ന്യൂഡല്‍ഹി: അജ്മീര്‍ സ്ഫോടനക്കേസില്‍ ആര്‍എസ്‌എസിനെ വലിച്ചിഴക്കാനുള്ള ശ്രമത്തെ നിയമം അനുശാസിക്കുന്ന എല്ലാ വഴികളിലൂടെയും നേരിടുമെന്ന് ആര്‍എസ്‌എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി. ആര്‍എസ്‌എസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള തരംതാണ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ആര്‍എസ്‌എസ് ഭരണഘടനാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. വിദ്വേഷപ്രചാരണത്തിലൂടെയും കെട്ടിച്ചമച്ച കുറ്റാരോപണങ്ങളിലൂടെയും അതിനെ തകര്‍ക്കാമെന്ന വ്യാമോഹമാണ് ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
സമൂഹത്തില്‍ അച്ചടക്കവും ദേശഭക്തിയും വളര്‍ത്തി സമൃദ്ധവും സുശക്തവുമായ രാഷ്ട്രനിര്‍മാണമാണ് ആര്‍എസ്‌എസ് ലക്ഷ്യമിടുന്നത്. സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പൊതുജന പിന്തുണയുടെയും കരുത്തില്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ലക്ഷ്യപൂര്‍ത്തിയിലേക്ക് മുന്നേറാന്‍ സംഘപ്രവര്‍ത്തകര്‍ക്ക് കഴിയുമെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
രാജ്യത്ത് നടന്ന ചില സ്ഫോടനങ്ങളുടെ പേരില്‍ ആര്‍എസ്‌എസ് വിഭാഗ് പ്രചാരകായ ദേവേന്ദ്രഗുപ്തയെ അറസ്റ്റ് ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വവും അവരുടെ ഉപകരണങ്ങളായിത്തീര്‍ന്ന അന്വേഷണോദ്യോഗസ്ഥരും ആര്‍എസ്‌എസിനെതിരെ പ്രചാരണം ആരംഭിച്ചത്. ഒരുതരത്തിലുള്ള അക്രമത്തിലും ആര്‍എസ്‌എസ് വിശ്വസിക്കുന്നില്ല, ഒരു അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നുമില്ല. അന്വേഷണം സമഗ്രവും നീതിപൂര്‍വകവുമായിരിക്കണമെന്നും ഇക്കാര്യത്തില്‍ അന്വേഷണസംഘത്തോട് പൂര്‍ണമായ സഹകരണം സംഘപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും ആര്‍എസ്‌എസ് നേരത്തെ വ്യക്തമാക്കിയതാണ്. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ രാഷ്ട്രീയ യജമാനന്മാരേക്കാള്‍ അമിതാവേശം പ്രകടിപ്പിക്കുകയായിരുന്നു. കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരെ അപമാനിക്കാനും മാനസികമായും ശാരീരികമായും പീഡിപ്പിക്കാനുമാണ് അവര്‍ ശ്രമിച്ചത്.
രാജസ്ഥാന്‍ എടിഎസിന്റെ അന്വേഷണം ദുരുദ്ദേശ്യപൂര്‍ണമാണ്. നിഷ്പക്ഷ അന്വേഷണത്തെക്കുറിച്ചുള്ള പൊതുധാരണകളെ അവര്‍ അട്ടിമറിച്ചിരിക്കുന്നു. ആര്‍എസ്‌എസിന്റെ അഖിലഭാരതീയ കാര്യകാരി അംഗം കൂടിയായ ഇന്ദ്രേഷ്കുമാറിനെതിരെ നുണക്കഥകള്‍ മെനയുകയും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യാനാണ് അവര്‍ മുതിര്‍ന്നത്. ഒരു തെളിവും ചൂണ്ടിക്കാണിക്കാനില്ലാതിരുന്നിട്ടും അവര്‍ അദ്ദേഹത്തിന്റെ പേര് കുറ്റപത്രത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
Discussion about this post