ന്യൂഡല്‍ഹി: പ്രമുഖ ബാഡ്‌മിന്റണ്‍ താരം സൈന നേവാളിന്റെ ബ്രാന്‍ഡ് മൂല്യം കുതിച്ചുയരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയതോടെ, കൂടുതല്‍ കമ്പനികള്‍ സൈനയെ തേടിയെത്തിയിരിക്കുകയാണ്. ലോക മൂന്നാം നമ്പര്‍ താരത്തെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്ലും രംഗത്തെത്തി. പ്രതിഫലം ഒരു കോടി രൂപ. ഇക്കഴിഞ്ഞ ആഗസ്തില്‍ ഒരു കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ 50 ലക്ഷം രൂപയായിരുന്നു ലഭിച്ചിരുന്നത്.
ജൂണില്‍ ഇന്ത്യന്‍ ഓപ്പണ്‍, സിംഗപ്പൂര്‍ ഓപ്പണ്‍, ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസുകള്‍ നേടി ഹാട്രിക് വിജയം സ്വന്തമാക്കിയതോടെയാണ് സൈനയുടെ ബ്രാന്‍ഡ് മൂല്യം ഉയരാന്‍ തുടങ്ങിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ കിരീടം കൂടിയായപ്പോള്‍ മൂല്യം ഒരു കോടിയിലെത്തുകയായിരുന്നു. ക്രിക്കറ്റര്‍മാരല്ലാത്ത സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും ഡിമാന്‍ഡ് ഉണ്ടെന്നത് സന്തോഷം നല്‍കുന്നുവെന്ന് സൈന പറയുന്നു.
നവംബറില്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞ് തിരിച്ചെത്തുന്നതോടെ എയര്‍ടെല്‍ പരസ്യങ്ങളുടെ ചിത്രീകരണം ആരംഭിക്കും. എ.ആര്‍.റഹ്മാന്‍, ഷാരൂഖ് ഖാന്‍, സച്ചിന്‍ ടെന്‍ടുല്‍ക്കല്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍ എന്നിവരാണ് നേരത്തെ എയര്‍ടെല്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ നിരയിലേക്കാണ് സൈനയും ഉയരുകയാണ്.
Discussion about this post