തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത് പ്രതികാര നടപടിയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ അഴിമതിക്കെതിരെ താന്‍ പോരാട്ടം നടത്തുന്നതിന്റെ പ്രതികാരമാണിതെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കെതിരേ താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം നേരിടുന്നതിനും മറച്ചുവെയ്ക്കുന്നതിനും അതില്‍ നിന്ന് തടിതപ്പുന്നതിനും വേണ്ടിയാണ് സര്‍ക്കാരിന്റെ ശ്രമം. ഇത്തരത്തിലുള്ള എല്ലാ തട്ടിപ്പുതന്ത്രങ്ങളും നേരിട്ടുകൊണ്ടാണ് അഴിമതിക്കാരും ജനദ്രോഹികളുമായ ഭരണാധികാരികളുടെ ദുര്‍നയങ്ങള്‍ക്കെതിരേ തങ്ങള്‍ പോരാടുന്നതെന്നും ആ പോരാട്ടം തുടരുമെന്നും വി.എസ് പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കെ വി.എസ് വിമുക്തഭടന്‍മാര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള പദ്ധതിയില്‍പെടുത്തി ബന്ധുവായ ടി.കെ സോമന് കാസര്‍ഗോഡ് 2.33 ഏക്കര്‍ ഭൂമി അനുവദിച്ചതാണ് കേസിനാധാരമായ സംഭവം. പ്രഥമദൃഷ്ട്യാ ഫയലുകളില്‍ ക്രമക്കേടുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് യുഡിഎഫ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്. കേസില്‍ വി.എസിനെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വക്കം ജി. ശശീന്ദ്രന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശിപാര്‍ശ ചെയ്യുന്ന ഫയല്‍ ആഭ്യന്തരസെക്രട്ടറി സാജന്‍ പീറ്റര്‍ ഒപ്പിട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വി.എസിന്റെ പ്രതികരണം.
നേരത്തെ വി.എസിനെ പ്രതിയാക്കാന്‍ തെളിവില്ലെന്ന് കാണിച്ച് വിജിലന്‍സ് അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസര്‍ ഒ. ശശി വിജിലന്‍സിന് നിയമോപദേശം നല്‍കിയിരുന്നു. ഈ നിയമോപദേശം തള്ളി കോഴിക്കോട് വിജിലന്‍സ് എസ്പി ഹബീബ് റഹ്മാന്‍ ഫയല്‍ വിജിലന്‍സ് ആസ്ഥാനത്തേക്ക് അയയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സിന്റെ നിയമോപദേശം തേടിയത്.
Discussion about this post