ന്യൂഡല്‍ഹി: ആസിയാന്‍ – ഇന്ത്യ, ദക്ഷിണേഷ്യ ഉച്ചകോടികളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് യാത്രതിരിച്ചു. അസിയാന്‍ രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിലായിരിക്കും സന്ദര്‍ശനത്തിന്റെ ഊന്നല്‍. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉച്ചകോടി പ്രധാനമാണ്. വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘവും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളുടെ പ്രാദേശികതലത്തിലുള്ള സാമ്പത്തിക സഹകരണത്തിനും പുതിയ സാമ്പത്തിക സമൂഹം വാര്‍ത്തെടുക്കുന്നതിനും ഉച്ചകോടി സഹായിക്കുമെന്ന് പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആസിയാനുമായി സേവന, നിക്ഷേപ മേഖലകളില്‍ സ്വതന്ത്ര വ്യാപാരക്കരാറുകളുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ആസിയാന്‍ കൂട്ടായ്മയുമായി ചരക്കു വ്യാപാരത്തിന് ഇന്ത്യ നേരത്തേ സ്വതന്ത്ര വ്യാപാരക്കരാറിലേര്‍പ്പെട്ടിരുന്നു. ഉച്ചകോടികളോടനുബന്ധിച്ചു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ എന്നിവരുമായും മന്‍മോഹന്‍ സിംഗ കൂടിക്കാഴ്ച നടത്തിയേക്കും. ആസിയാന്‍ രാജ്യങ്ങളുടെ തന്ത്രപരവും വാണിജ്യപരവുമായ പ്രാധാന്യം തിരിച്ചറിഞ്ഞ യുഎസ് അടുത്തകാലത്ത് അവരുമായി അടുത്ത ബന്ധത്തിലാണ്.
Discussion about this post