ്രതിഷ്ഠ അവിടെയുണ്ട്.
ശ്രീമൂലസ്ഥാനവും സപ്തമാതൃക്കളും മാന്ധാതാവു തപസ്സു ചെയ്തു പരമപദം പ്രാപിച്ച സ്ഥലവും തൊട്ടടുത്തായി കാണാം. വള്ളുവക്കോനാതിരിക്കും (വള്ളുവനാട്ടുരാജാവ്) നാട്ടുകാര്‍ക്കും ഭരദേവതയാണ് തിരുമാന്ധാംകുന്നു ഭഗവതി. ശ്രീമഹാദേവന് മാന്ധാതാവിനോടുള്ള പ്രത്യേകവാത്സല്യംകൊണ്ടാണ് ദേവി തന്റെ മകളായ ഭദ്രയോടൊപ്പം ലോകകല്യാണത്തിനായി അവിടെ സന്നിധാനം ചെയ്യുന്നതെന്ന് കാരണവന്മാര്‍ പറയുന്നു. ശിവനും ശക്തിയും രണ്ടല്ലെന്ന വേദാന്തതത്ത്വം ഈ വിശ്വാസത്തെ സാധൂകരിക്കുന്നു.
*യഥാ ദേവീ തഥാ ശിവഃ
തീര്‍ത്ഥമഹത്വം
പ്രപഞ്ചം മുഴുവന്‍ ഈശ്വരമയമാണ്. അതിനാല്‍ എല്ലാ ദേശവും പവിത്രമാണെന്ന കാര്യത്തില്‍ തര്‍ക്കംവേണ്ട. പരമപവിത്രമല്ലാത്ത ഒരു മണല്‍ത്തരിയോ ഒരു പരമാണുപോലുമോ ഈ പ്രപഞ്ചത്തിലില്ല. എങ്കിലും കാശിയും കൈലാസവും കന്യാകുമാരിയും ശബരിമലയും രാമേശ്വരവുമെല്ലാം ദിവ്യഭൂമിയാണെന്ന് സവിശേഷപ്രാധാന്യത്തോടെ ഉദ്‌ഘോഷിക്കപ്പെടുന്നു. ആ പട്ടികയില്‍ തിരുമാന്ധാംകുന്നുംപെടുന്നു. മറ്റുസ്ഥലങ്ങള്‍ക്കില്ലാത്ത പ്രത്യേകത ഈ സ്ഥലങ്ങള്‍ക്ക് എങ്ങനെ കൈവന്നു എന്നു ചോദിച്ചേക്കാം. സമാധാനം വളരെ എളുപ്പമാണ്. വൈദ്യുതി എല്ലായിടവും വ്യാപിച്ചിരിക്കുന്നു എന്നു ശാസ്ത്രത്തിന്റെ ബാലപാഠംമാത്രം പഠിച്ചവര്‍ക്കുപോലും അറിവുള്ളതാണ്. എങ്കിലും വിളക്കുകത്തിക്കാനോ റേഡിയോപ്രവര്‍ത്തിപ്പിക്കാനോ അതുകൊണ്ടു കഴിയുന്നില്ല. എങ്ങും വ്യാപിച്ചിരിക്കുന്ന വൈദ്യുതിയെ നമ്മുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെങ്കില്‍ ജനറേറ്ററിന്റെ സഹായം വേണം. അതേവിധം സര്‍വത്രവ്യാപിച്ചിരിക്കുന്ന ഈശ്വരചൈതന്യത്തെ നമ്മെപ്പോലുള്ള സാധാരണന്മാര്‍ക്കു അനുഭവപ്പെടുത്താന്‍ സഹായിക്കുന്ന ജനറേറ്ററുകളാണ് ഇത്തരം ദിവ്യസങ്കേതങ്ങള്‍ മാന്ധാതാവിനെപ്പോലുള്ള മഹാപുരുഷന്മാരുടെ കഠിനതപസ്സാണ് ആ സ്ഥലങ്ങളെ ജനറേറ്ററുകളാക്കി, അഥവാ ദിവ്യസങ്കേതങ്ങളാക്കി മാറ്റിയിരിക്കുന്നത്.
‘അര്‍ഹതയുള്ളവന് ഈശ്വരാനുഗ്രഹം എവിടെ ഇരുന്നാലും ലഭിക്കും’ എന്ന് പുരാണകഥാ പ്രവാഹങ്ങള്‍കൊണ്ടും ദീര്‍ഘസത്രങ്ങള്‍കൊണ്ടും വ്യാസഭഗവാന്റെ സാന്നിദ്ധ്യംകൊണ്ടും പവിത്രമായ നൈമിഷാരണ്യത്തില്‍ വച്ച് സ്‌തോത്രകര്‍ത്താവായ ജഗദ്ഗുരുസ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ഈയുള്ളവനോടുപറഞ്ഞിട്ടുണ്ട്. ‘ ആദ്ധ്യാത്മമാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കുന്നവന് അര്‍ഹതനേടാന്‍ സഹായമരുളുമെന്നതാണ് ഈ ദിവ്യഭൂമികളുടെ മഹത്വം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂര്യനില്‍നിന്ന് എമ്പാടും പ്രകാശം പ്രസരിക്കുംപോലെ വേണമെന്നുള്ളവന് എടുക്കാന്‍ പാകത്തില്‍ പരമാത്മ ചൈതന്യം അവിടെനിന്ന് നാലുപാടും വ്യാപിച്ചുകൊണ്ടിരിക്കും. തന്ത്രശാസ്ത്രവിധിയനുസരിച്ചുള്ള പ്രതിഷ്ഠയും അനുഷ്ഠാനങ്ങളും കൂടിയാകുമ്പോള്‍ ചൈതന്യാനുഭവം അനേകമടങ്ങു വര്‍ദ്ധിക്കുന്നു. തീര്‍ത്ഥങ്ങളിലെല്ലാം ദിവ്യാത്മാക്കളുടെ സാന്നിദ്ധ്യം നിരന്തരം ഉണ്ടായിരിക്കുകയും ചെയ്യും. അതാണുപുണ്യസങ്കേതങ്ങളുടെമഹത്വം. തിരുമാന്ധാംകുന്നിന്റെ മഹത്വത്തിനാസ്പദവും വേറൊന്നല്ല.
ആദ്ധ്യാത്മസാധനയുടെ വഴിയില്‍ പലപ്രകാരത്തിലുള്ള തടസ്സങ്ങളുണ്ടാക്കും. സാധകന്റെതന്നെ ഉള്ളിലിരിക്കുന്ന കര്‍മ്മവാസനകള്‍ ഇടയ്ക്കു തലയുയര്‍ത്തുന്നതാണ് അതിന്റെ മുഖ്യകാരണം. സിദ്ധപുരുഷന്മാരോടൊപ്പമുള്ളവാസം തടസ്സങ്ങളെ അതിലംഘിക്കാന്‍ സഹായമരുളും. സിദ്ധാത്മാക്കളോടൊപ്പം കഴിയാനാകാതിരിക്കുന്ന അവസരങ്ങളില്‍പോലും ആശ്രയമരുളുന്നു എന്നതാണ് ഈ വിധമുള്ള തീര്‍ത്ഥങ്ങളെ ആദരണീയമാക്കുന്നത്. ബഹുതരമായ ലൗകികകര്‍മ്മ വ്യഗ്രതകള്‍ക്കിടയില്‍ കഴിയുന്ന ഗൃഹസ്ഥന്മാര്‍ക്കും പുണ്യസങ്കേതങ്ങള്‍ അനുഗ്രഹവര്‍ഷം ചൊരിയുന്നുണ്ട്. ചുറ്റും കെട്ടിയിരിക്കുന്ന വേലി തൈച്ചെടികളെ ആടുകടിച്ചുപോകാതെ സംരക്ഷിക്കുംപോലെ ഇടയ്ക്കിടയ്ക്ക് ചെയ്യുന്ന ദിവ്യസങ്കേത ദര്‍ശനം ഈശ്വരാഭിമുഖ്യത്തിന്റെ തളിരുകള്‍ വാടിപ്പോകാതെ സുരക്ഷിതമാക്കിത്തീര്‍ക്കും. ഭൗതികപദാര്‍ത്ഥങ്ങളില്‍ നിസ്സംഗത വളര്‍ത്തുവാന്‍പോന്ന സത്‌സംഗത്തിനുള്ള അവസരങ്ങളും പുണ്യസങ്കേതങ്ങളില്‍ കൂടുതലാണ്.
സാമൂഹികവും സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ മേഖലകളിലെ തിരക്കിട്ടജോലികള്‍ക്കിടയിലും അവസരം കിട്ടുമ്പോഴെല്ലാം പുണ്യസങ്കേതങ്ങളില്‍ പോകുന്നത് സ്വാമിജിയുടെ പ്രത്യേകതയാണ്. തദവസരത്തില്‍ ആരെയെങ്കിലുമൊക്കെ കൂടെകൊണ്ടുപോകാതിരിക്കുകയുമില്ല. ഭക്തജനങ്ങളെ ദിവ്യഭൂമികളില്‍കൊണ്ടുപോയി ആദ്ധ്യാത്മിക ശിക്ഷണം നല്‍കാന്‍വേണ്ടിയിട്ടാണ് ഇത്തരം യാത്രകളെന്ന് അടുപ്പമുള്ളവര്‍ക്കറിയാം. അതിനുപിന്നിലെ ഹേതുക്കള്‍ സ്വാമിജിക്കുമാത്രമേ വ്യക്തമായി അറിയുകയുള്ളൂ. സ്വാമിജിയോടൊപ്പം പവിത്രതീര്‍ത്ഥങ്ങളില്‍ ദര്‍ശനം നടത്തുക ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. അങ്ങനെ ധന്യതനേടിയ അനേകം പേരുണ്ട്. പവിത്രമായ അത്തരം യാത്രകളിലൊന്ന് തിരുമാന്ധാംകുന്നിലേക്കായിരുന്നു. ഈശ്വരതേജസ്സ് സ്പന്ദിക്കുന്ന ആ പുണ്യഭൂമിയില്‍ ശ്രീപരമേശ്വരനുമുന്നില്‍ മുകുളീകൃതപാണിയായി ധ്യാനിച്ചുനില്‍ക്കുമ്പോള്‍ സച്ചിദാനന്ദപൂര്‍ണ്ണമായ ശ്രീമഹേശ്വരരൂപം മുന്നില്‍നിറഞ്ഞുനിന്ന് കടുംതുടികൊട്ടി താണ്ഡവം ചെയ്യുന്നതുകണ്ട് ആനന്ദമഗ്നനായി സ്വാമിജിചൊല്ലിയ കാവ്യമാണ് തിരുമാന്ധാംകുന്ന് ശിവകേശാദിപാദം. അതു നടരാജനെ നമ്മുടെ കണ്‍മുന്നിലേക്ക് ആവാഹിക്കുന്നു.
Discussion about this post