കോഴിക്കോട്: യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ വെട്ടിക്കൊന്ന കേസ് ക്രൈംബ്രാഞ്ച് പുനരന്വേഷിക്കും. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് മേധാവി വിന്‍സെന്‍ എം.പോള്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഡിവൈ.എസ്.പി. എ.പി. ഷൗക്കത്തലിക്കാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്.
ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഘത്തില്‍പ്പെട്ട ടി.കെ.രജീഷ് ചോദ്യം ചെയ്യലിനിടെ പോലീസിന് നല്‍കിയ മൊഴിയില്‍ താന്‍ ഉള്‍പ്പെട്ട സംഘമാണ് ജയകൃഷ്ണനെ വധിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. രജീഷിന്റെ കുറ്റസമ്മതമാണ് ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണത്തിലേക്ക് വഴിതെളിച്ചത്.
ജയകൃഷ്ണനെ വെട്ടിക്കൊന്ന സംഘത്തില്‍ തനിക്ക് ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ മാത്രമേ പിടിക്കപ്പെട്ടുള്ളൂവെന്നും രജീഷ് വെളിപ്പെടുത്തിയിരുന്നു. അച്ചാരുപറമ്പത്ത് പ്രദീപനായിരുന്നു അത്. വിക്രമന്‍, അനില്‍കുമാര്‍ അഥവാ അനൂട്ടി, പ്രഭുലാല്‍, മനോഹരന്‍, സുജിത്, നാസര്‍ അഥവാ ഗോഡൗണ്‍ നാസര്‍, മധു അഥവാ പഞ്ചാര മധു, ഷാജി, സന്തോഷ്, രാഘവന്‍, ബാലന്‍ എന്നിവരുടെ പേരുകളാണ് രജീഷ് പോലീസിനോട് പറഞ്ഞത്. ഇവരെക്കൂടാതെ വാഹനം ഓടിക്കാനും മറ്റും സഹായികളായി മൂന്നുപേര്‍ കൂടി ഒപ്പമുണ്ടായിരുന്നുവെന്നാണ് മൊഴി.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന കെ.ടി. ജയകൃഷ്ണനെ 1999 ഡിസംബര്‍ ഒന്നിന് രാവിലെ പത്തരയ്ക്ക് കണ്ണൂര്‍ ജില്ലയിലെ ഈസ്റ്റ് മൊകേരി സ്‌കൂളിലെ ക്ലാസ് മുറിയില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.
Discussion about this post