തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയില്‍ കേരളത്തിന് അനുവദിച്ച 720 കിലോമീറ്റര്‍ റോഡിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് ഡിസംബര്‍ 15നു മുമ്പ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. നവംബര്‍ 28നു ചേര്‍ന്ന ഉന്നതതലയോഗം ഇതുസംബന്ധിച്ച പുരോഗതി വിലയിരുത്തി.
മേയ് 15 നാണ് 720 കിലോമീറ്റര്‍ റോഡ് അനുവദിച്ചതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തില്‍നിന്ന് അറിയിച്ചത്. നിലവിലുള്ള കോര്‍നെറ്റില്‍നിന്ന് അനുവദിച്ച റോഡിന്റെ ലിസ്റ് തയാറാക്കി എംപിമാരും എംഎല്‍എ മാരും അടങ്ങുന്ന ജില്ലാതല മോണിറ്ററിംഗ് സമിതിയില്‍ ചര്‍ച്ച ചെയ്ത് പ്രാഥമിക ലിസ്റ് അംഗീകരിച്ചിട്ടുണ്ട്. റോഡുകളുടെ ഘടന, മണ്ണിന്റെ സ്വഭാവരീതി, ട്രാഫിക്, കയറ്റം കുറയ്ക്കല്‍ എന്നിവ സംബന്ധിച്ച് വിശദമായ പഠനം നടത്തിയശേഷം പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. അറുപത് ശതമാനത്തോളം പദ്ധതികള്‍ അനുമതിക്കായി കേന്ദ്രം നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം സമര്‍പ്പിച്ചുകഴിഞ്ഞു.
കേന്ദ്രം നിയോഗിച്ച ചില ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാതിരുന്നതും പദ്ധതി വൈകാന്‍ കാരണമായിട്ടുണ്ട്. ഡിസംബര്‍ അഞ്ചിനുമുമ്പ് എല്ലാ പദ്ധതികളും അംഗീകാരത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കുകയും 15-നു മുമ്പായി കേന്ദ്രത്തിന് അന്തിമ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും.
Discussion about this post