പഴയന്നൂര്‍ മഹാദേവന്‍
വടക്കേഇന്ത്യയിലെ ഒരു നാട്ടുരാജ്യത്തിലെ രാജാവായിരുന്നു ധനസിംഹന്‍. കര്‍ശനക്കാരനായ ധനസിംഹന് ഭരണപാടവം കുറവായിരുന്നു. ആ കൊല്ലം ഭയങ്കരവരള്‍ച്ചമൂലം വിളവെല്ലാം നഷ്ടമായി. ജനങ്ങള്‍ ദുരിതത്തിലായി. തങ്ങളുടെ കദനകഥകള്‍ രാജാവിനെ അറിയിക്കാന്‍ കുറേ ഗ്രാമീണര്‍ തയ്യാറെടുത്തു. ആ ഗ്രാമത്തിലെ അഭ്യസ്തവിദ്യനും ബഹുമാന്യനുമായ രാമധന്‍ എന്നുപേരായ ഒരു പണ്ഡിതന്റെ നേതൃത്വത്തില്‍ ഒരു സംഘം രാജസന്നിധിയിലെത്തി. രാമധന്‍ എല്ലാ വിവരങ്ങളും രാജാവിനെ ബോധിപ്പിച്ചു. രാജാവ് മറുപടി പറയുന്നതിനുമുമ്പുതന്നെ മന്ത്രി ഇടപെട്ടു.
‘രാജാവേ ഈ പറയുന്നതെല്ലാം കളവാണ് നമ്മുടെ രാജ്യത്ത് ക്ഷാമമൊന്നുമില്ല. ജനങ്ങള്‍ക്ക് ഒന്നിനും കുറവില്ല പണം തട്ടിയെടുക്കാന്‍ ഇറങ്ങിയിരിക്കുന്ന സംഘമാണിത്. ഇവര്‍ക്ക് മരണശിക്ഷതന്നെ നല്‍കണം’ മരണശിക്ഷ എന്നു കേട്ടപ്പോഴേക്കും രാമധന്‍ ഒഴികെ എല്ലാവരും സ്ഥലംവിട്ടു. മന്ത്രിയുടെ വാക്യം രാജാവിന് വേദവാക്യമായിരുന്നു. രാമധന്‍ വധിക്കപ്പെട്ടു. ഭര്‍ത്താവിന്റെ മരണവാര്‍ത്തകേട്ടതും ഭാര്യ ഹൃദയാഘാതത്തില്‍ മരണമടഞ്ഞു.
രാമധന്റെ ഏകമകനായ വല്ലഭന്‍ അനാഥനായി. അസാമാന്യമായ ബുദ്ധിശക്തിയായിരുന്നു വല്ലഭന്. അവന്‍ ചിന്തിച്ചു. ‘ ഒന്നുകില്‍ രാജാവിന് നേര്‍വഴിക്ക് കൊണ്ടുവരണം. അല്ലെങ്കില്‍ അച്ഛന്റെയും അമ്മയുടെയും വിധി സ്വയം സ്വീകരിക്കണം.’
അവന്‍ നിര്‍ഭയനായി രാജകൊട്ടാരത്തിലെത്തി. ദര്‍ബാര്‍ കൂടുന്ന സമയം ഒഴിഞ്ഞ ഒരു ഇരിപ്പിടത്തില്‍ അവന്‍ ഇരുന്നു. അനുവാദം ചോദിക്കാതെ അകത്തുപ്രവേശിച്ച് ധിക്കാരം കാട്ടിയതിന് അവനെ രാജസന്നിധിയില്‍ ഹജരാക്കി. രാജാവു പറഞ്ഞു ‘ നിനക്ക് മരണശിക്ഷ വിധിച്ചിരിക്കുന്നു. ശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് നിനക്ക് മൂന്നുകാര്യങ്ങള്‍ ആവശ്യപ്പെടാം. അത് നിറവേറ്റപ്പെടുമെന്ന് ഉറപ്പുതരാം’.
ബുദ്ധിമാനായ വല്ലഭന്റെ മൂന്നു ആവശ്യങ്ങള്‍ ഇവയായിരുന്നു. ‘ താങ്കള്‍ ഒരു പകലും ഒരു രാത്രിയും ഭക്ഷണം ഒന്നും കഴിക്കരുത്. അടുത്തദിവസം ഒരു രാത്രിയും പകലും വെള്ളം കുടിക്കാതെ കഴിയണം. മൂന്നാം ദിവസം ഒരുനിമിഷംപോലും ഉറങ്ങാതെ കഴിച്ചുകൂട്ടണം’ . നിറഞ്ഞ ദര്‍ബാറില്‍ കൊടുത്ത വാക്കുപാലിക്കാതിരിക്കുന്നതെങ്ങനെ. വിശപ്പ് എന്താണെന്നും ദാഹമെന്താണെന്നും ക്ഷീണിക്കുന്നതെങ്ങനെ എന്നും രാജാവ് ജീവിതത്തില്‍ ആദ്യമായി മനസ്സിലാക്കി. അടുത്തദിവസം ബാലനെ വിളിച്ചുചോദിച്ചു ‘ നീ ഈ മൂന്നു ആവശ്യങ്ങള്‍ തെരഞ്ഞെടുത്തതിന്റെ ഉദ്ദേശ്യം എന്താണ്’.
വല്ലഭന്‍ പറഞ്ഞു. ‘ രാജാവേ ഞാന്‍ രാമധന്റെ ഏകപുത്രനാണ്. എന്റെ അടുത്ത് പറയുവാനുള്ളത് കേള്‍ക്കാനുള്ള സന്മനസ്സുപോലും അങ്ങേയ്ക്കുണ്ടായില്ല. അതുകൊണ്ട് എനിക്ക് അമ്മയും അച്ഛനും നഷ്ടപ്പെട്ടു. വിശപ്പും ദാഹവും എത്ര അസഹനീയമാണെന്നും അങ്ങ് ഇപ്പോള്‍ അറിഞ്ഞല്ലോ? ഇതേപോലെ വിശന്നുപൊരിയുന്ന ആയിരങ്ങള്‍ ഈ രാജ്യത്തുണ്ട്. ദാഹജലംപോലും കിട്ടാതെ പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങുന്നു. എന്റെ മരണശിക്ഷ നടപ്പാക്കിയശേഷം അങ്ങ് ദയവായി പ്രജകളുടെ നന്മയ്ക്കായി ശ്രമിക്കണം. എന്റെ അന്ത്യാഭിലാഷം ഇത്രമാത്രം’.
രാജാവ് വല്ലഭനെ കെട്ടിപ്പുണര്‍ന്നു. ‘ ഈ കുട്ടി എന്റെ കണ്ണു തുറന്നു. പ്രജാക്ഷേമമായിരിക്കും ഇനി എന്റെ ലക്ഷ്യം’
Discussion about this post