ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ സര്‍ക്കാരിനെതിരേ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. സര്‍ക്കാരിനെ രക്ഷിക്കാനാണ് തൃണമൂല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അവിശ്വാസ പ്രമേയത്തെ ബിഎസ്പി, എസ്പി കക്ഷികള്‍ പിന്തുണയ്ക്കില്ലെന്ന് ഉറപ്പാണ്. ഇത്തരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ അവിശ്വാസ പ്രമേയം അതിജീവിക്കും. ഇത് സാമ്പത്തിക പരിഷ്കരണ പരിപാടികള്‍ തുടരാന്‍ യുപിഎ സര്‍ക്കാരിനെ സഹായിക്കുമെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. ഇതിനിടെ ജെഡിയു നേതാവ് ശരദ് യാദവ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ശനിയാഴ്ച കോല്‍ക്കത്തയില്‍ മമത വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി എംപിമാരുടെ യോഗത്തിന് ശേഷമാണ് മമത ഇക്കാര്യം അറിയിച്ചത്. അവിശ്വാസ പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് വീഴ്ത്തുകയാണ് ലക്ഷ്യമെന്നും മമത വ്യക്തമാക്കിയിരുന്നു. അവിശ്വാസത്തിന് പിന്തുണ തേടി സിപിഎം നേതൃത്വവുമായി സംസാരിക്കാന്‍ തയാറാണെന്നും മമത പറഞ്ഞു. നവംബര്‍ 22-നാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനമാണ് വരാന്‍ പോകുന്നത്. വിലക്കയറ്റം, ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം, അഴിമതി തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പാര്‍ലമെന്റ് സമ്മേളമം പ്രക്ഷുബ്ധമായേക്കും.
Discussion about this post