
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനുവരി ഒന്നുമുതല്‍ റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിലുള്ള ഡോക്ടര്‍മാര്‍ക്ക് ഇതോടനുബന്ധിച്ച് നല്‍കിവന്ന നാലുദിവസത്തെ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റം റിസോഴ്‌സ് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും റഫറല്‍ ആക്കുന്നതിന്റെ ആദ്യഘട്ടമായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. പ്രാരംഭഘട്ടത്തില്‍ ഇവിടെ ജനറല്‍ മെഡിസിന്‍, ശിശുരോഗവിഭാഗം, ഗൈനക്കോളജി, അസ്ഥിരോഗചികിത്സാവിഭാഗം എന്നീ സ്‌പെഷ്യാലിറ്റികളാണ് റഫറല്‍ ആക്കുക. പിന്നീട് ഇത് മറ്റു സ്‌പെഷ്യാലിറ്റികളിലേക്കും വ്യാപിപ്പിക്കും. മെഡിക്കല്‍ കോളേജ് ആശുപത്രി റഫറല്‍ ആക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ചികിത്സാ കേന്ദ്രങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു വരികയാണ്. കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കുന്ന പ്രവര്‍ത്തനവും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.ഒ ഡോ. ടി. പീതാംബരന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന സമ്മേളനത്തില്‍ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി.കെ. ജഗദീശന്‍, ഡോ. ജി. രാജ്‌മോഹന്‍, ഡി.പി.എം. ഡോ. ബി. ഉണ്ണികൃഷ്ണന്‍, മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഡി. ഡാലസ് എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post