ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികമായ വ്യാഴാഴ്ച നടപ്പാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ശേഷം തീരുമാനമെടുക്കാമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. മുംബൈ ഭീകരാക്രമണക്കേസില്‍ അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പിലാക്കിയതോടെയാണ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്കായി ആവശ്യം ശക്തമായത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ 11ാം വാര്‍ഷികമായ വ്യാഴാഴ്ച തന്നെ ശിക്ഷ നടപ്പിലാക്കണമെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ഇരകളോട് ആദരവ് പ്രകടിപ്പിക്കാന്‍ ഇതിലും ഉചിതമായ അവസരമില്ലെന്നും ബിജെപി വാദിക്കുന്നു. 2004ലാണ് അഫ്‌സല്‍ ഗുരുവിന് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയ്‌ക്കെതിരെ അഫ്‌സല്‍ ഗുരു നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിനു ശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു.
Discussion about this post