തൃശൂര്‍: ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ച കളിമണ്ണ് പ്രദര്‍ശിപ്പിക്കരുതെന്ന് മഹിളാ മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മനുഷ്യ സമൂഹം നാളിതുവരെ സംരക്ഷിച്ച സ്വകാര്യതയാണ് ശ്വേത മേനോന്‍ തകര്‍ത്തത്. സ്ത്രീസമൂഹത്തിന്റെ സ്വകാര്യത കവര്‍ന്ന് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ച ശ്വേതാ മേനോന്‍ സ്ത്രീ സമൂഹത്തിന് തന്നെ അപമാനമാണ്. സിനിമയുടെ പ്രദര്‍ശനം മഹിളാ മോര്‍ച്ച തടയുമെന്നും ശോഭാ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കളിമണ്ണ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനത്തിനെതിരെ ഫെഫ്ക രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മൂക്കുകയറിടാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ചുമതല ആരും നല്‍കിയിട്ടില്ലെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്. സിനിമ കാണും മുമ്പേ ശ്വേതയെ വിമര്‍ശിച്ച രാഷ്ട്രീയനേതാക്കളുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഫെഫ്ക അഭിപ്രായപ്പെട്ടു.
ബ്ലസിയുടെ സിനിമക്കായി ശ്വേതാ മേനോന്റെ പ്രസവരംഗം ചിത്രീകരിച്ചതിനെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, ജി സുധാകരന്‍ എംഎല്‍എ, അഡ്വ സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് സിനിമയ്‌ക്കെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്ത് വന്നത്. ഇതേസമയം സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ പ്രസ്താവനക്ക് എതിരെ സംഘടനക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.
Discussion about this post