വിഗ്രഹേ രാമചന്ദ്രസ്യ വിലയീഭൂത ചേതസാ
‘അഹം ബ്രഹ്മേ’തി വേദാന്ത തത്ത്വബോധ സ്വരൂപിണേ
വിഭൂതി മാത്ര ദാനേന സര്‍വ്വാനുഗ്രഹ ദായിനേ
ശ്രീ നീലകണ്ഠ ശിഷ്യായ സത്യാനന്ദായ തേ നമഃ
ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി ആയിരുന്ന ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തിരുവടികളെക്കുറിച്ച് എഴുതിയ ഒരു ധ്യാനശ്ലോകമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ആശ്രമത്തില്‍ മുമ്പ് സ്വാമിജി നടത്തിയിട്ടുള്ള ശ്രീരാമപട്ടാഭിഷേകം നേരില്‍ കണ്ടിട്ടുള്ളവര്‍ക്കു മാത്രമേ, ഈ ശ്ലോകത്തിലെ ആദ്യരണ്ടു പാദങ്ങളുടെ ഭാവാര്‍ത്ഥം ശരിക്കും ഉള്‍ക്കൊള്ളാന്‍ കഴിയൂ. അഭിഷേകമുളള ദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്നുമണിക്കെഴുന്നേറ്റു കുളിച്ച് മണ്ഡപത്തിലെത്തി ഗുരുപൂജ നടത്തിയശേഷം ശ്രീകോവിലില്‍ പ്രവേശിച്ച് ശ്രീരാമ-സിതാ-ഹനുമദ് വിഗ്രഹത്തിനു മുന്നില്‍ ചമ്രം പടിഞ്ഞിരുന്ന് ആത്മാരാമ സങ്കല്പത്തില്‍ ലയിച്ചുചേര്‍ന്ന്, അദൈ്വത ഭാവത്തില്‍ ഇളനീരും, പനിനീരും, പുണ്യതീര്‍ത്ഥവും തന്റെ മാറിലേക്ക് അഭിഷേകം ചെയ്യുകയായിരുന്നു സ്വാമിജിയുടെ രീതി.
ഈ സങ്കല്പത്തിലാണ് ‘വിഗ്രഹേ രാമചന്ദ്രസ്യ വിലയീഭൂത ചേതസാ, ‘അഹം ബ്രഹ്മേ’തി വേദാന്ത തത്ത്വബോധസ്വരൂപിണേ’ എന്ന് എഴുതിയത്.
‘വിഗ്രഹം’ എന്ന വാക്കിന് വിശേഷേണ ഗ്രഹിച്ചു വച്ചിട്ടുള്ളത് എന്നാണ് അര്‍ത്ഥം. വിഗ്രഹ സങ്കല്പം കൂടാതെ വിശേഷേണ ഒന്നിനെയും അറിയുവാന്‍ സാധ്യമല്ല. വിഗ്രഹങ്ങള്‍ ഉപാധികളാണ്’. എന്ന സ്വാമിജിയുടെ വാക്കുകള്‍ ഇവിടെ സ്മരണീയമാണ്.
ശ്രീരാമചന്ദ്ര ഭഗവാന്റെ വിഗ്രഹത്തോടു ചേര്‍ന്നിരിക്കുമ്പോള്‍ ‘തത്ത്വമസി’, ‘അഹം ബ്രഹ്മാസ്മി’, ‘അയമാത്മാ ബ്രാഹ്മ’, ‘പ്രജ്ഞാനം ബ്രഹ്മ’ എന്നീ മഹാവാക്യങ്ങളുടെ തത്ത്വാര്‍ത്ഥത്തെ ബോധിപ്പിക്കുകയാണ് സ്വാമിജി ചെയ്യുന്നത്. ‘ജീവാത്മ പരമാത്മൈക്യം’ എന്ന അദൈ്വത വേദാന്ത സിദ്ധാന്തത്തിന്റെ പരമമായ പൊരുളാണ് നാം അതിലൂടെ മനസ്സിലാക്കേണ്ടത്.
‘വിഭൂതി’ എന്ന പദത്തിന് ‘ഭസ്മം’ എന്ന അര്‍ത്ഥത്തിനു പുറമേ ഐശ്വര്യം, ശക്തി, ധനം എന്നിങ്ങനെ നിരവധി അര്‍ത്ഥങ്ങളുണ്ട്. സ്വാമിജിയെ സന്ദര്‍ശിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ഐശ്വര്യവും സമ്പത്സമൃദ്ധിയുമല്ലാതെ മറ്റൊന്നും സ്വാമിജി നല്‍ക്യിട്ടില്ല. ഒരു നുള്ളു ‘ ചാമ്പല്‍’ (ഭസ്മം) നല്‍കുന്നതിലൂടെ (വിഭൂതി മാത്ര ദാനേന) സകല വിഭൂതികളും (എല്ലാവിധ ഐശ്വര്യങ്ങളും സമ്പത്സമൃദ്ധിയും) നല്‍കി സ്വാമിജി ഭക്തരെ അനുഗ്രഹിച്ചിരുന്നു.
‘ശ്രീരാമചന്ദ്രന്റെ വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്ന മനസ്സോടുകൂടി ‘ഞാന്‍ ബ്രഹ്മമാകുന്നു’ എന്ന അദൈ്വത വേദാന്ത തത്ത്വത്തെ ബോധിപ്പിച്ചുതരുന്നവനും, ഒരു നുള്ളും ‘ചാമ്പല്‍; (ഭസ്മം) നല്‍കുന്നതിലൂടെ സര്‍വ്വവിധമായ അനുഗ്രഹങ്ങളും നല്‍കുന്നവനും, ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ശിഷ്യോത്തമനുമായ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ക്കായി നമസ്‌കാരം’. ഇതാണ് ഈ ശ്ലോകത്തിന്റെ ഭാവാര്‍ത്ഥം.
ആപരമഗുരുവിന്റെ പാദപത്മങ്ങളില്‍ കോടി കോടി പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊള്ളുന്നു.
രചന, വ്യാഖ്യാനം, ആലാപനം – വട്ടപ്പാറ സോമശേഖരന്‍ നായര്‍ (ഫോണ്‍ : 9947388273)
Discussion about this post