സവ്യസാചി
പലിത ലോമശ സഖ്യത്തെക്കുറിച്ച് മുമ്പ് വായിച്ചതോര്‍ക്കുമല്ലോ. ഭീഷ്മരില്‍ നിന്ന് ഇക്കഥകേട്ടപ്പോള്‍ ആരെയും വിശ്വസിക്കാതെ രാജാവിന് എങ്ങനെ ഭരണം നടത്താന്‍ കഴിയും എന്നതിനെക്കുറിച്ച് ഓര്‍ത്ത് യുധിഷ്ഠരന്‍ ആശയക്കുഴപ്പിത്താലായി. സംശയപരിഹാരം തീര്‍ത്തുതരാന്‍ അദ്ദേഹം ഭീഷ്മപിതാമഹനോട് അപേക്ഷിച്ചു. അതിനുമറുപടിയായി ഭീഷ്മര്‍ മറ്റൊരു കഥ പറഞ്ഞു.
പണ്ട് ബ്രഹ്മദത്തന്‍ എന്നൊരു രാജാവുണ്ടായിരുന്നു. കാമ്പില്ല്യും എന്ന നഗരത്തിലായിരുന്നു അദ്ദേഹത്തിന്റെ അരമന. അന്തഃപുരത്തിന്റെ ഒരു മൂലയില്‍ ‘പൂജനി’ എന്ന ഒരു പക്ഷി പാര്‍ത്തിരുന്നു. പൂജനിക്ക് എല്ലാ ജീവികളുടെയും ഭാഷ വശമായിരുന്നു.
ഒരുനാള്‍ റാണി പ്രസവിച്ചു. അന്നുതന്നെ പൂജനിക്കും ഒരു കുഞ്ഞുണ്ടായി. അന്നുമുതല്‍ പൂജനി പതിവായി സമുദ്രതീരത്തുപോയി രണ്ടുപഴങ്ങള്‍വീതം കൊണ്ടുവന്ന് ഒരു പഴം തന്റെകുഞ്ഞിനും മറ്റൊന്നു രാജകുമാരനും നല്‍കിക്കൊണ്ടിരുന്നു. ബലവും തേജസ്സും വര്‍ദ്ധിപ്പിക്കുന്ന ആ പഴം അമൃതസമാനം സ്വാധിഷ്ഠവുമായിരുന്നു. അത് ഭക്ഷിച്ച് രാജകുമാരന്‍ പുഷ്ടിയോടെ വളര്‍ന്നു. ഒരു ആയ രാജകുമാരനെ എടുത്ത് നടക്കവേ കുമാരന്റെ ദൃഷ്ടി പക്ഷിക്കുഞ്ഞില്‍ പതിഞ്ഞു. ആയയുടെ പിടിവിട്ടിറങ്ങിയ രാജകുമാരന്‍ പക്ഷിക്കുഞ്ഞുമായി കളിക്കാന്‍ ആരംഭിച്ചു. കളിക്കിടയില്‍ രാജകുമാരന്‍ പക്ഷിക്കുഞ്ഞിനെ പിടിച്ചു ഞെരിച്ചുകൊന്നു. എന്നിട്ട് അവന്‍ ആയയുടെ മടിത്തട്ടില്‍ അഭയംതേടി. പഴങ്ങളുമായി എത്തിയ പൂജനി ഈ ദാരുണമായ കാഴ്ചകള്‍കണ്ടു പൊട്ടിക്കരഞ്ഞു. അവള്‍ സ്വയം പറഞ്ഞു. ‘ക്ഷത്രിയരുമായുള്ള ചങ്ങാത്തം ഒരിക്കലും പാടില്ലാത്തതാണ്. ദ്രോഹം ചെയ്യുന്ന ഇവരെ വിശ്വസിക്കരുത്. ഈ രാജകുമാരന്‍ എത്ര കൃതഘ്‌നനും ചതിയനുമാണ്! ഇതന് ഞാന്‍ പകരം വീട്ടുകതന്നെ ചെയ്യും.’. പൂജനി നഖങ്ങളാല്‍ രാജകുമാരന്റെ കണ്ണുകള്‍ മാന്തിപ്പൊട്ടിച്ചു.
രാജകുമാരന്റെ ദുഷ്ടകൃത്യത്തിനു പൂജനി പ്രതികാരം ചെയ്തതു കണ്ട് ബ്രഹ്മദത്ത രാജാവ് പറഞ്ഞു; ‘പൂജനി, ഞങ്ങള്‍ ചെയ്ത തെറ്റിന് നീ പകരംവീട്ടി. ഇപ്പോള്‍ ഞങ്ങള്‍ സമരാണ്; നീ ഇവിടെ തന്നെ താമസിക്കുക; മറ്റെങ്ങും പോകേണ്ട.’
പൂജനി മറുപടി പറഞ്ഞു. ‘ രാജന്‍, ആരോടെങ്കിലും വിരോധമുണ്ടായാല്‍ പിന്നെ അവരുടെ പഞ്ചാരവാക്കു കേട്ടുവിശ്വസിച്ചാല്‍ വിരോധം മാറില്ല്; വിശ്വസിക്കുന്നവന്റെ കഥ കഴിയുകയും ചെയ്യും. വിരോധമുണ്ടായാല്‍ തലമുറകളോളം നിന്നെന്നുവരും. വിരോധമുണ്ടായാല്‍ വിശ്വസ്തനെപ്പോലും വിശ്വസിക്കരുത്. നിങ്ങളുടെ സ്‌നേഹം അനുഭവിച്ച് ഇത്രയും നാള്‍ ഞാന്‍ ഇവിടെ താമസിച്ചു. നാം വിരോധത്തിലായി. ഇനി ഇവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല.’
‘രാജാവ്; അപകാരത്തിന് പകരം അപകാരംചെയ്യുന്നതില്‍ തെറ്റില്ല. കടംവീടുകയും ചെയ്യുന്നു. അതുകൊണ്ടു നീ സുഖമായി ഇവിടെ കഴിയുക.’
‘പൂജനി; അപ്രകാരം ചെയ്തവനും തിരിച്ചുചെയ്തവനും തമ്മില്‍ സഖ്യം സാധ്യമല്ല. ഇരുവരുടെയും ഉള്ളില്‍ അത് നീറിക്കൊണ്ടിരിക്കും.’
രാജാവ്;’ ഇതോടെ വിരോധമൊക്കെ തീര്‍ന്നു. പ്രതികാരത്തിനിരയായതോടെ പാപഫലം ഇനി അനുഭവിക്കേണ്ടിവരില്ല. അതുകൊണ്ട് നീ ഇവിടെ കഴിയുക എങ്ങും പോകരുത്.’.
പൂജനി;’ ഇത് അങ്ങനെയൊന്നും തീരില്ല. ശത്രുവിന്റെ സാന്ത്വനത്തില്‍ വിശ്വസിച്ചാല്‍ ജീവന്‍ പോയതുതന്നെ. അതുകൊണ്ടിനി മുഖത്തോടുമുഖം കാണാതിരിക്കുകയാണ് നല്ലത്.’
രാജാവ്; ‘ബദ്ധശത്രുക്കളായാലും ഒന്നിച്ചുതാമസിച്ചാല്‍ വൈരമെല്ലാം തീരും.’
പൂജനി; ‘രാജന്‍, അഞ്ഞു കാരണങ്ങളാലാണ് വിരോധമുണ്ടാകുന്നതെന്ന് വിദ്വാന്‍ പറയുന്നു. സ്ത്രീ. വീട്, ഭൂമി, കൊള്ളിവാക്ക്, പരസ്പര മാത്സര്യം എന്നിവയാണ് അവ. ഒരുപക്ഷത്തെ ഭസ്മീകരിക്കാതെ വിരോധം ശമിക്കുകയില്ല. ആദ്യം അപകാരം ചെയ്തവനെ അവന്‍ എന്തൊക്കെ നല്‍കി ബഹുമാനിച്ചാലും വിശ്വസിച്ചുപോകരുത്. ഇനി എനിക്ക് അങ്ങയെ വിശ്വസിക്കാനാവില്ല.
ബ്രഹ്മദത്ത രാജാവ് പൂജനിപക്ഷിയോട് വാദം തുടര്‍ന്നു. പൂജനി, ലോകത്തില്‍ നടക്കുന്ന സകലകര്‍മ്മങ്ങളും കാലത്തിനധീനമാണ്. കാലത്തിന്റെ പ്രേരണയാല്‍ നടക്കുന്ന കര്‍മ്മങ്ങള്‍ക്ക് ആരാണ് കുറ്റക്കാരനാവുക. ജനനമരണങ്ങള്‍ കാലത്തിനതീതമാകയാല്‍ സംഭവിച്ചുപോയതിന് നിന്നെ കുറ്റപ്പെടുത്തുന്നതെങ്ങനെ. നീ സസുഖം ഇവിടെ താമസിക്കുക. നിനക്ക് ഇവിടെ ഒരു കഷ്ടപ്പാടും ഉണ്ടാകില്ല. നിന്റെ തെറ്റ് ഞാന്‍ പൊറുത്തു.
പൂജനി; എല്ലാത്തിനും കാരണം കാലമാണെങ്കില്‍ ഉറ്റവര്‍ കൊല്ലപ്പെട്ടാല്‍ ആളുകള്‍ പ്രതികാരം ചെയ്യാനും മാറത്തടിച്ച് നിലവിളിക്കാനും ഒരുങ്ങുന്നതെന്തിന്? ദുഃഖം ആരും ഇഷ്ടപ്പെടുന്നില്ല. സുഖത്തെയാകട്ടെ എല്ലാവരും ഇഷ്ടപ്പെടുന്നു. ദുഃഖം പലവിധം. വാര്‍ദ്ധക്യം ദുഃഖം, ധനനഷ്ട ദുഃഖം, ഇഷ്ടപ്പെടാത്ത പുരുഷനോടൊത്തു ജീവിക്കേണ്ടിവരുന്ന ദുഃഖം, പ്രീയജനങ്ങളുടെ വേര്‍പാട് ദുഃഖം, ബന്ധനവും വധവുമെല്ലാം ഏവര്‍ക്കും ദുഃഖം തന്നെ. ഹേ മഹാരാജന്‍, ഒരു നൂറ്റാണ്ടുകഴിഞ്ഞാലും അങ്ങ് എന്നോടും ഞാന്‍ അങ്ങയോടും ചെയ്ത അപകാരം മറക്കാവതല്ല. മകന്റെ ദുരവസ്ഥ കാണുമ്പോഴെല്ലാം അങ്ങേയ്ക്ക് എന്നോട് പകവര്‍ദ്ധിക്കും. എന്നിട്ടും സ്‌നേഹത്തോടെ ജീവിക്കാം എന്ന് അദ്ദേഹം പറയുന്നു. അത് പൊട്ടിപ്പോയ മണ്‍പാത്രം കൂട്ടിച്ചേര്‍ക്കാമെന്ന് പറയുന്നതുപോലെയാണ്. അതുകൊണ്ട് വിരോധിയായി തീര്‍ന്ന ആളെ അങ്ങ് വിശ്വസിക്കരുത്.
രാജാവ്; വിശ്വസിക്കാതിരിക്കുന്നതുകൊണ്ട് മനുഷ്യന്‍ ഒന്നു നേടുന്നതില്ല. ഭയം മനസ്സില്‍വച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം ജീവിതം പാഴായതുതന്നെ.
പൂജനി: പാദങ്ങളില്‍ പരിക്കുപറ്റിയ ആള്‍ എത്രതന്നെ ശ്രദ്ധിച്ചാലും പരിക്ക് പഴുത്ത് വ്രണമായിത്തീരും. രോഗമുള്ള കണ്ണില്‍ അധികംകാറ്റുകൊണ്ടാല്‍ രോഗംമൂര്‍ച്ചിക്കുകയേയുള്ളൂ. സ്വശക്തിയെക്കുറിച്ച് ആലോചിക്കാതെ ഭീകരമാര്‍ഗ്ഗത്തില്‍ ചലിക്കുന്നവന്റെ ജീവിതം ആ മര്‍ഗ്ഗത്തില്‍തന്നെ വീണടിയുന്നു. മഴക്കാലം നോക്കാതെ നിലം ഉഴുന്നതിന്റെ പ്രയത്‌നം വിഫലം. നല്ല ഭക്ഷണം തന്നെ കണ്ടമാനം കഴിച്ചാല്‍ ആയുസ്സു വേഗം തീരും. അധികമായാല്‍ ആമൃതും വിഷംതന്നെ. വിധിയും ശ്രമവും പരസ്പരം ആശ്രയിക്കുന്നു. ജനങ്ങള്‍ എപ്പോഴും ശുഭകര്‍മ്മങ്ങള്‍ ചെയ്യുന്നു. ക്ലൈബ്യം ബാധിച്ചവരോ എല്ലാത്തിനും വിധിയെ പഴിച്ച് അലസരായികഴിയുന്നു. പണിയെടുക്കാത്തവന്‍ ദാരിദ്ര്യത്തിന്റെ പിടിയില്‍പ്പെട്ട് ദുഃഖിക്കുന്നു. അതിനാല്‍ നിരന്തരം ഹിതകര്‍മ്മങ്ങള്‍ ചെയ്യണം. പകര്‍ച്ചവ്യാധിയോ ക്ഷാമമോവന്നാല്‍ ജന്മനാടായാല്‍ വിട്ടുപോകണം. ബഹുമതി ലഭിക്കുന്നിടത്തേ താമസിക്കാവൂ. അതുകൊണ്ട് ഞാനിനി മറ്റൊരിടത്തേക്കു പോകുന്നു. ഇനി ഇവിടെ കഴിയാന്‍ എനിക്കാവില്ല. ദുഷ്ടയായ ഭാര്യ, ദുഷ്ടനായ പുത്രന്‍, കുടിലനായ രാജാവന്‍, ദുഷ്ടനായ മിത്രം, ദുഷ്ടബന്ധങ്ങള്‍, ദുഷിച്ചപ്രദേശം ഇവയെല്ലാം ഉപേക്ഷിക്കപ്പെടേണ്ടവയത്രേ. ധര്‍മ്മാര്‍ത്ഥ കാമങ്ങള്‍ക്ക് അടിസ്ഥാനമാണ് രാജാവ്. പ്രജകളെ യഥാവിധി പരിരക്ഷിക്കാത്ത രാജാവ് കള്ളനാണ്. ജനങ്ങളില്‍നിന്ന് നികുതിപിരിക്കുന്നത് അവര്‍ക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനാണല്ലോ. മനു പറയുന്നത് ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ രാജാവ് മാതാവും, പിതാവും, ഗുരുവും, രക്ഷകനും, അഗ്നിയും, കുബേരനും, യമധര്‍മ്മനും എല്ലാമാണെന്നാണ്. തന്റെ പ്രജകള്‍ക്ക് ആനന്ദമയമായ ജീവിതം നല്‍കാന്‍ കഴിവുറ്റ രാജാവ് ഇഹലോകത്തിലും പരലോകത്തിലും സുഖം അനുഭവിക്കുന്നു. ഇത്രയും പറഞ്ഞ് പൂജനി എന്ന പക്ഷി നീലാകാശത്തേക്ക് പറന്നുപോയി.
Discussion about this post