തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പുതിയ നിലപാടോടെ വിളപ്പില്‍ശാല മാലിന്യ പ്രശ്‌നം വീണ്ടും സങ്കീര്‍ണമാവുന്നു. പ്ലാന്റ് അടച്ചുപൂട്ടണമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയാല്‍ എതിര്‍ സത്യവാങ്മൂലം നല്‍കുമെന്ന് നഗരസഭാ മേയര്‍ പറഞ്ഞു. മാലിന്യ നിക്ഷേപത്തിന് പുതിയ സ്ഥലം കണ്ടെത്തിയില്ലെങ്കില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും മേയര്‍ വ്യക്തമാക്കി. ഈ മാസം 19നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.
വിളപ്പില്‍ശാല മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി ധാരണയിലെത്തിയതായി സമരസമിതി ഇന്നലെ അറിയിച്ചിരുന്നു. വിളപ്പില്‍ശാലയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്ന് ഹര്‍ത്താല്‍ സമരസമിതി പിന്‍വലിച്ചിരുന്നു. രേഖാമൂലം ഉറപ്പുനല്‍കാതെ നിരാഹാരസമരം പിന്‍വലിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി.
നിരാഹാരസമരം നടത്തിവന്ന പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരിയെ ഇന്നലെ റസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ആരാഗ്യനില വഷളായതിനെ തുടര്‍ന്നാണ് ശോഭനയെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ശോഭനാകുമാരിയ്ക്ക് പകരം നാല് പേര്‍ പുതിയതായി നിരാഹാര സമരം ആരംഭിച്ചു.
അതേസമയം സര്‍ക്കാരിനെ എതിര്‍ത്ത് കോടതിയില്‍ എതിര്‍ സത്യവാങ് മൂലം നല്‍കുമെന്ന നിലപാടിന് മേയര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് സമരസമിതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വിളപ്പില്‍ശാലയിലെ പ്ലാന്‍റ് അടച്ചുപൂട്ടല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു.
Discussion about this post