പണ്ഡിതരത്‌നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍
നദി കടക്കാന്‍ ആഗ്രഹിക്കുന്നവനെ ഒരു തോണിപോലെ ഗുരു പ്രദാനം ചെയ്യുന്ന വിദ്യ ജീവികള്‍ക്ക് അനുഗ്രഹമായിതീരുന്നു.
ആചാരാടിസ്ഥാനങ്ങളോടുകൂടി യോഗ്യനായ ഗുരുവില്‍നിന്ന് സ്വീകരിക്കപ്പെടുന്ന വിദ്യയുടെ പ്രയോജനം വ്യക്തമാക്കുന്നതാണ് ഈ ദൃഷ്ടാന്തം.
വിദ്യാസന്തതിശ്ച പ്രാണ്യനുഗ്ര
ഹായഭവതി നൗരിവ നദിം തിതീര്‍ഷോഃ – ഉപദേശ സാനസ്രീ
ജ്ഞാനം ഉപദേശിച്ചുകൊടുക്കാന്‍ ഉള്ളതാണ്. യോഗ്യനായ ശിഷ്യന് ശ്രേഷ്ഠനായ ആചാര്യന്‍ അത് ഉപദേശിച്ചുകൊടുക്കുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് ഉപദേശിച്ചുകൊടുക്കുന്ന വിദ്യ ശ്രീ ശങ്കരന്റെ മതമനുസരിച്ച് അയാളെ സംസാരസാഗരത്തില്‍നിന്നും കരകയറ്റാനുള്ള തോണിയാണ്. ഈ ലോകത്ത് ഒരുവന്‍ ജന്മമെടുത്തുകഴിഞ്ഞാല്‍ അവന്‍ സംസാരസാഗരത്തില്‍പ്പെട്ടവനായി. പിന്നെ അത് തരണംചെയ്തുവേണം മോചനം നേടാന്‍. അപാരമായ നദികടക്കാന്‍ നല്ല തോണിവേണം. ഈ സംസാരസാഗരവും അപാരമാണ്. അതു കടന്നു മറുകര എത്തുക എളുപ്പമല്ല. സംസാരസാഗരത്തിലും ഹിംസ്ര ജന്തുക്കളുണ്ട്. ഏതവസരത്തിലും ആ ജന്തുക്കള്‍ അത് തരണം ചെയ്യാന്‍ ശ്രമിക്കുന്നവരെ വിഴുങ്ങി എന്നുവരാം. അതുകൊണ്ട് വളരെ സുരക്ഷിതമായ ഒരു തോണിയില്‍വേണം സംസാരസാഗരം കടക്കാനുള്ള പരിശ്രമം നടത്തേണ്ടത്. ശ്രീ ശങ്കരന്റെ അഭിപ്രായപ്രകാരം വിദ്യയാണല്ലോ സംസാരസാഗരം കടക്കുവാനുള്ള തോണി. അസൂയ, ദുരാഗ്രഹം, കാമം, ക്രോധം, മത്സരം എന്നിവയാണ് സംസാരസാഗരത്തിലെ ഹിംസ്ര ജന്തുക്കള്‍. ഇവ ഒരുവനെ ദര്‍ശിക്കാതിരിക്കണമെങ്കില്‍ അവന്‍ ജ്ഞാനവിഭൂഷണനായിരിക്കണം. അത്തരം വിദ്യകൊണ്ട് ലഭിക്കുന്നത് അപ്രകാരം വിദ്യകൊണ്ട് തരണം ചെയ്യേണ്ട സംസാരസാഗരത്തെ അത്യന്തം സുപരിചിതമായ നദീതരണ ദൃഷ്ടാന്തവുമായി സമന്വയിപ്പിച്ചാണ് ശ്രീ ശങ്കരന്‍ പറഞ്ഞുതരുന്നത്.
മറുകരകാണാന്‍ പറ്റാത്ത ഒരു നദി ഒരാള്‍ക്ക് കടക്കണം എന്നിരിക്കട്ടെ. അയാള്‍ എന്താണ് ചെയ്യുക? ഒരു നല്ല തോണിക്കാരന്റെയും തോണിയുടെയും സഹായം അയാള്‍ തേടും. നദി അഗാധമാണ്. അതില്‍ കുത്തൊഴുക്കുണ്ട്, ചുഴിയുണ്ട്, നക്രങ്ങളും ഉണ്ട്. അത്യന്തം സൂക്ഷിക്കേണ്ട കാര്യമാണ്. ഒന്നു വഴുതിയാല്‍ മതി വെള്ളത്തില്‍ വീണു മുങ്ങിചാകും. ഒരുപക്ഷേ അതിനുമുമ്പ് മുതലയുടേയോ ചീങ്കണ്ണിയുടേയോ വായില്‍ ആയെന്നും വരാം. അതുകൊണ്ട് നദികടക്കാന്‍ ശ്രമിക്കുന്ന ഒരുവന്‍ അത്യന്തം ശ്രദ്ധാലുവായിരിക്കണം. താന്‍ സഹായം തേടുന്ന വള്ളക്കാരന്റെ നദീതരണ സാമര്‍ത്ഥ്യം, വള്ളത്തിന്റെ അന്യൂനത, ഒഴുക്കിന്റെ ഗതി, കാലാവസ്ഥയുടെ സ്ഥിതി മുതലായവ അനുകൂലമാണെന്ന് ഉറപ്പുവരുത്തണം. വള്ളക്കാരന്റെ പിടിപ്പുകേടും വള്ളത്തിന്റെ ശോചനീയവസ്ഥയും കാലവസ്ഥയുടെ വിപരീതഭാവവുമെല്ലാം നദികടക്കാന്‍ ശ്രമിച്ച എത്രയെത്ര ആളുകളെയാണ് ഹനിച്ചിരിക്കുന്നത്. ജീവിതവും ഒരു പ്രക്ഷുബ്ധമായ കരകാണാപ്പുഴയാണ്. അത് തരണം ചെയ്യാന്‍ തുടങ്ങുന്ന ഒരുവന്‍ ഹിംസ്ര ജന്തുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന അത്യന്തം പ്രക്ഷുബ്ധമായ ഒരു നദിയെ വിപരീത കാലാവസ്ഥയെ കടക്കാന്‍ ശ്രമിക്കുമ്പോള്‍ കൈക്കൊള്ളേണ്ടതായ മുന്‍കരുതലുകള്‍ എടുത്തിരിക്കണം. എന്താണ് ജീവിതസാഗരം കടക്കുവാനുള്ള ആ മുന്‍കരുതലുകള്‍? അത്യന്തം അയോഗ്യനായ അമരക്കാരനു തുല്യമായ ഒരു ആചാര്യനെ കണ്ടെത്തണം. ഏറെ സുരക്ഷിതമായ തോണിക്ക് തുല്യമായ നിരാക്ഷേപമായ ജ്ഞാനം ഉള്‍ക്കൊള്ളണം. ആര്‍ജ്ജിച്ച ജ്ഞാനം കൊണ്ട് ഇന്ദ്രിയ നിഗ്രഹം നടത്തി നദിയിലെ ഹിംസ്ര ജന്തുക്കള്‍ക്ക് തുല്യമായ കാമക്രോധാദികളുടെ ഗ്രാസത്തില്‍നിന്ന് മോചിതരായിരിക്കണം. എങ്കില്‍ മാത്രമേ സംസാരസാഗരത്തിന്റെ മറുകരകടന്ന് പരമപുരുഷാര്‍ത്ഥമായ മോക്ഷം കരഗതമാകാന്‍ പറ്റുകയുള്ളൂ. ഈ ദൃഷ്ടാന്തത്തില്‍ വിജ്ഞാനത്തെ ഒരു തോണിയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഈ കാര്യങ്ങള്‍കൂടി നമ്മെ ധരിപ്പിക്കാന്‍ ശ്രീ ശങ്കരന്‍ ഉദ്ദേശിക്കുന്നുണ്ട്. ഒരു തോണി അതിന്റെ ഉടമസ്ഥന്മാത്രം യാത്ര ചെയ്യാനുള്ളതല്ലല്ലോ. അതുപോലെ വിജ്ഞാനം അതിന്റെ ഉടമ സ്വന്തം മുതലായി സൂക്ഷിച്ചുവയ്ക്കരുത്. അതാവശ്യക്കാരനു കൊടുക്കണം. അയാള്‍ അതുപോലെ വേറൊരു ആവശ്യക്കാരനും അതു കൊടുക്കണം. അപ്രകാരം അവിച്ഛേദമായ വിദ്യാസന്തതി പരമ്പരതന്നെ ഉണ്ടാകണം. അതു മൊത്തം പ്രാണിസമൂഹത്തിന്റെ അനുഗ്രഹത്തിനുവേണ്ടിയുള്ളതാണ്. ഇപ്രകാരം ആര്‍ജ്ജിത വിജ്ഞാനം ഒരു പൊതു സ്വത്താണെന്നും ശ്രേഷ്ഠനായ ആചാര്യന്‍ അമരക്കാരനെപ്പോലെയുള്ള ഒരു നിയന്താവാണെന്നും, ആചാര്യന്‍ തന്റെ ധര്‍മ്മം യോഗ്യമായ നിലയില്‍ നിര്‍വ്വഹിക്കണമെന്നും, വിനീതനായ ശിഷ്യന്‍ അതര്‍ഹമായ നിലയില്‍ ഉള്‍ക്കൊണ്ടിരിക്കണമെന്നും സംസാരസാഗരം കടന്ന് പരമപുരുഷാര്‍ത്ഥം ആര്‍ജ്ജിച്ചുകൊള്ളണമെന്നുള്ള കാര്യങ്ങള്‍ ഈ ദൃഷ്ടാന്തത്തില്‍ അടങ്ങിയിരിക്കുന്നു.
Discussion about this post