പുരാണങ്ങളിലൂടെ ഭാഗം – 2
ദേവരാജന്റെ സദ്ഗതി
ഡോ. അദിതി
മഹാദേവമാഹാത്മ്യ ശ്രവണം പാപപങ്കം കഴുകികളയാന്‍ പര്യാപ്തമാണ്. എത്രപേരാണ് ഈ കലിയുഗത്തില്‍ ശിവകഥാശ്രവണംകൊണ്ട് പാപമോചിതരായത്. ദുരാചാരിയും ദുഷ്ടനും കാമക്രോധങ്ങളില്‍ മുഴുകിയവനും ശിവകഥാശ്രവണംകൊണ്ട് മുക്തിപ്രാപിച്ചിട്ടുണ്ട്. ഒരിക്കല്‍ കാട്ടാളന്മാരുടെ ഒരു നഗരത്തില്‍ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അയാള്‍ മദ്യം വില്‍ക്കുന്നവനും ധര്‍മ്മവിമുഖനുമായിരുന്നു. ഒരു നിത്യകര്‍മ്മവും അയാള്‍ അനുഷ്ഠിച്ചിരുന്നില്ല. അയാളുടെ പേര് ദേവരാജന്‍ എന്നായിരുന്നു. അയാള്‍ വിശ്വാസ ഘാതകനുമായിരുന്നു. പലരേയും ഹനിച്ച് അവരുടെ ധനം അയാള്‍ കൈക്കലാക്കിയിരുന്നു. ഇപ്രകാരം ലഭിക്കുന്ന ധനം വ്യഭിചാരത്തിനുംമറ്റുമായി അയാള്‍ ഉപയോഗിച്ചു. പിടിച്ചുപറിക്കുംമറ്റും പുതിയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ അലഞ്ഞുനടന്നിരുന്ന അയാള്‍ ഒരിക്കല്‍ യാദൃശ്ചികമായി പ്രതിഷ്ഠാനപുരം എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്ന് അവിടെ അയാള്‍ ഒരു ശിവക്ഷേത്രം കണ്ടു. അനേകം ശ്രേഷ്ഠ സന്യാസിമാര്‍ അവിടെ ഉണ്ടായിരുന്നു. അവിടെ തങ്ങാനുദ്ദേശിച്ച ദേവരാജന് ജ്വരംപിടിപെട്ടു. എഴുന്നേല്‍ക്കാന്‍ വയ്യാതെ അവിടെ കിടന്നു. ആ വേളയില്‍ ഒരു ബ്രാഹ്മണശ്രേഷ്ഠന്‍ പറഞ്ഞുകൊണ്ടിരുന്ന ശിവകഥകള്‍ അയാള്‍ കേള്‍ക്കാന്‍ ഇടയായി.
ഒരുമാസം കഴിഞ്ഞപ്പോള്‍ അയാള്‍ മരിച്ചു. യമകിങ്കരന്മാര്‍ എത്തി അയാളെ കാലപാശംകൊണ്ട് വരിഞ്ഞുകെട്ടി. യമപുരിയില്‍ കൊണ്ടുപോയി. ഇത്രയും ആയപ്പോഴെക്കും ശിവലോകത്തില്‍നിന്നും ഒരു ശിവപാര്‍ഷദന്‍ അവിടെ എത്തി. സ്വര്‍ണ്ണകാന്തിയുള്ള അയാളുടെ ശരീരം കത്തുന്ന കര്‍പ്പൂരംപോലെ ജ്വലിക്കുന്നുണ്ടായിരുന്നു. ത്രിശൂലധാരിയായ അദ്ദേഹം ഭസ്മഭൂഷിതനുമായിരുന്നു. കഴുത്തില്‍ രുദ്രാക്ഷമാല ശോഭിച്ചു. ക്രോധം ആളിക്കത്തിയിരുന്ന അദ്ദേഹം യമപുരിയിലെത്തി. യമരാജാവന്റെ ദൂതന്മാരെയെല്ലാം മര്‍ദ്ദിച്ച് നിലംപരിശരാക്കി. ദേവരാജനെ ബന്ധനത്തില്‍നിന്ന് മോചിപ്പിച്ച് ഒരു അത്ഭുത വിമാനത്തിലേറ്റി കൈലാസത്തിലേക്കുള്ള പുറപ്പാടായി. ഇത് യമപുരിയില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. ഈ കോലാഹലംകേട്ട് യമധര്‍മ്മന്‍ തന്റെ കൊട്ടാരത്തിനു പുറത്തുവന്നു. വേറൊരു രുദ്രനെന്നോണം അവിടെനിന്നിരുന്ന ശിവപാര്‍ഷദനെ യമരാജന്‍ യഥാവിധി പൂജിച്ചു ജ്ഞാനദൃഷ്ടികൊണ്ട് സംഭവങ്ങളെല്ലാം യമരാജന്‍ പൂര്‍ണ്ണമായും മനസ്സിലാക്കി. ഭയംകൊണ്ട് യമന്‍ ഒന്നും ചോദിച്ചില്ല. ആദരിച്ചും ഉപചരിച്ചും മാറിനിന്നു. പ്രസന്നനായ ശിവദൂതന്‍ ദേവരാജനെയും കൊണ്ട് കൈലാസത്തിലേക്ക് പോയി. കൈലാസത്തിലെത്തിയ ശിവദൂതന്‍ ദയാനിധിയായ പാര്‍വ്വതിസമേതനായ ശിവന്റെ സമക്ഷം ബ്രാഹ്മണനെ സമര്‍പ്പിച്ചു.
എത്ര ദുഷ്ടനും ദുരാചാരിയുമായിരുന്നിട്ടും ശിവകഥാശ്രവണമെന്ന പുണ്യം ചെയ്കയാല്‍ ശിവസായൂജ്യംമടയുവാന്‍ ദേവരാജനുകഴിഞ്ഞു. നാനാവിധ ഭക്തികളില്‍ ശ്രവണഭക്തികൊണ്ടുള്ള മോക്ഷമാണ് ഈ കഥയുടെ പൊരുള്‍.
എത്രയും ദുഷ്ടനായിരുന്ന ദേവരാജന്‍ ജീവിതാന്ത്യത്തില്‍ ശിവകഥാ ശ്രവണംകൊണ്ട് മുക്തനായെങ്കില്‍ ജീവതത്തിലെ ഒട്ടുമുക്കാല്‍ഭാഗവും ദുരാചാരിയായിരുന്നതുകൊണ്ട് അയാള്‍ക്ക് വലിയനഷ്ടമൊന്നും സംഭവിച്ചില്ലല്ലോ എന്നു തോന്നും. അത് ശരിയല്ല. ദുരാചാരിയായി കഴിഞ്ഞ കാലഘട്ടം മുഴുവന്‍ അയാള്‍ക്ക് സ്വാസ്ത്യം ഉണ്ടായിരുന്നില്ലെന്നത് സത്യം. അത് ദുഷ്‌കര്‍മ്മഫലമാണ്. രോഗാദുരതനായി എഴുന്നേല്‍ക്കാനാകാതെ ഭൂമിശായിയായിരുന്ന അയാള്‍ രോഗജന്യമായ വേദനയില്‍ നരകിക്കുകയായിരുന്നു. മരണമടഞ്ഞനിമിഷത്തില്‍ നിഷ്ഠൂരന്മാരായ യമകിങ്കരന്മാര്‍ കാലപാശംകൊണ്ട് വരിഞ്ഞുകെട്ടിയതിലൂടെ അയാള്‍ പിടഞ്ഞുമരിക്കുകയായിരുന്നു. കൂടാതെ ഭീതിജനകമായ യമലോകത്ത് ഹ്രസ്വകാലമെങ്കിലും കഴിയേണ്ടതായും വന്നു. ഇതെല്ലാംകൊണ്ട് അയാളിലെ പങ്കപ്പാട് കഴുകപ്പെട്ടിരുന്നു. ശിവകഥാശ്രവണം അയാള്‍ക്ക് മോക്ഷവും കൊടുത്തു. അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും പാപകര്‍മ്മത്തില്‍ ഏര്‍പ്പെട്ടുപോയവനായാലും പശ്ചാത്താപപൂര്‍വ്വം ആദ്ധ്യാത്മികപ്രഭാഷണും പാരായണങ്ങളും ശ്രവിച്ചാല്‍ സദ്ഗതിവരുമെന്ന ഗുണപാഠം ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.
Discussion about this post