ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.
ഹഠയോഗപരിശീലനംകൊണ്ട് സിദ്ധിക്കുന്ന അനുഭവങ്ങള്‍ക്കും സിദ്ധിവൈഭവങ്ങള്‍ക്കും എന്റെ അധ്യാത്മജീവിതത്തിലെ ആദ്യകാലഘട്ടങ്ങളില്‍ അല്പം സ്വാധീനതയുണ്ടായിരുന്നുവെന്ന് പറയാതിരിക്കാന്‍ വയ്യ. അധ്യാത്മജീവിതത്തിലുള്ള ആഗ്രഹം ചെറുപ്പകാലം മുതലേ ശക്തമായുണ്ടായിരുന്നുവെന്നത് അടിസ്ഥാനകാരണമാണ്. എന്നാല്‍ ഒരധ്യാത്മഗുരുവിന്റെ നിയന്ത്രണവും നിര്‍ദേശവും അനുഗ്രഹവുമില്ലാത്ത കുറവ് സിദ്ധികളുടെ അത്ഭുതലോകത്തേക്ക് എന്നെ പിടിച്ചുതള്ളി. സ്വന്തമായിത്തന്നെ ചില പരിശീലനങ്ങള്‍ ഞാന്‍ ആരംഭിച്ചു. അവയുടെ വിശദാംശങ്ങള്‍ വിശദമാക്കണമെന്ന് എനിക്കാഗ്രഹമില്ല. എങ്കിലും അധ്യാത്മ ജീവിതത്തിന്റെ തുടക്കത്തില്‍ എനിക്കുണ്ടായ അപകടങ്ങള്‍ അഥവാ തെറ്റായധാരണകള്‍ മറ്റുള്ളവര്‍ക്ക് സംഭവിക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കാം. ഞാന്‍ മിഡില്‍സ്‌കൂളിലും ഹൈസ്‌കൂളിലും പഠിക്കുമ്പോള്‍ അനുവര്‍ത്തിച്ച പരിശീലനക്രമമായിരുന്നു ഇവയില്‍ പലതും. അത്ഭുതം കാഴ്ചവയ്ക്കുകയായിരുന്നു പരിശീലനലക്ഷ്യം. അവ ജ്ഞാനസമ്പാദനത്തിനും നിര്‍വികല്പാനുഭവത്തിനും തടസ്സമാണെന്ന് അറിഞ്ഞിരുന്നില്ല.
ഞാന്‍ ജനിച്ച വീടിന് മുകളിലുള്ള അല്പം ഉയരമേറിയ സ്ഥലം കയറിയിറങ്ങിയാല്‍ ചെന്നെത്തുന്നത് പണിമൂലക്ഷേത്രമെന്നു വിളിക്കുന്ന ദേവീക്ഷേത്രത്തിലാണ്. ”പണിമൂല അമ്മച്ചിയാണെ സത്യം” എന്ന് മുസ്ലീങ്ങള്‍പോലും ആണയിടത്തക്കരീതിയില്‍ ആക്ഷേത്രം അത്രകണ്ടു പ്രശസ്തിയാര്‍ജിച്ചിരുന്നു. നാട്ടിലെ ചുറ്റുപാടുകളില്‍ മാത്രമല്ല കുറേക്കൂടി വിശാലമായ ഒരു പരിധിക്കുള്ളില്‍ താമസിച്ചിരുന്ന ജനതതിമുഴുവന്‍ അവസാനസത്യവാചകമായി ഏതുകര്‍മവും സമാപിപ്പിക്കുന്നത് പണിമൂലയിലെ അമ്മയില്‍ സമര്‍പിച്ചാണ്. വീട്ടിലെ സര്‍വപേര്‍ക്കും പ്രഭുവും വിഭുവുമായി പരിലസിക്കുന്നതും ആ മഹാമായ തന്നെയാകുന്നു. അത്ഭുതങ്ങളുടെ അനേകചരിത്രങ്ങള്‍ക്ക് ആധാരമായ ആ മഹാസങ്കല്പം ഇന്നും ആശ്രിതരുടെ അനവദ്യസങ്കല്പകേന്ദ്രമായി പ്രശോഭിക്കുന്നു.
കേരളചരിത്രത്തില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രദേശവുമായി ബന്ധപ്പെട്ടതാണ് പണിമൂലദേവീക്ഷേത്രം. എട്ടുവീട്ടില്‍ പിള്ളമാരും ഇടത്തറപ്പോറ്റിമാരും കേരളചരിത്രത്തില്‍ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതിനാവശ്യമായ സന്ദര്‍ഭങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ചരിത്രത്തിലറിയുന്ന ഇടത്തറപ്പോറ്റിമാര്‍ താമസിക്കുന്ന സ്ഥലം, ഇടത്തറ എന്ന പേരോടുകൂടി ഈ മഹാക്ഷേത്രത്തിന് വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ആ പോറ്റിമാര്‍ പൂജിച്ചാരാധിച്ചിരുന്ന ദേവിയായിട്ടാണ് ‘പണിമൂല ഭഗവതി’ ഖ്യാതിനേടിയിട്ടുള്ളത്. ഏഴു കുടുംബങ്ങള്‍ ഏര്‍പ്പെട്ട് നാട്ടുകാരുടെ സമ്പൂര്‍ണസമര്‍പണത്തോടെയും സഹകരണത്തോടെയും ഏഴുദിവസങ്ങളിലായി ഇന്നും നടത്തിവരുന്ന പണിമൂല മഹോത്സവവും പായസവഴിപാടും അതീവ പ്രാധാന്യമര്‍ഹിക്കുന്നു. മേല്പറഞ്ഞ ഏഴ് കുടുംബങ്ങളില്‍ ഏഴാം ദിവസത്തെ ഉത്സവം, അന്ന് സമ്പല്‍സമൃദ്ധവും പ്രസിദ്ധവുമായിരുന്ന, ഞാന്‍ ജനിച്ച കളവര്‍ത്തല കുടുംബമായിരുന്നു നടത്തിയിരുന്നത്. ആ മഹാക്ഷേത്രത്തിന്റെ വകയായുള്ള ഒരു കുളം നീന്തല്‍ പഠിക്കുന്നതോടൊപ്പം ഹഠയോഗത്തിലെ അഭ്യാസമുറകള്‍ പരിശീലിക്കുന്നതിനും ഞാന്‍ ഉപയോഗിച്ചിരുന്നു. അത്തരം പരിശീലനഘട്ടങ്ങളിലൊരു ദിവസം അമ്മൂമ്മയുമൊത്ത് സ്വാമിജിയെ കാണാന്‍ വന്നെത്തി. ജലത്തിന്റെ മുകള്‍പ്പരപ്പില്‍ കട്ടിലില്‍ കിടക്കുന്നതുപോലെ കിടക്കുവാനും ഇരിക്കുവാനുംവരെ എത്തിയിരുന്ന പരിശീലനം അന്നുണ്ടായിരുന്നു.
കൈക്കുമ്പിളില്‍ കോരിയെടുക്കുന്ന വെള്ളം അല്പംനേരം കൊണ്ട് തിളപ്പിക്കുവാനും അന്ന് കഴിഞ്ഞിരുന്നു. ഇങ്ങനെയുള്ള അത്ഭുതങ്ങളുടെ ഓര്‍മകളുമായിട്ടാണ്, അല്പം അഭിമാനത്തിന്റെ വിഡ്ഢിത്തവുമായി ആ മഹാപുരുഷന്റെ മുന്നിലെത്തിയത്. ഭസ്മം തന്നിട്ട് എന്നോടാദ്യമായി പറഞ്ഞവാക്കുകള്‍ ഇതായിരുന്നു. ”എന്തിനാടോ വാഴത്തട കിടക്കും പോലെ കിടക്കുന്നത്” സിദ്ധിവൈഭവങ്ങളുടെ അര്‍ത്ഥശൂന്യതയും അതു പരിശീലിച്ചതുകൊണ്ട് ആധ്യാത്മികമായി മറ്റുപ്രയോജനങ്ങളില്ലെന്ന ബോധവും സ്വാമിജിയുടെ വാക്കുകള്‍ക്കുശേഷമാണ് എനിക്കുണ്ടായത്. അതോടുകൂടി അത്തരം പരിശീലനങ്ങള്‍ക്കുള്ള പ്രാധധാന്യം പ്രായേണ നഷ്ടപ്പെടുകയുണ്ടായി. പ്രപഞ്ചസ്വരൂപിണിയായ അമ്മ (കിളവി) യുടെ വാക്കുകളില്‍ നിന്ന് സ്വാമിജി പറഞ്ഞ ആശയം തന്നെ മനസ്സിലാക്കുവാനിടയായപ്പോഴാണ് ഞാന്‍ സൃഷ്ടിച്ചിരുന്ന അത്ഭുതത്തിന്റെ ലോകം വെറും മരുഭൂമിയാണെന്ന് മനസിലായത്. പില്ക്കാലത്ത് ആശ്രമത്തിലെത്തുമെന്നോ, ഇന്നനുഭവിക്കുന്ന സേവനഭാരം ചുമക്കേണ്ടിവരുമെന്നോ അന്ന് കരുതിയിരുന്നില്ല. എന്നാല്‍ സ്വാമിജിയുടെ ദീര്‍ഘവീക്ഷണം അനര്‍ത്ഥമാര്‍ഗങ്ങളില്‍ നിന്നെന്നെ വ്യതിചലിപ്പിക്കുവാനും അര്‍ത്ഥവത്തായ ധാര്‍മികമാര്‍ഗത്തിലേക്ക് തിരിച്ചുവിടുവാനും പ്രയോജനപ്പെട്ടുവെന്നത് ഇന്ന് പ്രാര്‍ത്ഥനാമനസ്സോടും നനഞ്ഞ കണ്ണുകളോടും കൂടി മാത്രമേ ഓര്‍മിക്കാനാകൂ.
Discussion about this post