പണ്ഡിതരത്നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍
ഏറ്റവും യോഗ്യനായ ഒരു ആചാര്യന്റെ സ്വരൂപത്തെയാണ് ശ്രീശങ്കരന്‍ ഈ ഉദാഹരണത്തിലൂടെ അവതരിപ്പിക്കുന്നത്.
‘ആചാര്യ ദേവോ ഭവ’
ആചാര്യന്‍ സാക്ഷാല്‍ ഈശ്വരനാണ് എന്നത് സനാതന സംസ്‌കാരത്തിന്റെ അകംപൊരുളുകളിലൊന്നാണ്.
നിരിന്ധന ഇവാനല:
വിവേകചൂഢാമണി – 33
‘അകം കണ്ണു തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം’ എന്നാണ് നമ്മുടെ വിശ്വാസം. വിവേകപൂര്‍വ്വം ഈ ലോകം കാണുന്നതിനും, ലൗകീക ജീവിതം നയിക്കുന്നതിനും അതു യോഗ്യമായ നിലയില്‍ അനുഭവിക്കുന്നതിനുമുള്ള അകം കണ്ണുതുറപ്പിച്ചുതരുന്നത് മഹാനായ ആചാര്യന്‍ തന്നെയാണ്. ആദിത്യന്‍ പുറംകണ്ണുമാത്രമേ തുറപ്പിക്കുന്നുള്ളൂ. ആചാര്യ ശബ്ദത്തിന് സമസ്ത ആചാരങ്ങളും ഗ്രഹിപ്പിച്ചുതരുന്ന ആള്‍ എന്നാണര്‍ത്ഥം. അതുകൊണ്ടു യോഗ്യമായ നിലയില്‍ ജീവിതം നയിക്കുന്നതിന് ഓരോരുത്തരും അവനവന് ഇണങ്ങുന്ന ഒരു ആചാര്യന്റെ ഉപദേശം തേടിക്കൊള്ളണം. യോഗ്യനും സമര്‍ത്ഥനുമായ ഒരാചാര്യനെ കിട്ടിയാല്‍ അതു ജീവിതവിജയത്തിന്റെ ചുവടു ഉറപ്പിച്ചതായി വിവേകചൂഢാമണിയിലെ പ്രസ്തുത ഉദാഹരണം ശ്രീ ശങ്കരഭഗവത് പാദരുടെ ആചാര്യസങ്കല്പത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.
ഗംഭീരമായ പാണ്ഡിത്യം പവിത്രമായ അന്തഃക്കരണം, ഇനി ഒന്നിനേയും ഉള്‍ക്കൊള്ളാനുമില്ല ത്യജിക്കാനുമില്ല എന്ന ബുദ്ധി ആചാര്യനുണ്ടായിരിക്കണം. ഇപ്രകാരം സനാതന ധര്‍മ്മ സങ്കല്പത്തിലെ ആചാര്യര്‍ അറിവിന്റെ ഒരു നിറകുടം തന്നെയാണ്. ആചാര്യന്റെ ഈ തികവാര്‍ന്ന ഈ യോഗ്യതയെ ആണ് അഗ്നിയുടെ ദൃഷ്ടി വെളിവാക്കിത്തരുന്നത്.
വിറകു മുതലായവയെ (ഇന്ധനം) തന്നിലേക്ക് ആവാഹിച്ചെടുക്കുന്നത് അഗ്നിയുടെ സ്വഭാവമാണ്. തന്റെ വലയത്തിലുള്ള ഒന്നിനെയും അതു ഉള്‍ക്കൊള്ളാതെ വിടുകയില്ല. വഹ്നിയുടെ സ്വാംശീകരണ സ്വഭാവം ഇന്ധനങ്ങള്‍ നിശ്ശേഷം തീരുന്നതുവരെ തുടരുകതന്നെ ചെയ്യും. ഇടതടവില്ലാതെ തുടരുന്ന ഈ പ്രവര്‍ത്തിക്കും ഒരന്ത്യമുണ്ട്. സ്വാംശീകരിക്കുവാന്‍ അണുമാത്രംപോലും ഇന്ധനം ഇനി ബാക്കിയില്ല എന്നനിലയിലെത്തുന്നതാണ് ആ അവസ്ഥ. ഇവിടെ അഗ്നിക്കും ഇന്ധനത്തിനും (വിറകിനും) തമ്മലുണ്ടായിരുന്ന സ്വാംശീകരിക്കുന്നവന്‍ (ഭോക്താവ്) സ്വാംശീകരിക്കപ്പെടുന്നത് (ഭോക്താവ്യം) സ്വാംശീകരണം(ഭോഗം) എന്നതെല്ലാം ഇല്ലാതാകുന്നു. ഇത് മുമ്പ് സൂചിപ്പിച്ചതുപോലെ ഉള്‍ക്കൊള്ളാവുന്നിടത്തോളം ഉള്‍ക്കൊണ്ടതിനുശേഷമുള്ള ത്യജിക്കാനോ ഗ്രഹിക്കാനോ ഇനി ഒന്നുമില്ലാത്ത സമദൃഷ്ടിയുടെ ഒരു ഭാവംകൂടിയാണ് അതായത് ഇന്ധനം മുഴുവന്‍ ഉള്‍ക്കൊണ്ട് ഇനി ഒന്നും ഉള്‍ക്കൊള്ളാന്‍ അവശേഷിച്ചിട്ടില്ലാത്ത വഹ്നിയുടെ ഭാവം ഉള്‍ക്കൊണ്ടവന്‍ ആയിരിക്കണം ആചാര്യന്‍.
ഈ ദൃഷ്ടാന്തത്തില്‍ വഹ്നി ആചാര്യന്റെ പ്രതീകം തന്നെ. ആളിക്കത്തുന്ന തീ ഇന്ധനം മുഴുവന്‍ തീര്‍ന്നുകഴിയുമ്പോള്‍ ശാന്തമാകുന്നതുപോലെ സമസ്ത വിജ്ഞാനവും ഉള്‍ക്കൊണ്ട ആചാര്യന്‍ ശാന്തചിത്തനായിതീരുന്നു. സമചിത്തതയുടെ ഉടമയായി തീരുന്നു. ഈ തരത്തില്‍പ്പെട്ട വ്യക്തിയെയാണ് ശ്രീശങ്കരന്‍ ആചാര്യപദത്തിന് അര്‍ഹനായി കാണുന്നത്.
അദ്ധ്യാപകവൃത്തി ഉപമാര്‍ഗ്ഗവും രാഷ്ട്രീയം, കച്ചവടം, റബ്ബര്‍വളര്‍ത്തല്‍ എന്നിവ മുഖ്യപ്രവര്‍ത്തിയുമായി കഴിയുന്ന അദ്ധ്യാപകര്‍ ഇന്നുണ്ട്. ശങ്കരാചാര്യരുടെ സനാതനമായ അദ്ധ്യാപകസങ്കല്പത്തില്‍ നിന്ന് അവര്‍ എത്രയോ അകലെയാണ്. ശമ്പളത്തിനുവേണ്ടി മാത്രം അദ്ധ്യാപകവൃത്തിയിലേര്‍പ്പെടുന്നവര്‍ അദ്ധ്യാപകരല്ല. കാളിദാസന്‍ പറഞ്ഞിട്ടുണ്ട് വിദ്യാഭ്യാസകച്ചവടക്കാരായിട്ടാണ് കാളിദാസന്‍ കണ്ടിരുന്നത്.
യോഗ്യനായ വിജ്ഞാന ദാതാവിനെ പ്രകൃതദൃഷ്ടാന്തത്തിലൂടെ ശ്രീശങ്കരന്‍ വെളിവാക്കുകയാണ് ചെയ്തിരിക്കുന്നത്. സമസ്ത ജ്ഞാനവും ഉള്‍ക്കൊണ്ട ശേഷം അദ്ധ്യാപനത്തിലൂടെ സമൂഹത്തെ ഉദ്ധരിക്കുന്നത് ജീവിതദൗത്യമായി സ്വീകരിച്ചതുതന്നെയാണ്. യഥാര്‍ത്ഥ ആചാര്യന്മാര്‍. അവര്‍ക്കു സനാതന സംസ്‌കാരം നല്‍കിയ ബിരുദമാണ് ആചാര്യദേവന്‍. ആചാര്യദേവോ ഭവ – ആചാര്യന്‍ ഈശ്വരനാണ്.
Discussion about this post