പി.വി.കുറുപ്പ്
ശ്രീമദ് സ്വാമി സത്യാനന്ദ സരസ്വതി മലേഷ്യയില്‍ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി സിംഗപ്പൂരില്‍ ആയിരുന്നു വന്നത്. സിംഗപ്പൂര്‍ ഹിന്ദു സംഘത്തിന്റെ ക്ഷണം അനുസരിച്ചായിരുന്നു ശ്രീമദ് സ്വാമിജിയുടെ വരവ്. ഏഷ്യയിലെ എല്ലാ ഹിന്ദുധര്‍മ്മ സംഘടനകളിലേയും പ്രമുഖന്മാര്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. സിംഗപ്പൂര്‍ ഹോട്ടലില്‍ ഏഴുവേദികളിലായി 11 ദിവസത്തെ പരിപാടികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. സ്വാമി തൃപ്പാദങ്ങള്‍ മുഖ്യ അതിഥി ആയിരുന്നു. ഈ കാലങ്ങളില്‍ മലേഷ്യയില്‍ ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍-സൊസൈറ്റിയുടെ സദ്‌സംഘം സ്വാമിജിയുടെ അനുഗ്രഹ പ്രകാരം നടത്തി വന്നിരുന്നു. സ്വാമിജി സിംഗപ്പൂരില്‍ എത്തുന്നത് സംബന്ധിച്ച് ആശ്രമത്തില്‍ നിന്നും മലേഷ്യയിലേക്ക് വിവരമറിയിച്ചിരുന്നു. 1987 ഫെബ്രുവരിയിലാണ് സിംഗപ്പൂരില്‍ പ്രസ്തുത സമ്മേളനം നടത്തിയിരുന്നത്. മലേഷ്യയില്‍ നിന്നും ഞങ്ങള്‍ മൂന്നുപേര്‍ സിംഗപ്പൂരില്‍ പ്രസ്തുത സമ്മേളനം കാണുവാനും സ്വാമജിയെ മലേഷ്യയിലേക്ക് ക്ഷണിക്കുവാനും എത്തിച്ചേര്‍ന്നു. സ്വാമിജിയുടെ അനുവാദപ്രകാരം സ്വാമിജി താമസിച്ചിരുന്ന ഹോട്ടലിന്റെ അടുത്ത മുറിയില്‍ ഞങ്ങളും താമസിച്ചു.
സ്വാമി തൃപ്പാദങ്ങള്‍ പ്രസ്തുത ഹിന്ദു സമ്മേളനത്തില്‍ നാലു വേദികളിലാണ് പങ്കെടുക്കേണ്ടിയിരുന്നത് ഹിന്ദു എന്ന പദത്തിന്റെ നിര്‍വ്വചനം, ലോകം ഒരു കുടുംബം എന്ന മഹാവാക്യത്തിന്റെ വ്യാപ്തി കര്‍മ്മയോഗവും, കര്‍മ്മ സന്യാസയോഗവും, എന്നീ വിഷയങ്ങള്‍ ഘനഗംഭീരമായും, അതിമധുരമായും, സ്വാമിജി സംസാരിച്ചു. ഒരു വിഷയത്തിനു ഒരു മണിക്കൂര്‍ ആയിരുന്നു അനുവദിച്ചു കൊടുത്തതെങ്കിലും അനര്‍ഗ്ഗളം പ്രവഹിച്ചു കൊണ്ടിരുന്ന സ്വാമിജിയുടെ ശബ്ദധോരണിയില്‍ മുഴുകിയിരുന്ന സദസ്യര്‍ക്ക് സമയ നിബന്ധനയെപ്പറ്റി ചിന്തിക്കാന്‍പോലും അവസരം കിട്ടിയില്ല ശ്രീ വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിനു തുല്ല്യമായ പ്രഭാഷണമാണ് ഇവിടെ നടത്തിയതെന്നു സദസ്യര്‍ അഭിപ്രായപ്പെട്ടു.
ഈ പരിപാടിക്കുശേഷം സംഘാടകര്‍ സ്വാമിജിയെ ഇന്തോനേഷ്യയിലേക്ക് ക്ഷണിച്ചു എങ്കിലും സ്വാമിജി വിസമ്മതിക്കുകയും ഞങ്ങളുടെ കൂടെ മലേഷ്യയില്‍ വരുകയും ചെയ്തു. രണ്ടരമാസത്തോളം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഒന്‍പത് വേദികള്‍ സ്വാമിജിക്കായി സജ്ജമായിരുന്നു. ശ്രീരാമകൃഷ്ണ സൊസൈറ്റി – സറമ്പാല്‍, ശിവാനന്ദാശ്രമ ഭക്ത സംഘം, മലേഷ്യന്‍ യൂണിവേഴ്‌സിറ്റി, മലേഷ്യന്‍ ഹിന്ദു ധര്‍മ്മ സംഘം, ഹിന്ദു ക്ഷേത്ര പരിപാലന സംഘം, തിയോസഫിക്കല്‍ സൊസൈറ്റി എന്നീ സംഘടനകള്‍ പ്രസ്തുത വേദികള്‍ ഒരുക്കിയിരുന്നു.
ആര്‍ഷ ജ്ഞാനത്തിന്റെ പിരിവുകള്‍ സനാതന ധര്‍മ്മം എന്നീ വിഷയങ്ങളിലും മറ്റുമായി അതിഗഹനമായ വിധത്തില്‍ പ്രസംഗിച്ച് സ്വാമിജി സദസ്യരെ ഉത്‌ബോധരാക്കി.
ശ്രീമദ് സ്വാമി തൃപ്പാദങ്ങളുടെ തപോമഹിമ
പ്രസ്തുത കാലമത്രയും സ്വാമിജി താമസിച്ചിരുന്നത് ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സദ്‌സംഘ ക്ലാസ്സുകള്‍ നടത്തിയിരുന്ന കെട്ടിടത്തിലായിരുന്നു. മലേഷ്യയില്‍ കോലാലംപൂരിനടുത്തുള്ള കലാങ്ങ്‌സിറ്റിയില്‍ സൗത്ത് പാര്‍ക്കിലായിരുന്നു സ്ഥലം. എന്റെ വാസ സ്ഥലം അവിടെയായിരുന്നു.
- നമ്മുടെ സംഘടനയിലെ ഒരു ഭക്തന്‍ കാന്‍സര്‍ രോഗബാധിതയായിരുന്നു. രോഗം കുടലില്‍ ബാധിച്ചിരുന്നതിനാല്‍ ഉടന്‍ ഓപ്പറേഷന്‍ വേണമെന്നു ഡോക്ടര്‍മാര്‍ നിശ്ചയിച്ചു. ഈ വിവരം വളരെ സങ്കടത്തോടുകൂടി സ്വാമി തിരുവടികളെ അറിയിച്ചപ്പോള്‍ അദ്ദേഹം പുഞ്ചിരിയോടു കൂടി പറഞ്ഞു – ഓപ്പറേഷന്‍ ആവശ്യമില്ല. ഇതില്‍ അത്ര അത്ഭുതപ്പെടാനുമില്ല. പെട്ടെന്നു സുഖപ്പെടും. ശിരസ്സില്‍ കൈവച്ച് അനുഗ്രഹിക്കുകയും, വിഭൂതി പ്രസാദം കൊടുത്ത് ഏഴുനേരം രാവിലെ കഴിച്ചു അല്പം വെള്ളം കുടിച്ചുകൊള്ളുവാനും പറഞ്ഞു. പ്രസ്തുത രോഗി (ശ്രീദേവി ടീച്ചര്‍) ഓപ്പറേഷന്‍ നിശ്ചയിച്ച ദിവസം പോയില്ല. വേദന മുഴുവന്‍ മാറിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞതിനുശേഷം ഒന്നുകൂടി പരിശോധിക്കാന്‍ സ്വാമിപറഞ്ഞു. അവര്‍ പോയി പരിശോധിച്ചപ്പോള്‍ രോഗലക്ഷണം കണ്ടതേയില്ല. ഡോക്ടര്‍മാര്‍ അത്ഭുതപ്പെടുകയും കാരണം അന്വേഷിക്കുകയും ശ്രീദേവി പറഞ്ഞതനുസരിച്ച് ഡോക്ടര്‍മാര്‍ സ്വാമിജിയെ വന്നു കണ്ട് അനുഗ്രഹം വാങ്ങുകയുണ്ടായി.
- കലാങ്ങിനടുത്ത് പുനരുദ്ധാരണവും, പുനഃപ്രതിഷ്ഠയും നടത്തിയ ഒരു മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് സ്വാമി തൃപ്പാദങ്ങളെ ക്ഷണിച്ചുകൊണ്ടുപോയി. എന്തോ ചില അശുഭ ലക്ഷണങ്ങള്‍ അവിടെ കാണുന്നതായി പറഞ്ഞിരുന്നു. സ്വാമി ക്ഷേത്രാങ്കണത്തില്‍ എത്തിയ ഉടന്‍ കിണറ്റിന്റെ സമീപത്തേക്കാണു പോയത്. അല്പനേരം അവിടെ നിന്നതിനു ശേഷം, ക്ഷേത്രഭാരവാഹികളെ വിളിച്ച് ഉടനെ ക്ഷേത്ര കിണര്‍ വറ്റിക്കുവാന്‍ പറഞ്ഞു. കിണറ്റിനുള്ളില്‍ മൂന്നടി ആഴത്തില്‍ മണ്ണുമാറ്റി നോക്കിയാല്‍ മനുഷ്യന്റെ ശവശരീരാവശിഷ്ടം കിടപ്പുണ്ട്. അതിനെ മാറ്റി കിണര്‍ വിധിപ്രകാരം ശുദ്ധിചെയ്തതിനു ശേഷമേ വെള്ളം പൂജയ്‌ക്കെടുക്കുവാന്‍ പാടുള്ളൂ എന്ന് പറഞ്ഞ് ക്ഷേത്രത്തില്‍ പ്രവേശിക്കാതെ തിരിച്ചു പോന്നു. പിന്നീട് ക്ഷേത്ര സംഘാടകര്‍ സ്വാമി പറഞ്ഞതുപോലെ കിണറ്റിലെ വെള്ളം മാറ്റി, മണ്ണെടുത്ത് പരിശോധിച്ചപ്പോള്‍ തലയോടും എല്ലിന്‍ കഷ്ണങ്ങളും കണ്ട് വിസ്മയപ്പെട്ടു.
- മനോരോഗിയായിരുന്ന പഞ്ചാബി സ്ത്രീ (മിസ്സിസ്, ബസ്വന്ത് സിംഗ്) സ്വാമിജിയെ സന്ദര്‍ശിച്ചു. മിസ്റ്റര്‍ സിംഗ് ആര്‍മി ഓഫീസര്‍ ആയിരുന്നു. ഭാര്യയുടെ രോഗവിവരം സ്വാമിജിയെ വിനയപൂര്‍വ്വം അറിയിച്ചു. സ്വാമി തിരുവടികള്‍ അവരുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. ഏഴു പഴം വിഭൂതിയില്‍ പുരട്ടി, ഏഴുനേരമായി കഴിക്കുവാന്‍ പറഞ്ഞു. ഏഴുദിവസം കഴിഞ്ഞ് വീണ്ടും വന്ന് കാണുവാന്‍ പറഞ്ഞു. ഏഴു ദിവസം കഴിഞ്ഞുവന്നപ്പോള്‍ പ്രസ്തുത യുവതി സന്തോഷവതിയായി കാണപ്പെട്ടു. രോഗലക്ഷണങ്ങള്‍ എല്ലാം മറഞ്ഞു പോയിരുന്നു. ഇതേ തുടര്‍ന്ന് ധാരാളം ഭക്തജനങ്ങള്‍ സ്വാമിജിയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. ഇപ്രാവശ്യം സ്വാമി അന്‍പത്തൊന്നു ഭക്തന്‍മാര്‍ക്ക് മന്ത്രദീക്ഷ കൊടുക്കുകയും, രാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി മലേഷ്യയില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അനുവാദം നല്‍കുകയും ചെയ്തു.
തദനന്തരം സ്വാമിജി തല്‍ക്കാലം അദ്ദേഹത്തിന്റെ മലേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഭക്തി നര്‍ഭരമായ യാത്രയയപ്പോടുകൂടി നാട്ടിലേക്ക് മടങ്ങി.
സ്വാമി തിരുവടികള്‍ 1989 സെപ്തംബറില്‍ രാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ക്ഷണമനുസരിച്ച് 2-ാം തവണയും മലേഷ്യ സന്ദര്‍ശിച്ചു. ഈ കാലയളവില്‍ ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തു. സംസ്ഥനങ്ങളില്‍ (ക്ലാങ്ങ്, സറമ്പാന്‍, ഗിമ്മാസ്, സിഗാമെറ്റ്) ശാഖകള്‍ ആരംഭിക്കുകയും ചെയ്തു. കൂടാതെ സ്വാമിജി വരുന്നതിനു മുമ്പുതന്നെ ബ്രഹ്മചാരി ബ്രഹ്മചൈതന്യയെ (പൂര്‍വ്വാശ്രമം കൃഷ്ണന്‍ നമ്പൂതിരിപ്പാട്) ശ്രീ.സ്വാമി തിരുവടികള്‍ മലേഷ്യയിലേക്ക് അയച്ചിരുന്നു. ഞങ്ങളൊന്നിച്ച് ഭക്തന്മാരുടെ ഭവനവും മറ്റും സന്ദര്‍ശിക്കുകയും കോലാലംപൂരില്‍ പുതുതായി നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ശ്രീമദ് ബ്രഹ്മചാരി പ്രതിഷ്ഠ നടത്തുകയും ഉണ്ടായി. സൊസൈറ്റിയുടെ ആസ്ഥാനം വളരെ സൗകര്യമുള്ള മറ്റൊരു സ്ഥലത്തേക്ക് (നമ്പര്‍ 1 Good Wood ക്ലാങ്ങ്) മാറ്റിയിരുന്നു. അവിടെ വച്ച് ഗുരുപാദകം സ്ഥാപിച്ച് പൂജ, ഭജന, സത്സംഗം, പ്രഭാഷണം എന്നിവ നടത്തി. സ്വാമിജിയെ പ്രസ്തുത ഭവനത്തിലേക്ക് ആചാരപൂര്‍വ്വം അഭിവാദ്യം ചെയ്യുകയും, സ്വാമിജി ഭക്തജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. കുറച്ചു നേരം ധ്യാനനിരതനായ ശേഷം എന്തിനാണ് ഈ സ്ഥലം തിരഞ്ഞെടുത്തത് ഇവിടെ തലയില്ലാത്ത ആളുകള്‍ സഞ്ചരിക്കുന്നുണ്ടല്ലോ. ഈ കെട്ടിടം ശവകുടീരത്തിന്മേലാണല്ലോ നിര്‍മ്മിച്ചിട്ടുള്ളത്. ശരി നമുക്കു കൊള്ളാം. എന്നു പറഞ്ഞു. പിന്നീട് അന്വേഷിച്ചപ്പോള്‍ ജപ്പാന്‍ യുദ്ധകാലത്ത് അനവധി പട്ടാളക്കാരെ കൊന്നു തള്ളിവിട്ട ഒരു കുളമായിരുന്നു അതെന്നും അത് നിരത്തി അവിടെ വീട് നിര്‍മ്മിച്ചിട്ടുള്ളതെന്നും അറിഞ്ഞു.
ഈ സന്ദര്‍ശനത്തിലും ശ്രീമദ്.സ്വാമിജിയെ പല സംഘടനകളും സന്തോഷപൂര്‍വ്വം അവര്‍ സജ്ജമാക്കിയ വേദികളിലേക്ക് ക്ഷണിക്കുകയും വളരെ വിശദമായി ഹൈന്ദവ സംസ്‌കാരത്തെയും സംസ്‌കൃതിയെയും സംബന്ധിച്ച് ഉപനിഷത്ത്, ബ്രഹ്മസൂത്രം, ഗീത രാമായണം എന്നീ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയും അവിടെയെല്ലാം പ്രഭാഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് സ്വാമിജിയെ ദര്‍ശിക്കുവാന്‍ വന്നവരുടെ കൂട്ടത്തില്‍ ഡോ.ജിത്സിംഗ് സ്വാമിജിയെ ദര്‍ശിച്ച് താന്‍ അനവധി കാലമായി തലവേദന കാരണം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പല ചികിത്സകള്‍ ചെയ്തു പരാജയപ്പെട്ടിരിക്കുകയാണെന്നും, തന്നെ രക്ഷിക്കണമെന്നും സ്വാമിജിയോടു വ്യസന സമേതം അഭ്യര്‍ത്ഥിച്ചു. അല്പനേരം ആലോചിച്ചതിനുശേഷം സ്വാമിജി അദ്ദേഹത്തിന്റെ നെറ്റിയുടെ രണ്ടറ്റത്തും കൈവിരല്‍ കൊണ്ട് അമര്‍ത്തിപ്പിടിച്ച് കുറച്ചുനേരം തിരുമി കൊണ്ടിരുന്നു പിന്നീട് ശിരസ്സിലും വായിലും ഭസ്മം ഇട്ടു. അതിനുശേഷം പൊയിക്കൊള്ളുവാന്‍ പറഞ്ഞു. ഡോ.സിംഗിനു തലവേദന അനുഭവിക്കേണ്ടിവന്നില്ല. പിന്നീട് അവര്‍ കുടുംബസമേതം സ്വാമജിയെ വന്നു കണ്ടു നമസ്‌കരിച്ച് അനുഗ്രഹം വാങ്ങി.
ഇപ്രാവശ്യം സ്വാമിജി അന്‍പത്തൊന്നു ഭക്തന്മാര്‍ക്ക് വീണ്ടും മന്ത്രദീക്ഷ കൊടുക്കുകയും, അങ്ങനെ അവരെല്ലാം തന്നെ നമ്മുടെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മലേഷ്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചു വന്നതിനു രണ്ടുദിവസം മുന്‍പ് ശ്രീ.മഹേശ്വരി എന്ന യുവതി സ്വാമിജിയെ സന്ദര്‍ശിക്കുവാന്‍ വന്നു. നമസ്‌കരിച്ചതിനുശേഷം സ്വാമിജിയോട് പറഞ്ഞു. താന്‍ ശ്രീ സായിബാബ ഭക്ത സംഘത്തില്‍പ്പെട്ടവളാണെന്നും, മന്ത്രോപദേശത്തിനായി ശ്രീ ബാബയെ സമീപിച്ചപ്പോള്‍ എന്റെ പേരില്‍ ആദ്യനാമത്തില്‍ തുടങ്ങുന്ന സത്യ നാമത്തോടു കൂടിയ ഒരു മഹാത്മാവിനെ നിനക്ക് ദര്‍ശിക്കുവാന്‍ കഴിയുമെന്നും, നിന്റെ ആവശ്യം അദ്ദേഹത്തില്‍നിന്നും നിറവേറ്റാന്‍ സാധിക്കുമെന്നും പറഞ്ഞു. ഈ വിവരം കേട്ട സ്വാമിജി ഇപ്പോള്‍ മന്ത്ര ദീക്ഷ വേണ്ട ഇനി ഒരവസരത്തില്‍ ആലോചിക്കാം എന്നു പറഞ്ഞെങ്കിലും ശ്രീമതി സ്വാമിജിയുടെ കാലു പിടിച്ച് കരഞ്ഞപേക്ഷിച്ചു തനിക്ക് ഇപ്പോള്‍ തന്നെ മന്ത്രദീക്ഷ നല്‍കി അനുഗ്രഹിക്കണമെന്നും, ഇനിയും വൈകിക്കുന്നതു കഷ്ടമാണെന്നും പറഞ്ഞു. സ്വാമിജി വേണ്ട എന്നു നിര്‍ബന്ധിച്ചെങ്കിലും അവര്‍ വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോള്‍ ശരി തയ്യാറായികൊള്ളൂ. ഇത് വളരെ ഗൗരവമേറിയ വസ്തുതയാണ്. അതും ഈ സമയത്ത് വേണമെന്ന്് നിര്‍ബന്ധിക്കുന്നത്. എന്തുവന്നാലും സ്വീകരിക്കാമെന്ന് പൂര്‍ണ്ണ സമ്മതം ഉണ്ടായിരിക്കണം എന്നും പറഞ്ഞു. ഭക്ത സമ്മതിച്ച പ്രകാരം സ്വാമിജി മന്ത്രദീക്ഷ നല്‍കി അനുഗ്രഹിച്ചു. രണ്ടുദിവസം കഴിഞ്ഞ് സ്വാമിജിയും ഞാനും നാട്ടിലേക്ക് യാത്രതിരിച്ചു.
അനവധി ഭക്ത ജനങ്ങളും ശിഷ്യഗണങ്ങളും സ്വാമിജിയെ എയര്‍പോട്ടുവരെ അനുഗമിച്ചിരുന്നു. നാട്ടില്‍ വന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പ്രസ്തുത ശ്രീ. മഹേശ്വരി ഭഗവത്‌നാമമുച്ചരിച്ചുകൊണ്ട് പരലോക പ്രാപ്തയായ വിവരം ലഭിച്ചു. ദീക്ഷ മോക്ഷത്തിനുള്ളതായി പരിണമിച്ചു. മഹേശ്വരി മഹാഭാഗ്യവതിയായി.
ശ്രീമദ്: സ്വാമിയുടെ മലേഷ്യന്‍ സന്ദര്‍ശനത്തിലും പരിപാടികളിലും സന്തതസഹചാരിയാകുവാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചത് ശ്രീമദ്.സ്വാമിജി തൃപ്പാദങ്ങളുടെ അനുഗ്രഹം കൊണ്ടുമാത്രം ആയിരുന്നു. രാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ശാഖകള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നുണ്ട് എന്നു മാത്രമല്ല അവിടെ നിന്നും ഭക്തന്മാര്‍ വന്നു സ്വാമിജിയെ ദര്‍ശിച്ചു അനുഗ്രഹം വാങ്ങുന്നതും പതിവായിരുന്നു.
ഓം ശാന്തി ശാന്തി ശാന്തി
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
Discussion about this post