തിരുവനന്തപുരം: ഗുണ്ടകളെയും റൗഡികളെയും പ്രത്യേകമായി വേര്‍തിരിച്ചുള്ള ഗുണ്ടാ നിയമഭേദഗതിയില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ഗുണ്ട, റൌഡി എന്നിങ്ങനെ രണ്ടു വിഭാഗമായി സാമൂഹ്യവിരുദ്ധരെ വേര്‍തിരിക്കുന്നതും ഗുണ്ടാ ആക്ടില്‍ പിടിയിലാകുന്നവരുടെ കരുതല്‍ തടങ്കല്‍ കാലാവധി ഒരു വര്‍ഷമാക്കി ഉയര്‍ത്തുന്നതുമായ നിയമഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. അനധികൃത മണല്‍ കടത്തും സ്പിരിറ്റ് ഇടപാടും ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണു ഗുണ്ടകളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ളത്. കൂലിത്തല്ല്, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നവരെ റൗഡികളെന്നു കണക്കാക്കി നടപടി സ്വീകരിക്കും. തുടര്‍ച്ചയായി രണ്ടു കേസുകളില്‍പ്പെട്ടാല്‍ ഗുണ്ടകളെ തടവിലിടാം. മൂന്നു കേസുണ്ടാകുമ്പോഴേ റൌഡികളെ കരുതല്‍ തടങ്കലിലാക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ. കരുതല്‍ തടങ്കല്‍ കാലാവധി ഒരു വര്‍ഷമാക്കി ഉയര്‍ത്തിയതാണു പ്രധാന പരിഷ്കാരം.
നേരത്തേയുള്ള ഗുണ്ടാ ആക്ട് പ്രകാരം ആറു മാസം വരെ മാത്രമേ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കഴിയുമായിരുന്നുള്ളു. മജിസ്റീരിയല്‍ പദവിയുള്ള ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുണ്ടകളെ കരുതല്‍ തടങ്കലിലേക്ക് അയയ്ക്കാം. ജില്ലാ പോലീസ് മേധാവി റാങ്കിനു മുകളിലുള്ള ഓഫീസര്‍മാര്‍ക്കാണു ഗുണ്ടാപ്പട്ടിക നല്‍കാന്‍ അധികാരമുള്ളത്. 2007ല്‍ നിലവില്‍ വന്ന കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്ന ഗുണ്ടാപ്രവര്‍ത്തന നിരോധന നിയമത്തിലാണു ഭേദഗതി വരുത്തിയത്. നിയമം നിലവില്‍വന്ന കാലയളവില്‍ ഗുണ്ടകള്‍ പലരും തടങ്കല്‍ ഭയന്നു നാടുവിട്ടുപോയിരുന്നു. ഇപ്പോള്‍ പലരും കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അവസ്ഥയുണ്ട്. എഡിജിപി എ. ഹേമചന്ദ്രന്‍ ഇന്റലിജന്‍സ് മേധാവിയായിരിക്കേ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്. മുഖ്യമന്ത്രി ഒപ്പുവച്ച ഫയല്‍ ആഭ്യന്തരവകുപ്പിനു കൈമാറി.
Discussion about this post