തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ ഉപയോക്‌താക്കളുടെ എണ്ണം ചരിത്രം സൃഷ്‌ടിച്ച് ഒരു കോടിയിലെത്തുന്നു. അടുത്ത മാസം അവസാനത്തോടെ ഉപയോക്‌താക്കള്‍ ഒരു കോടിയില്‍ ഏറെയാകുമെന്ന് അധികൃതര്‍ അറിയിച്ചു. മാസം 30,000 പുതിയ കണക്‌ഷന്‍ വീതം നല്‍കിവരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഉപയോക്‌താക്കളുടെ എണ്ണം 99.5 ലക്ഷത്തില്‍ എത്തിയിട്ടുണ്ട്. കണക്‌ഷന്‍ നല്‍കുന്ന നടപടി അടുത്തകാലത്ത് ഉദാരമാക്കിയതോടെ ഇതു മാസം 50,000 ആയി ഉയരുമെന്നും നവംബര്‍ അവസാനത്തോടെ ചരിത്രനേട്ടം കൈവരിക്കുമെന്നുമാണു സൂചന. എന്നാല്‍ വൈദ്യുതി ബോര്‍ഡിന് ഇതുകൊണ്ടു സാമ്പത്തികനഷ്‌ടമേയുള്ളു. കുറഞ്ഞ നിരക്കു നല്‍കുന്ന ഗാര്‍ഹിക ഉപയോക്‌താക്കളുടെ എണ്ണമാണു വന്‍തോതില്‍ കൂടുന്നത്. വൈദ്യുതി ബോര്‍ഡ് നാലു രൂപയ്‌ക്കു വാങ്ങുന്ന കറന്റ് ഇവര്‍ക്കു രണ്ടു രൂപയ്‌ക്കു വിതരണം ചെയ്യേണ്ടിവരും. അതേസമയം, വാണിജ്യ ഉപയോക്‌താക്കളുടെ എണ്ണം കൂടിയാല്‍ ബോര്‍ഡിനു സാമ്പത്തികനേട്ടമുണ്ടാകും.
ഇപ്പോള്‍ സംസ്‌ഥാനത്ത് 81 ലക്ഷം ഗാര്‍ഹിക ഉപയോക്‌താക്കളും 12 ലക്ഷം വാണിജ്യ ഉപയോക്‌താക്കളും 1.25 ലക്ഷം വ്യവസായ സ്‌ഥാപനങ്ങളുമാണുള്ളത്. ഓഫിസുകള്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, കര്‍ഷകര്‍, ആശുപത്രികള്‍ തുടങ്ങിയവയാണു ശേഷിക്കുന്ന ഉപയോക്‌താക്കള്‍. 1980ല്‍ സംസ്‌ഥാനത്തു വെറും 20 ലക്ഷം ഉപയോക്‌താക്കള്‍ ഉണ്ടായിരുന്നതാണ് ഇപ്പോള്‍ ഒരു കോടിയിലെത്തിയിരിക്കുന്നത്. ഇടുക്കിയിലെ രണ്ടു ജനറേറ്ററുകള്‍ ഉള്‍പ്പെടെ 1980നു ശേഷം ജലവൈദ്യുതിയുടെ ഉല്‍പാദനത്തില്‍ ഉണ്ടായ വര്‍ധന 751 മെഗാവാട്ട് മാത്രമാണ്. ഇപ്പോള്‍ 1800 മെഗാവാട്ട് ആണു ജലവൈദ്യുത നിലയങ്ങളുടെ ആകെ ഉല്‍പാദനശേഷി. ഉപയോക്‌താക്കളുടെ എണ്ണം കൂടുന്നതനുസരിച്ചു ജലവൈദ്യുതിയുടെ ഉല്‍പാദനം വര്‍ധിക്കുന്നില്ല.
ഉപയോക്‌താക്കളുടെ എണ്ണത്തില്‍ 2002-2003 മുതലാണു കാര്യമായ വര്‍ധനയുണ്ടായത്. ഓരോ വര്‍ഷവും ശരാശരി 4.5 ലക്ഷം ഉപയോക്‌താക്കള്‍ വരെ വര്‍ധിക്കുന്നുണ്ടായിരുന്നു. ഇതനുസരിച്ചു വൈദ്യുതി ഉപയോഗം കൂടിക്കൊണ്ടിരിക്കുകയാണ്. മുന്‍പൊക്കെ മഴക്കാലത്തു വൈദ്യുതി ഉപയോഗം കുറവും വേനല്‍ക്കാലത്തു കൂടുതലുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വേനല്‍ക്കാലത്തും മഴക്കാലത്തും ഒരുപോലെ വൈദ്യുതി ഉപയോഗം കൂടുതലാണ്. കോരിച്ചൊരിയുന്ന മഴക്കാലത്തു പോലും സംസ്‌ഥാനത്തു വിതരണം ചെയ്യുന്ന വൈദ്യുതിയുടെ പകുതിയും പുറത്തു നിന്നു വാങ്ങേണ്ടിവരുന്നു.
Discussion about this post