തിരുവനന്തപുരം: അബുദാബി-കൊച്ചി എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചതായി സന്ദേശമയച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ പൈലറ്റ് രൂപാലി വാഗ്മെയറുടെ മൊഴിയെടുത്തു. രാവിലെ ഒന്‍പതരയോടെ വലിയതുറ പോലീസ് സ്‌റേഷനിലെത്തി ശംഖുമുഖം അസിസ്‌റന്റ് കമ്മീഷണര്‍ കെ.എസ്.വിമലിന് മുന്‍പാകെയാണ് രൂപാലി മൊഴി നല്‍കിയത്. കൊച്ചിയിലേക്കുള്ള വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയപ്പോഴായിരുന്നു സംഭവം. യാത്രക്കാര്‍ക്കെതിരേയാണ് രൂപാലി മൊഴി നല്‍കിയിരിക്കുന്നത്. യാത്രക്കാര്‍ കോക്പിറ്റിനകത്ത് കയറി തന്നോട് വിമാനം പറത്താന്‍ ആവശ്യപ്പെടുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി രൂപാലി മൊഴി നല്‍കി. നേരത്തെ വലിയതുറ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്ന വിധത്തിലാണ് ഇന്നും പൈലറ്റ് മൊഴി നല്‍കിയിരിക്കുന്നത്.
മുംബൈയില്‍ നിന്നാണ് പൈലറ്റ് രൂപാലി മൊഴി നല്‍കാന്‍ തിരുവനന്തപുരത്തെത്തിയത്. വിമാനം തിരികെ കൊച്ചിയിലേക്ക് പോകില്ലെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു വിമാനം റാഞ്ചാന്‍ ശ്രമിച്ചതായി പൈലറ്റ് സന്ദേശം നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ആറ് യാത്രക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. യാത്രക്കാരില്‍ നിന്നും എയര്‍ഇന്ത്യ ജീവനക്കാരില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
Discussion about this post