ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി മൂന്ന് മന്ത്രിമാര്‍ കൂടി രാജിവെച്ചു. വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അംബികാ സോണി, ടൂറിസം മന്ത്രി സുബോദ് കാന്ത് സഹായി, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മുകുള്‍ വാസ്നിക് എന്നിവരാണ് ഇന്ന് മന്ത്രിസ്ഥാനം രാജിവെച്ചത്. അംബികാ സോണിയും മുകുള്‍ വാസ്നികും പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ താത്പര്യമുണ്ടെന്ന് സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും രാജിവെച്ചതെന്നാണ് സൂചന. അംബികാ സോണിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി നിയമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സെക്രട്ടറി അഹമ്മദ് പട്ടേലിന് പുറമേയാണ് അംബികയെ കൂടി ഈ സ്ഥാനത്തേക്ക് നിയമിക്കുന്നത്. എന്നാല്‍ കല്‍ക്കരി അഴിമതി വിഷയത്തില്‍ ആരോപണ വിധേയനായ സുബോദ് കാന്ത് സഹായിലെ പുനസംഘടനയില്‍ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം അജയ് മാക്കന്‍, ജയന്തി നടരാജന്‍ എന്നിവരെ കാബിനറ്റ് മന്ത്രിമാരാക്കി ഉയര്‍ത്തുമെന്നും ഒന്നിലധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വയലാര്‍ രവി, കപില്‍ സിബല്‍, വീരപ്പ മൊയ്ലി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരുടെ ചുമതലകള്‍ പരിമിതപ്പെടുത്തുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കി. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവര്‍ക്കു സ്ഥാനക്കയറ്റം ലഭിച്ചേക്കും. മനീഷ് തിവാരി, ദീപ ദാസ് മുന്‍ഷി, തെലുങ്കുതാരം ചിരഞ്ജീവി, അധീര്‍ രഞ്ജന്‍ ചൌധരി, മീനാക്ഷി നടരാജന്‍ എന്നീ പുതുമുഖങ്ങള്‍ മന്ത്രിസഭയിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post