ചെന്നൈ: നീലം കൊടുങ്കാറ്റില്‍പ്പെട്ട പ്രതിഭാ കാവേരിയെന്ന എണ്ണക്കപ്പലില്‍ നിന്നു കാണാതായ ആറു പേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ചെന്നൈ മെറീന ബീച്ച്, അഡയാര്‍ എന്നിവടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചെന്നൈ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
മൂന്ന് പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. കാണാതായവരില്‍ രണ്ടു മലയാളികളും ഉള്‍പ്പെടുന്നുണ്ട്. കാസര്‍ഗോഡ് ബദിയഡുക്ക പള്ളത്തടുക്കയിലെ കുഴിവേലില്‍ ഈപ്പച്ചന്‍ ജോസഫിന്റെ മകന്‍ ജോമോന്‍ ജോസഫ്(23), ഉദുമ അംബികാനഗറിലെ പുതിയപുരയില്‍ ചന്ദ്രശേഖരന്റെ മകന്‍ പി.സി. കൃഷ്ണചന്ദ്രന്‍(22) എന്നിവരെയാണു കാണാതായത്. കൊടുങ്കാറ്റില്‍പ്പെട്ടതിനെത്തുടര്‍ന്നു ദക്ഷിണ ചെന്നൈയിലെ ബസന്ത്നഗര്‍ കോളനിക്കടുത്തു മണലില്‍ ഉറയ്ക്കുകയായിരുന്നു പ്രതിഭാ കാവേരിയെന്ന എണ്ണക്കപ്പല്‍. കപ്പലില്‍ ക്യാപ്റ്റനുള്‍പ്പെടെ 37 പേരാണ് ഉണ്ടായിരുന്നത്.
Discussion about this post