തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ തീരുമാനം. നിലവില്‍ 30 ശതമാനം വിദ്യാര്‍ഥികളുടെ എന്‍റോള്‍മെന്‍േറ നടന്നിട്ടുള്ളൂ. ബാക്കിയുള്ളവരുടെ എന്‍റോള്‍മെന്‍റ് നടത്താന്‍ കെല്‍ട്രോള്‍, ഐടി@സ്‌കൂള്‍ എന്നിവയടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തി. ബാങ്കുകളും കുട്ടികളുടെ ആധാര്‍ നടത്താനായി മുന്നോട്ടുവന്നിട്ടുണ്ട്. അവരുടെ സേവനവും വിനിയോഗിക്കും.
അടുത്ത അധ്യയനവര്‍ഷം മുതല്‍ കുട്ടികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ആധാറുമായി ബന്ധിപ്പിച്ചായിരിക്കും നല്‍കുക. സ്‌കോളര്‍ഷിപ്പ്, ഗ്രാന്‍റ്, സര്‍ട്ടിഫിക്കറ്റ്, മത്സരങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയെല്ലാം ആധാര്‍വഴിയായിരിക്കും നല്‍കുക. ആധാര്‍ എടുക്കാത്ത കുട്ടികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകില്ല.
മാര്‍ച്ച് 31ന് മുമ്പ് എല്ലാ കുട്ടികള്‍ക്കും ആധാര്‍ ലഭ്യമാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാരും ഹെഡ്മാസ്റ്റര്‍മാരും മുന്‍കൈയെടുക്കണമെന്ന് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍കൂടിയ യോഗത്തിലാണ് ഈ തീരുമാനം.
Discussion about this post