തിരുവനന്തപുരം: സപ്ളൈകോ വിപണന കേന്ദ്രങ്ങളിലൂടെ 35 കിലോഗ്രാം അരി എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കുമെന്നു ഭക്ഷ്യ- സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം (ഒഎംഎസ്എസ്) പ്രകാരം അനുവദിച്ച അരിയായിരിക്കും ഇതിനു പ്രയോജനപ്പെടുത്തുക. ഇതുവഴി സാധാരണയിനം പുഴുക്കലരി കിലോഗ്രാമിന് 20.50 രൂപ നിരക്കില്‍ ലഭിക്കും. ഇതോടൊപ്പം 16, 19, 21 രൂപ നിരക്കിലുള്ള അരി തുടര്‍ന്നും ലഭിക്കും. ആദ്യഘട്ടമായി 5000 ടണ്‍ ഒഎംഎസ്എസ് അരി ഏറ്റെടുത്തു വിതരണം ചെയ്യാന്‍ സപ്ളൈകോയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു റേഷന്‍ കടകള്‍ വഴി ഒഎംഎസ്എസ് നിരക്കില്‍ 10 കിലോഗ്രാം അരി കൂടുതലായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. സ്കൂളുകള്‍, ആശുപത്രികള്‍, പെര്‍മിറ്റുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവയുടെ ആവശ്യം പരിശോധിച്ച്, നല്‍കേണ്ട അരിയുടെ അളവ് സിവില്‍ സപ്ളൈസ് ഡയറക്ടര്‍ നിശ്ചയിച്ചു നല്‍കും. ത്രിവേണി, കണ്‍സ്യൂമര്‍ഫെഡ് സ്റ്റോറുകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഒഎംഎസ്എസ് അരി പൊതുവിതരണത്തിനു വിട്ടുനല്‍കുന്നതിനും തീരുമാനി ച്ചിട്ടുണ്ട്.
Discussion about this post