തിരുവനന്തപുരം: ആധാരങ്ങള്‍ വില കുറച്ചു രജിസ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പില്‍ വരുത്തി. ഡിസംബര്‍ 31 വരെയാണ് പദ്ധതിയുടെ കാലാവധി. 1986 മുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇനിപ്പറയും പ്രകാരം മുദ്രവില ഈടാക്കി തീര്‍പ്പ് കല്‍പ്പിക്കും.
ആധാരത്തിലെ വസ്തുവിന്റെ ഭൂപരിധി അഞ്ച് സെന്റ് വരെ കോര്‍പ്പറേഷന്‍ പരിധിയില്‍ 2000 രൂപയും, മുനിസിപ്പല്‍ പരിധിയില്‍ 1000 രൂപയും അടയ്ക്കണം. പഞ്ചായത്ത് പരിധിയില്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് മുതല്‍ 10 സെന്റ് വരെ കോര്‍പ്പറേഷന്‍ പരിധിയില്‍ 5000 രൂപയും, മുനിസിപ്പല്‍ പരിധിയില്‍ 3000 രൂപയും, പഞ്ചായത്ത് പരിധിയില്‍ 1000 രൂപയും അടയ്ക്കണം. 10 മുതല്‍ 50 സെന്റ് വരെ കോര്‍പ്പറേഷന്‍ പരിധിയില്‍ 10000 രൂപയും, മുനിസിപ്പല്‍ പരിധിയില്‍ 5000 രൂപയും, പഞ്ചായത്ത് പരിധിയില്‍ 2000 രൂപയും അടയ്ക്കണം. 50 സെന്റിന് മുകളില്‍ വരുന്ന കേസുകളില്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത് നേരത്തെ അടച്ച സ്റാമ്പ് ഡ്യൂട്ടിയുടെ 6 ശതമാനം അല്ലെങ്കില്‍ 12000 രൂപ ഇതില്‍ ഏതാണോ കൂടുതല്‍ അത്. മുനിസിപ്പാലിറ്റി പ്രദേശത്ത് നേരത്തെ അടച്ച സ്റാമ്പ് ഡ്യൂട്ടിയുടെ 4 ശതമാനം അല്ലെങ്കില്‍ 7000 രൂപ ഇതില്‍ ഏതാണോ കൂടുതല്‍ അത്. പഞ്ചായത്ത് പ്രദേശത്ത് അടച്ച സ്റാമ്പ് ഡ്യൂട്ടിയുടെ 2 ശതമാനം അല്ലെങ്കില്‍ 3000 രൂപ ഇതില്‍ ഏതാണോ കൂടുതല്‍ അത് അടയ്ക്കണം. ഈ പദ്ധതി പ്രകാരം കുറവ് രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കേണ്ടതില്ല. നേരത്തെ നടപടികള്‍ക്ക് വിധേയമായി പണം ഒടുക്കി തീര്‍പ്പാക്കിയിട്ടുള്ള കേസുകള്‍ക്ക് ഈ പദ്ധതി ബാധകമല്ല. പദ്ധതി പ്രകാരമുള്ള നോട്ടീസ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് അതത് ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും അയച്ചുവരുന്നു. നോട്ടീസ് കിട്ടുന്നവര്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ട് പണമടച്ച് രസീത് വാങ്ങണം.
നേരിട്ട് പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് അതത് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) പേര്‍ക്ക് ഡി.ഡി. നല്‍കാം. തീര്‍പ്പാക്കുന്ന കേസുകള്‍ ഓഫീസ് റെക്കോര്‍ഡില്‍ രേഖപ്പെടുത്തി സൂക്ഷിക്കും. തുക അടയ്ക്കുന്ന സമയത്ത് സബ് രജിസ്ട്രാഫീസില്‍ അസല്‍ ആധാരം ഹാജരാക്കിയാല്‍ ആധാരത്തിലും തുക ഈടാക്കിയ വിവരം രേഖപ്പെടുത്തിക്കൊടുക്കും. ഈ പദ്ധതി പ്രകാരം തുക ഒടുക്കാന്‍ തയാറാകാത്തവര്‍ക്കെതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അതത് ജില്ലാ രജിസ്ട്രാര്‍ ഓഫീസുകളിലും, അതത് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും.
Discussion about this post