പുരാണങ്ങളിലൂടെ
ഭാഗം I – സന്ധ്യാദേവിയും ചാരിത്ര്യസംരക്ഷണവും
ഡോ. അദിതി
ബ്രഹ്മാവിന്റെ മാനസപുത്രിയായ സന്ധ്യ അടുത്തജന്മത്തില്‍ മേഘാതിഥിയുടെ പുത്രിയായി അരുന്ധതി എന്നപേരില്‍ പ്രസിദ്ധിയായിതീര്‍ന്നു. അവള്‍ വസിഷ്ഠനെ പതിയായി വരിച്ചു. സന്ധ്യ അരുന്ധതിയായതിന്റെ പിന്നില്‍ ഒരു കഥയുണ്ട്.
ഒരിക്കല്‍ സന്ധ്യയുടെ മനസ്സില്‍ കാമഭാവമുണ്ടായി. കാമന്റെ ഈ അതിക്രമത്തില്‍ മനംനൊന്ത സാധ്വിയായ അവള്‍ സ്വശരീരത്തെ അഗ്നിയില്‍ ആഹൂതിചെയ്യാന്‍ തീര്‍ച്ചയാക്കി. അവള്‍ ശപഥം ചെയ്തു. ‘ഇന്നുമുതല്‍ ഈ ഭൂമിയില്‍ ജനിക്കുന്ന ഒരു ശരീരിയും ജന്മമെടുത്ത ഉടന്‍തന്നെ കാമവലയത്തില്‍പ്പെട്ടുപോകരുത്. പ്രായപൂര്‍ത്തിയാകാത്ത ഒരുവളില്‍ ഇങ്ങനെ സംഭവിക്കരുത്. എന്ന വ്യവസ്ഥ ഞാന്‍ ചെയ്യും.’
പിന്നീട് അവള്‍ ചന്ദ്രഭാഗം എന്നുപേരുള്ള ഒരു ശ്രേഷ്ഠ പര്‍വ്വതത്തില്‍ ഘോരതപസ്സിനായി പുറപ്പെട്ടു. ഈ അവസരത്തില്‍ സന്ധ്യയെ തപസ്സിന് സഹായിക്കാന്‍ ബ്രഹ്മാവ് വസിഷ്ഠനെ നിയോഗിച്ചു. നിയോഗമനുസരിച്ച് തേജസ്സ്വിയായ ബ്രഹ്മചാരിയുടെ രൂപത്തില്‍ വസിഷ്ഠന്‍ സന്ധ്യയുടെ അടുത്തെത്തി. മാനസസരിസ്സിന് തുല്യമായ ഒരു തടാകം അവിടെ ഉണ്ടായിരുന്നു. തടാകതീരത്ത് ഇരുന്ന വസിഷ്ഠന്‍ സന്ധ്യയില്‍തന്നെ ദൃഷ്ടി പതിപ്പിച്ചു. സുന്ദരിയായ സന്ധ്യ ‘ബ്യഹല്ലോഹിതം’ എന്ന സരസ്സിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. വസിഷ്ഠന്‍ മെല്ലെ സന്ധ്യയോടു ചോദിച്ചു, ‘ ഭദ്രേ, ഭഗവതി എന്തിനാണ് വിജനമായ ഈ പര്‍വ്വതത്തില്‍ വന്നത്.? ആരുടെ ഓമനപുത്രിയാണ് നീ? ഇവിടെ എന്തുചെയ്യാനാണ് ആഗ്രഹിക്കുന്നത്.? മറച്ചുവക്കുവാന്‍ ഒന്നുമില്ലെങ്കില്‍ എന്നോടുപറയുക’. വസിഷ്ഠന്റെ വാക്കുകേട്ട് അവള്‍ അദ്ദേഹത്തെ ഒന്നുനോക്കി. ബ്രഹ്മചര്യം ദേഹഭാവം പൂണ്ടതുപോലെയുള്ള ആ കുമാരനില്‍ അഗ്നിസമാനമായ കാന്തി ഉണ്ടായിരുന്നു. അവള്‍ ആ തപോധനനെ ആദരപൂര്‍വ്വം നമസ്‌ക്കരിച്ചു. എന്നിട്ട് പറഞ്ഞു. ‘ ഹേ ബ്രാഹ്മണാ ഞാന്‍ ബ്രഹ്മദേവന്റെ പുത്രിയായ സന്ധ്യയാണ്. തപസ്സനുഷ്ഠിക്കാനാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. എനിക്ക് തപസ്സനുഷ്ഠിക്കേണ്ട രീതി അങ്ങ് പറഞ്ഞുതരിക. അങ്ങയില്‍നിന്ന് എനിക്ക് ഒന്നും ഒളിക്കുവാനില്ല. വാസ്തവത്തില്‍ തപോവിധികള്‍ അറിയാതെ ഞാന്‍ ദുഃഖിക്കുകയായിരുന്നു.
ത്രികാലജ്ഞനായ വസിഷ്ഠമുനി ശങ്കരസ്മരണയോടെ ഇപ്രകാരം അറിയിച്ചു. ‘ഹേ ശുഭാനനേ! നീ പരമാരാധ്യനും പരമാത്മസ്വരൂപനുമായ ഭഗവാന്‍ ശിവനെ നിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുക. ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളുടെ ആദികാരണമായ അദ്ദേഹത്തെ സ്തുതിക്കുക. ‘ഓം നമഃ ശങ്കരായ’ എന്നു മന്ത്രം ചൊല്ലി അനവരതം ദേവേശനെ സ്തുതിക്കുക. ഒരു തപസ്വി മൗനിയായിട്ടുവേണം കുളിക്കുവാന്‍ അപ്രകാരം മൗനം അവലംബിച്ചുതന്നെ പൂജയും നടത്തണം. വെള്ളംമാത്രം കുടിച്ചും ഉപവാസം അനുഷ്ഠിച്ചുംവേണം തപസ്സുചെയ്യുവാന്‍. ഇത്രയും ഉപദേശിച്ചശേഷം വസിഷ്ഠന്‍ അപ്രത്യക്ഷനായി’. വസിഷ്ഠന്റെ ഉപദേശമനുസരിച്ച് ബ്യഹല്ലോഹിത സരസ്സിന്റെ തീരത്ത് അവള്‍ തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി. നാലു യുഗങ്ങള്‍ കഴിഞ്ഞു. സന്തുഷ്ടനായ ശിവഭഗവാന്‍ അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ‘ മഹാദേവനോട് ഞാന്‍ എന്തുപറയും’? അദ്ദേഹത്തെ ഞാന്‍ എങ്ങനെ സ്തുതിക്കും? എങ്ങനെ ഉപചരിക്കും? എന്നിങ്ങനെയുള്ള ചിന്തയില്‍ നിമഗ്നയായ അവള്‍ ഒരുനിമിഷം കണ്ണടച്ചുപോയി. ആ അവസരത്തില്‍ ശിവന്‍ അവളുടെ ഹൃദയത്തില്‍ പ്രവേശിക്കുകയും അവള്‍ക്ക് ദിവ്യമായ ജ്ഞാനവും വാണിയും ദൃഷ്ടിയും കൊടുക്കുകയും ചെയ്തു. സന്തോഷത്താല്‍ മതിമറന്ന അവള്‍ കേശാദിപാദം മഹാദേവനെ സ്തുതിച്ചു. വല്‍ക്കലം ധരിച്ച് അസ്ഥിമാത്രാവശേഷയായി ജടപിടിച്ചമുടിയുമായി നിന്ന അവളില്‍ ആദ്ധ്യാത്മശോഭ തുളിമ്പിനിന്നു. ഭക്തവത്സലനായ ശിവന്‍ അവളോട് ഇപ്രകാരം ഇഷ്ടവരം ചോദിച്ചുകൊള്ളുവാന്‍ പറഞ്ഞു. തൊഴുകൈയോടെ അവള്‍ പറഞ്ഞു ‘ഞാന്‍ വരത്തിനു യോഗിയാണെങ്കില്‍ കാമത്തിന്റെ അതിക്രമത്തിനു ഇരയാകരുത്. കാമം ജനിപ്പിക്കത്തക്കവിധത്തില്‍ എന്റെ ദൃഷ്ടി ആരിലും പതിയരുത്. എന്റെ ഭാവിഭര്‍ത്താവുപോലും എന്റെ ഉത്തമസുഹൃത്തായിരുന്നാല്‍മതി. ഭര്‍ത്താവല്ലാത്ത ആരെങ്കിലും കാമവാസനയോടെ എന്നെ നോക്കിയാല്‍ അയാളിലെ പുരുഷത്വം നശിച്ച് അയാള്‍ നപുംസുകമായി പോകണം’ .
പ്രസന്നനായ ഭഗവാന്‍ അവളോടു പറഞ്ഞു ‘ഭദ്രേ നീ ആവശ്യപ്പെട്ടവരമെല്ലാം നാം തന്നിരിക്കുന്നു. പ്രാണികളില്‍ പ്രധാനമായും നാലവസ്ഥകള്‍ ഉണ്ട്. ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നിങ്ങനെ ഇതില്‍ മൂന്നാമത്തെ അവസ്ഥയില്‍ ജീവികള്‍ കാമാസ്ഥരാകാറുണ്ട്. ചിലപ്പോള്‍ രണ്ടാമത്തെ അവസ്ഥയുടെ അവസാനത്തിലും കാമിയാകാറുണ്ട്. നിന്റെ ഭര്‍ത്താവ് തപസ്സ്വിയും ദിവ്യരൂപ സമ്പന്നനുമായ ഒരു മഹര്‍ഷിയായിരിക്കും. അയാള്‍ നിന്നോടൊപ്പം ഏഴു കല്‍പം ജീവിച്ചിരിക്കും. അഗ്നിയില്‍ നിന്റെ ശരീരം ത്യജിക്കുമെന്നു നീ മുമ്പെ പ്രതിജ്ഞ ചെയ്തവളാണല്ലോ. അത് സഫലമാക്കാന്‍ നിനക്ക് ഞാനൊരുപായം പറഞ്ഞുതരാം. മേഘാതിഥി എന്ന മുനിവരന്‍ ഒരു യജ്ഞം നടത്തിക്കൊണ്ടിരിക്കുന്നു. നീ അവിടെപോയി ശരീരം ത്യജിക്കുക ഈ പര്‍വ്വതത്തിന്റെ മറുഭാഗത്തുള്ള ചന്ദ്രഭാഗ എന്ന നദിയുടെ തീരത്താണ് അദ്ദേഹം യജ്ഞം നടത്തിക്കൊണ്ടിരിക്കുന്നത്. ആ മുനിവരന് നിന്നെ കാണാന്‍ കഴിയുകയില്ല. അഗ്നിദേവന്‍ അവിടെ പൂര്‍ണ്ണരൂപത്തില്‍ ജ്വലിക്കുകയായിരിക്കും. അടുത്തജന്മത്തില്‍ നിനക്ക് ആരെയാണോ ഭര്‍ത്താവായി ലഭിക്കേണ്ടത് അദ്ദേഹത്തെ ധ്യാനിച്ചുവേണം അഗ്നിസമാധിപൂകാന്‍.
തനിക്ക് തപോനിയമങ്ങള്‍ ഉപദേശിച്ച് തന്ന വസിഷ്ഠനെ പതിയായി ചിന്തിച്ച് അവള്‍ അഗ്നിപ്രവേശനം ചെയ്തു. പുരോഡാഷ (യജ്ഞപ്രസാദ)മായ അവളുടെ ശരീരം പെട്ടെന്ന് കത്തിയെരിഞ്ഞു. അതിന്റെ ഗന്ധം നാലുപാടും പരന്നു. സ്വര്‍ണ്ണകാന്തിയുക്തമായ ആ ശരീരത്തെ ശിവന്റെ ആജ്്ഞ അനുസരിച്ച് ശുദ്ധമാക്കി സൂര്യമണ്ഡലത്തിലെത്തിച്ചു. സൂര്യഭഗവാന്‍ പിതൃക്കളെയും ദേവകളെയും തൃപ്തിപ്പെടുത്താന്‍വേണ്ടി അതിനെ രണ്ടായി ഭാഗിച്ച് തന്റെ രഥത്തിന്റെ രണ്ടുഭാഗത്തായി വച്ചു.
ആ ദിവ്യാംഗനയുടെ ശരീരത്തിന്റെ മുകള്‍ഭാഗം പ്രാതഃസന്ധ്യ (ഉഷസന്ധ്യ) ഇരവിന്റെയും പകലിന്റെ മദ്ധ്യയേയുള്ള സന്ധ്യയാണത്. ശരീരത്തിന്റെ കീഴ്ഭാഗം സായം സന്ധ്യയായി. അത് പകലിന്റെയും ഇരവിന്റെ മദ്ധ്യേയുള്ള സന്ധ്യയാണ്. സായം സന്ധ്യ പിതൃക്കളെ തൃപ്തരാക്കുന്നു. പ്രാതസന്ധ്യയാകട്ടെ ദേവകളെ പ്രസന്നരാക്കുന്നു. പരമദയാലുവായ മഹാദേവന്‍ അവളുടെ മനസ്സിനെയും പ്രാണനേയും ചേര്‍ത്ത് ഒരു ദിവ്യശരീരിയെ നിര്‍മ്മിച്ചു. മുനിയുടെ യജ്ഞം പരിസമാപ്തിയിലെത്തിയപ്പോള്‍ അഗ്നിയുടെ ജ്വാലയില്‍ സുവര്‍ണ്ണതേജോമയിയായ പുത്രിയുടെ രൂപത്തില്‍ അവള്‍ ഉയര്‍ന്നുവന്നു. അതിരറ്റ ആമോദത്തോടെ മുനിവരന്‍ ആ പുത്രിയെ സ്വീകരിച്ചു. വാത്സല്യപൂര്‍വ്വം അവളെ തന്റെ മടിയിലിരുത്തി. മുനി അവള്‍ക്ക് അരുന്ധതി എന്ന് പേരുകൊടുത്തു. മേഘാതിഥിയുടെ തപോഭൂമിയിലെ ആശ്രമത്തില്‍ അവള്‍ ക്രമേണ വളര്‍ന്നുവന്നു. യൗവ്വന യുക്തയായപ്പോള്‍ വസിഷ്ഠനുമായി അവളുടെ വിവാഹം നടത്തി. മേഘാതിഥിയുടെ ഈ പുത്രി പതിവ്രതകളില്‍ അതിശ്രേഷ്ഠയാകുന്നു. വസിഷ്ഠ അരുന്ധതി ദമ്പതികള്‍ക്ക് ശക്തി എന്ന സുപുത്രനുണ്ടായി.
അപക്വമായ പ്രായത്തില്‍ കാമന്റെ അതിക്രമത്തിനിരയായ എത്രയോ കന്യകമാരുടെ ജീവിതം അനവസരത്തില്‍ പൊലിഞ്ഞുപോയിട്ടുണ്ട്. സമൂഹമനസാക്ഷിയുടെ മുമ്പില്‍ ഈ കദനകഥകളെ എടുത്തുകാട്ടി നീതിയും സംരക്ഷണവും നേടാന്‍ എത്രപേര്‍ക്ക് കഴിഞ്ഞിട്ടുണ്ട്? ഇത്തരം കാര്യങ്ങളെ സഹിക്കുകയും പൊറുക്കുകയും ചെയ്യുന്നത് പുതിയ ഇരകളെ ഉണ്ടാക്കുവാനേ ഇടനല്‍കൂ. അന്യായമായ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച പൗരാണിക വനിതയാണ് സന്ധ്യ. ചെറുപ്രായത്തില്‍ തനിക്കു കേള്‍ക്കേണ്ടിവന്ന കാമപീഠനത്തില്‍നിന്ന് അവള്‍ തപസ്സനുഷ്ഠിച്ച് ഉയര്‍ത്തെഴുന്നേറ്റു എന്നതാണ് അഗ്നിപ്രവേശത്തിലൂടെ അവള്‍ പുനര്‍ജന്മം നേടി എന്ന കഥയിലെ പൊരുള്‍. ഇവിടെ അഗ്നി തപസ്സാണ്. തന്റെ അനുഭവം സ്ത്രീ സമൂഹത്തിനെതിരെയുള്ള വെല്ലുവിളിയായി അവള്‍കണ്ടു. ഈ ലോകത്ത് ഇനി ആര്‍ക്കും അതുണ്ടാകാതിരിക്കാനുള്ള ഒരു സംരക്ഷണവ്യവസ്ഥയ്ക്കുവേണ്ടി അവള്‍ നിലകൊണ്ടു. മഹാദേവനില്‍നിന്ന് അത് അവള്‍ നേടിയെടുക്കുകയും ചെയ്തു. വസിഷ്ഠനെ അവളുടെ ഭര്‍ത്താവാക്കിയ മഹാദേവന്‍ ഇത്തരം ദുരനുഭവങ്ങള്‍ക്ക് വിധേയയാവര്‍ക്ക് ഒരു പുതിയ ജീവിതം നല്‍കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു.
Discussion about this post