തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും തന്നെ മാറ്റുന്നതിന് ഗൂഢാലോചന നടന്നെന്ന പരാമര്‍ശത്തില്‍ വിഎസ്സ് പ്രതികരിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റാന്‍ പാര്‍ട്ടി ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് വിഎസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് സംശയിക്കത്തക്കവിധത്തില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സ്ഥാനത്തു നിന്ന് തന്നെ മാറ്റാന്‍ വേണ്ടിയാണ് ഭുമിദാനക്കേസെന്നും തന്നെ മാറ്റി പകരം മറ്റൊരാളെ അവരോധിക്കാന്‍ ശ്രമം നടന്നെന്നുമായിരുന്നു വിഎസ്സിന്റെ പ്രസ്താവന. ഗൂഢശ്രമത്തിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭൂമിദാനക്കേസ് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയോട് പ്രതികരിക്കവെയായിരുന്നു വിഎസ്സിന്റെ ആരോപണം. എന്നാല്‍ വിഎസ്സിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നത് അവരല്ലെന്നും പാര്‍ട്ടിയാണെന്നുമായിരുന്നു വിഎസ്സിനുള്ള പിണറായിയുടെ മറുപടി.
Discussion about this post