ന്യൂഡല്‍ഹി: നൂറ്റിഇരുപത് കോടി ജനങ്ങളും മികച്ച സാമ്പത്തികവളര്‍ച്ചയും-ഇന്ത്യന്‍വിപണിയുടെ ഈ സാധ്യതയാണ് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം. കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയുടെ കമ്പോളം തുറന്നുകിട്ടുകയാണ് പ്രസിഡന്റിന്റെ പ്രധാനലക്ഷ്യമെന്ന് പറഞ്ഞിരിക്കുന്നത് ഇടതുപക്ഷമല്ല, അമേരിക്കയുടെ ഉന്നതോദ്യോഗസ്ഥര്‍ തന്നെയാണ്. സ്വകാര്യ വാണിജ്യ-വ്യവസായ സംരംഭങ്ങളുടെ 200 മേധാവിമാരാണ് ഒബാമയുടെ സംഘത്തിലുള്ളത്.
കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി നാലുമടങ്ങായി വര്‍ധിച്ചിട്ടുണ്ട്. 1700 കോടി ഡോളറിന്റെ സാധനങ്ങളാണ് ഇന്ത്യ വാങ്ങിയത്. സേവന ഇറക്കുമതിയും മൂന്നിരട്ടി വര്‍ധിച്ചു. അതേസമയം, അമേരിക്കയിലെ ഇന്ത്യന്‍ നിക്ഷേപവും വര്‍ധിച്ചു. അമേരിക്കയില്‍ അരലക്ഷത്തിലേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കുന്നത് ഇന്ത്യന്‍സ്ഥാപനങ്ങളാണ്. ഇരുരാജ്യങ്ങള്‍ക്കും നേട്ടമുള്ള ബന്ധമായിരിക്കും ഇതെന്നാണ് ഇന്ത്യയും അമേരിക്കയും അവകാശപ്പെടുന്നത്. ഒബാമയുടെ സംഘത്തില്‍ അമേരിക്കന്‍സംരംഭങ്ങളുടെ സി.ഇ.ഒ.മാരുടെ വന്‍സംഘംതന്നെ ഇടംപിടിച്ചത് സന്ദര്‍ശനത്തില്‍ വാണിജ്യതാത്പര്യങ്ങള്‍ക്കാണ് പ്രാധാന്യം എന്നതിന് തെളിവാണ്. പെപ്‌സി മേധാവിയും ഇന്ത്യക്കാരിയുമായ ഇന്ദ്രാ നൂയിയും സംഘത്തിലുണ്ടാകുമെന്നാണ് സൂചന.
Discussion about this post