കൊച്ചി: കൊച്ചി മെട്രോയ്ക്ക് ജാപ്പനീസ് സാങ്കേതിവിദ്യ ഉപയോഗിക്കാമെന്ന് ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സി (ജെയ്ക) സംഘം അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി (കെഎംആര്‍എല്‍) നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ട്. പദ്ധതിയില്‍ ഡിഎംആര്‍സിക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നും സംഘം വിലയിരുത്തി. കെഎംആര്‍എല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ജെയ്ക അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി നടപ്പാക്കുന്നതിന് ഡിഎംആര്‍സിയുടെ സഹകരണം വളരെ പ്രധാനപ്പെട്ടതാണ്. ഡല്‍ഹി മെട്രോ നിര്‍മ്മാണത്തിലൂടെ ഡിഎംആര്‍സിക്ക് മുന്‍ പരിചയമുണ്ട്.
ജപ്പാനില്‍ നിന്ന് സാമ്പത്തിക സഹായ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന ധനമന്ത്രാലയമാണെന്നും ജെയ്ക അധികൃതര്‍ അറിയിച്ചു. പദ്ധതിക്കായി ജപ്പാനില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കെഎംആര്‍എല്‍ എംഡി യോഗത്തിന് ശേഷം പറഞ്ഞു. ജപ്പാനിലെ മിത്സുബിഷി റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് തകേഷി ഫുകയാമയുടെ നേതൃത്വത്തിലുള്ള 13 അംഗ വസ്തുതാപഠനസംഘമാണ് കെഎംആര്‍എല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയത്. സംഘം വെള്ളിയാഴ്ച നിര്‍ദിഷ്ട മെട്രോ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ആലുവ മുട്ടത്തു നിന്നാണു സന്ദര്‍ശനം ആരംഭിച്ചത്. മുട്ടം യാഡ്, ഇടപ്പള്ളി, കലൂര്‍ സ്റേഡിയം, എറണാകുളം നോര്‍ത്ത്, മാധവ ഫാര്‍മസി, വൈറ്റില ഹബ്, പേട്ട എന്നിവിടങ്ങളിലും പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൌകര്യവികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സലിംരാജന്‍ റോഡിലെ മേല്‍പ്പാല നിര്‍മാണസ്ഥലത്തും സംഘം സന്ദര്‍ശനം നടത്തി.
കെഎസ്ആര്‍ടിസി ഗാരേജിനു സമീപം മോണോപൈല്‍ പരീക്ഷണ നിര്‍മാണം നടക്കുന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു. കൊച്ചി മെട്രോയ്ക്കായി നടത്തിയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും റെയില്‍പാത കടന്നുപോകുന്ന പ്രദേശങ്ങളും നേരില്‍കണ്ട് വസ്തുതാശേഖരണം നടത്താനായിരുന്നു സന്ദര്‍ശനം. ജെയ്ക സംഘത്തില്‍ ഇന്ത്യക്കാരായ രണ്ടു കണ്‍സള്‍ട്ടന്റുമാരുമുണ്ട്. തിങ്കളാഴ്ച സംഘം മടങ്ങും. ജെയ്കയുടെ പ്രാഥമിക സംഘമാണിത്. പരിശോധനക്കായി രണ്ടു സംഘങ്ങള്‍ കൂടി പിന്നീട് വരും. കൊല്‍ക്കത്ത, ഡല്‍ഹി, ബാംഗളൂര്‍, ചെന്നൈ എന്നീ മെട്രോകള്‍ക്കു ജെയ്ക സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
Discussion about this post