തിരുവനന്തപുരം: വിഎസ്ഡിപി പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്ന് വിഎസ്ഡിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
സിബിഎസ്‌ഇ ഒന്‍പതാം ക്ലാസ് പുസ്തകത്തില്‍ നാടാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ച പാഠഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ്ഡിപി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് രാജ്ഭവന് മുന്നില്‍ എത്തുന്നതിന് മുന്‍പേ പോലീസ് തടഞ്ഞിരുന്നു.
തുടര്‍ന്ന് പോലീസ് ബാരിക്കേഡ് മറികടന്ന് രാജ്ഭവനില്‍ പ്രവേശിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമം നടത്തിയതോടെയാണ് പോലീസ് ലാത്തിചാര്‍ജ് നടത്തിയത്. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. തുടര്‍ന്ന് പോലീസ് എട്ട് റൗണ്ട് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മണിക്കൂറുകളോളം രാജ്ഭവന് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടര്‍ന്നു.
Discussion about this post