ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാളിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. രാവിലെ പത്ത് മണി മുതല്‍ ന്യൂഡല്‍ഹി ജനപഥിലെ അഞ്ചാം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകീട്ട് മൂന്നരയോടെ ജഗ്ജീവന്‍ റാമിന്റെ സ്മാരകമായ സമതാസ്ഥലിന് സമീപമാണ് സംസ്‌കാരം.
ഗുജ്‌റാളിന്റെ മരണത്തില്‍ അനുശോചിച്ച കേന്ദ്രമന്ത്രിസഭ രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു ഗുജ്‌റാളിന്റെ അന്ത്യം.
രാജ്യത്തെ 12ാമത് പ്രധാനമന്ത്രിയായിരുന്നു ഗുജ്‌റാള്‍. 1997 ഏപ്രില്‍ 21 മുതല്‍ 1998 മാര്‍ച്ച് 19 വരെയായിരുന്നു ഗുജ്‌റാള്‍ പ്രധാനമന്ത്രിയായിരുന്നത്. പാര്‍ലമെന്ററികാര്യ മന്ത്രിയായും വാര്‍ത്താവിനിമയ മന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1975ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരില്‍ വാര്‍ത്താ വിനിമയ മന്ത്രിയായിരുന്നു.
ഗുജ്‌റാള്‍ റഷ്യയിലെ ഇന്ത്യയുടെ സ്ഥാനപതിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ കെ ഗുജ്‌റാള്‍ എന്ന ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ 1919 ഡിസംബര്‍ 4ന് പാക് പഞ്ചാബിലെ ഛലം എന്ന നഗരത്തില്‍ ജനിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് 1942ല്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. ‘മാറ്റേഴ്‌സ് ഓഫ് ഡിസ്‌ക്രീഷന്‍’ എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്.
Discussion about this post