ന്യൂഡല്‍ഹി: ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വിവരാവകാശനിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെ അനുകൂലിക്കുന്നുവെന്ന് സുപ്രീം കോടതി മുന്‍ ചീഫ്ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനുമായ കെ.ജി. ബാലകൃഷ്ണന്‍ പറഞ്ഞു. വിവരാവകാശനിയമത്തെപ്പറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്രട്ടേറിയറ്റ് ട്രെയിനിങ് ആന്‍ഡ് മാനേജ്‌മെന്റ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിയാനുള്ള അവകാശംപോലെ പ്രധാനമാണ് സ്വകാര്യതയ്ക്കുള്ള അവകാശമെന്നും പഴുതുകള്‍ ഉപയോഗിച്ച് വിവരാവകാശനിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിവരാവകാശനിയമത്തിന്റെ പരിധിയില്‍ പെടില്ല എന്ന് വാദിക്കുന്ന വ്യക്തിയാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍. വിവരാവകാശനിയമം നിലവിലുള്ള അമ്പതിലേറെ രാജ്യങ്ങളില്‍ ജുഡീഷ്യറിയെ പൂര്‍ണമായും ഇതിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഈ നിയമം സ്വകാര്യതയ്ക്ക് വിഘാതം വരുത്തുന്നുവെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അത് ഗൗരവമായി കണക്കാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post