തിരുവനന്തപുരം: മരുന്നുവിതരണ രംഗത്തെ ആശാസ്യമല്ലാത്ത പ്രവണതകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മരുന്നുകളുടെ വിലയിലും ഗുണനിലവാരത്തിലും ഇടപെടും. ബ്രാന്‍ഡ് നെയിം വച്ച് ഇരട്ടിവില ഈടാക്കുന്ന കമ്പനിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. നിരോധിച്ച മരുന്നുകളും ഗുണനിലവാരമില്ലാത്ത മരുന്നുകളും വന്‍തോതില്‍ വിപണിയിലെത്തുന്നതായി ഭരണ- പ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ പറഞ്ഞു.
സംസ്ഥാനത്തു മരുന്നുമാഫിയയാണു നിലനില്‍ക്കുന്നതെന്ന പി.സി. വിഷ്ണുനാഥിന്റെ പരാമര്‍ശവും ബഹളത്തിനിടയാക്കി. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപിയില്‍ മരുന്നുകള്‍ കെട്ടിക്കിടക്കുകയാണെന്നു ബാബു എം.പാലിശേരി പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നു മരുന്നു വാങ്ങുന്നതിന് എന്താണു തടസമെന്നു സ്പീക്കര്‍ ചോദിച്ചു. സംസ്ഥാനത്തു മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനു നാലു ലാബുകള്‍ തുടങ്ങും. കോന്നി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ലാബുകള്‍ തുറക്കുമെന്നും ജനറിക് മെഡിസിന്‍ സൌജന്യമായി കൊടുത്തുതുടങ്ങിയിട്ടുണ്െടന്നും മന്ത്രി പറഞ്ഞു.
റെയില്‍വേയുമായി ബന്ധപ്പെട്ടു ടൂറിസം പദ്ധതികള്‍ നടപ്പാക്കുമെന്നു മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. ഇതു സംബന്ധിച്ചു ചര്‍ച്ച തുടരുകയാണ്. ജനശതാബ്ദി, മാവേലി ട്രെയിനുകളുടെ ഒരു ബോഗിവീതമെടുത്ത് ടൂറിസം വികസനം ലക്ഷ്യമിട്ടുകൊണ്ട് സാധാരണക്കാരനു യാത്രചെയ്യുന്നതിനുള്ള സൌകര്യമൊരുക്കുന്നതാണ് ഇതിലൊന്ന്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം റെയില്‍വേ സ്റേഷനുകളില്‍ ടൂറിസം ലോഞ്ചുകള്‍ സ്ഥാപിക്കും. ആലപ്പുഴ, ബേക്കല്‍ റെയില്‍വേ സ്റേഷനുകള്‍ ടൂറിസം സ്റേഷനുകളാക്കി മാറ്റും.
പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ സീപ്ളെയിന്‍ പദ്ധതി ജനുവരി 31-നകം ആരംഭിക്കും. മൂന്നാറിലെ ടൂറിസം സാധ്യതകള്‍ കണ്െടത്തി പ്രോത്സാഹിപ്പിക്കും. നിള പൈതൃക പദ്ധതിക്കായി മാസ്റര്‍പ്ളാന്‍ തയാറാക്കിവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമല കേന്ദ്രീകരിച്ചു ഗൂഢാലോചന നടക്കുന്നതായ ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പിയെ ചുമതലപ്പെടുത്തിയതായി മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ശബരിമലയിലെ ലേലനടപടികള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് കമ്മീഷണര്‍ കെ. ജയകുമാറിന്റെ റിപ്പോര്‍ട്ട് ലഭിച്ചു. ലേലനടപടികള്‍ സുതാര്യമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ ലേലത്തുകയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
ലേല നടപടികളില്‍ പങ്കെടുക്കാന്‍ ആളെത്താത്തതിനെത്തുടര്‍ന്ന് നാലു പ്രാവശ്യം ലേല നടപടികള്‍ മാറ്റിവച്ചിരുന്നു. ഇതുസംബന്ധിച്ചുയര്‍ന്ന ആക്ഷേപങ്ങള്‍ യുക്തമായ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ബോര്‍ഡിനു കത്തു നല്‍കിയിട്ടുണ്ട്. ബോര്‍ഡിന്റെ ഓഡിറ്റ് വിഭാഗവും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിക്കു സമര്‍പ്പിക്കും.
ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണു ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ശബരിമലയില്‍ വിതരണംചെയ്ത ഉണ്ണിയപ്പത്തില്‍ വിഷാംശമുണ്ടായിരുന്നതായി ലാബുകളില്‍ നടത്തിയ പരിശോധനകളിലും കണ്െടത്താനായിട്ടില്ല. സിഎഫ്ആര്‍ഡി ലാബിലെ പരിശോധനയില്‍ വിഷാംശം കലര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പുല്ലുമേട്-കോഴിക്കാനം റോഡ് അടുത്ത തീര്‍ഥാടന സീസണു മുന്‍പു ഗതാഗത യോഗ്യമാക്കുമെന്നും ഇ.എസ്. ബിജിമോള്‍, സി.ദിവാകരന്‍, കെ.രാജു, വി. ശശി എന്നിവരെ മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചിട്ടി കമ്പനികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനു ഡിജിപിക്കു നിര്‍ദേശം നല്‍കിയിട്ടുണ്െടന്നു ധനമന്ത്രി കെ.എം. മാണി, പി. തിലോത്തമനെ അറിയിച്ചു. അനധികൃത ചിട്ടിക്കമ്പനികളെ സംബന്ധിച്ച് ഇന്റലിജന്‍സ് എഡിജിപി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലകളിലെ രജിസ്ട്രാറോട് ചിട്ടിക്കമ്പനികള്‍ പരിശോധിക്കുന്നതിനും നിയമം ലംഘിച്ചിട്ടുള്ളവരുടെ പേരില്‍ നടപടി സ്വീകരിക്കുന്നതിനും പുതുതായി അനധികൃത ചിട്ടിക്കമ്പനികള്‍ തുടങ്ങുന്നതു തടയാനും ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 61 കമ്പനികളുടെ ചിട്ടികളാണ് രജിസ്റര്‍ ചെയ്തിട്ടുള്ളത്.
ഭൂവിനിയോഗ നിയമത്തിനുള്ള കരടുബില്‍ നിയമവകുപ്പ് തയാറാക്കിയിട്ടില്ലെന്നു കെ.വി അബ്ദുല്‍ഖാദറിനെ മന്ത്രി കെ.എം. മാണി അറിയിച്ചു. എമേര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ടു പോളിസി ഇനിഷ്യേറ്റീവ്സ് ആന്‍ഡ് ലീഗല്‍ ചേഞ്ചസ് സംബന്ധിച്ചു രൂപീകരിച്ച കമ്മിറ്റി മുന്‍ നിയമ പരിഷ്കരണ കമ്മിറ്റി സര്‍ക്കാരിനു ശിപാര്‍ശ ചെയ്തിരുന്ന ഭൂവിനിയോഗത്തെ സംബന്ധിച്ചു കരട് ബില്‍ റവന്യുവകുപ്പിനും കൃഷിവകുപ്പിനും അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി അയച്ചുകൊടുത്തിട്ടുണ്െടന്നും മന്ത്രി പറഞ്ഞു.
Discussion about this post