ന്യൂഡല്‍ഹി: ദേശീയപതാകയെയും ഭരണഘടനയെയും അപമാനിച്ച കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ഒമ്പത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുമായി ബന്ധപ്പെട്ടാണ് തീരുമാനം.
കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിയിന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോടും മറുപടി നല്‍കാന്‍ ഹര്‍ജിക്കാരോടും ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
2007 ജൂണ്‍മാസത്തില്‍ കൊരട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രചാരണജാഥയ്ക്ക് സ്വീകരണം നല്‍കിയപ്പോള്‍ ദേശീയപതാക പാര്‍ട്ടിപതാകയായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് കുന്നംകുളം പോലീസ് കേസെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൊരട്ടിക്കര വാഴപ്പിള്ളിവീട്ടില്‍ ജോസഫ് ചാലിശ്ശേരി, കുന്നംകുളം കുഞ്ഞാലി നാലകത്ത് വീട്ടില്‍ എന്‍.കെ. അലി, തിപ്പിലശ്ശേരി കുരുതോലയില്‍ വീട്ടില്‍ കെ. വിശ്വംഭരന്‍, പെരുമ്പിലാവ് പാലിരഞ്ജലയില്‍ വീട്ടില്‍ എ.പി. മുഹമ്മദ് അലി, കൊട്ടിക്കര പാണിശ്ശേരി വീട്ടില്‍ പി.കെ. ദേവദാസ്, കൊരട്ടിക്കര ലക്ഷ്മിനിവാസില്‍ കെ.വി. സജീഷ്, കെ.വി. പ്രദീപ്കുമാര്‍, മുല്ലപ്പള്ളി വീട്ടില്‍ എം. പ്രശാന്ത്, ആച്ചിയത്ത് വീട്ടില്‍ എ.എസ്. സുരേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. സംഭവം നടന്ന് ഏഴുദിവസത്തിനുശേഷം കമറുദ്ദീന്‍ എന്നൊരാള്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്സെടുത്തത്. 1971-ലെ ദേശീയപതാക നിയമത്തിന്റെ രണ്ടാംവകുപ്പ് പ്രകാരമായിരുന്നു കേസ്. ആഗസ്തില്‍ പോലീസ് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി പരാതിയില്‍ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടി. ഇതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രത്യേകാനുമതിഹര്‍ജി പോലീസ് നടപടി രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമാണെന്ന് കുറ്റപ്പെടുത്തുന്നു. ദേശീയപതാക കത്തിക്കുകയോ വികൃതമാക്കുകയോ നശിപ്പിക്കുകയോ ചവിട്ടുകയോ ചെയ്തിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. സജിത് പി.വാര്യര്‍, സര്‍ക്കാറിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. ജി. പ്രകാശ് എന്നിവരും ഹാജരായി.
Discussion about this post