തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കാന്‍ ഇടപെട്ടതിന്റെ പേരില്‍ വിവരാവകാശ കമ്മീഷണര്‍ കെ. നടരാജനെ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തു. രാജ്ഭവന്‍ ഇത് സംബന്ധിച്ച പ്രത്യേകവിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെ തന്നെ ഉറപ്പായിരുന്ന ഇക്കാര്യത്തില്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. നടരാജനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടു ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് ഒപ്പിട്ട ഫയല്‍ ബാംഗളൂരില്‍നിന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി ഇന്നലെ രാത്രിയോടെ രാജ്ഭവനില്‍ എത്തിച്ചിരുന്നു.
നടരാജനെതിരായ അന്വേഷണറിപ്പോര്‍ട്ടും സര്‍ക്കാരിന്റെ ശിപാര്‍ശയും അടങ്ങുന്ന ഫയല്‍ ഗവര്‍ണര്‍ സുപ്രീംകോടതിക്കു റിപ്പോര്‍ട്ടായി കൈമാറും. ഭരണഘടനാപദവിയായ വിവരാവകാശ കമ്മീഷണറെ പുറത്താക്കാന്‍ സുപ്രീംകോടതിക്കു മാത്രമേ കഴിയൂ എന്നതിനാലാണു ഗവര്‍ണര്‍ സുപ്രീംകോടതിക്കു റിപ്പോര്‍ട്ട് നല്‍കുന്നത്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ബന്ധുവായ വിമുക്ത ഭടന്‍ ടി.കെ. സോമനു കാസര്‍ഗോഡ് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി ക്രമവിരുദ്ധമായി അനുവദിച്ചുവെന്ന കേസിലാണ് വി.എസിനെ രക്ഷിക്കാന്‍ കെ. നടരാജന്‍ ഇടപെട്ടത്. കേസന്വേഷിക്കുന്ന വിജിലന്‍സ് ഡിവൈഎസ്പി വി.ജി കുഞ്ഞനെ, മുന്‍ ഡിഐജി കൂടിയായ നടരാജന്‍ നിരന്തരം വിളിച്ചു കേസ് ഒതുക്കണമെന്നു സമ്മര്‍ദം ചെലുത്തിയതായി കണ്െടത്തിയിരുന്നു. ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായി വി.ജി കുഞ്ഞന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് എഡിജിപി ആര്‍. ശ്രീലേഖയാണ് അന്വേഷണം നടത്തിയത്.
വി.എസിന് വേണ്ടി നടരാജന്‍ ഇടപെട്ടതായി അന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടരാജനെ ഒഴിവാക്കാനുള്ള ശിപാര്‍ശയോടുകൂടി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. നടരാജന്‍ വിവരാവകാശ കമ്മീഷണറുടെ പദവി ദുര്‍വിനിയോഗം ചെയ്തതായും അദ്ദേഹത്തെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നുമായിരുന്നു സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്.
Discussion about this post