ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഒരാള്‍ക്കൂടി അറസ്റ്റിലായി. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബസ്‌ഡ്രൈവര്‍ രാംസിങ്, ജിംനേഷ്യത്തില്‍ പരിശീലകനായ വിനയ് ശര്‍മ, പഴക്കച്ചവടക്കാരന്‍ പവന്‍ ഗുപ്ത, രാംസിങ്ങിന്റെ സഹോദരന്‍ മുകേഷ്, അക്ഷയ് ഠാക്കൂര്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളുവെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ അറിയിച്ചു.
വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെ കോടതി ബുധനാഴ്ച നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുകേഷിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കയാണ്. തിഹാര്‍ ജയിലില്‍ വ്യാഴാഴ്ച നടന്ന തിരിച്ചറിയല്‍ പരേഡില്‍ യുവതിക്കൊപ്പം അക്രമത്തിനിരയായ യുവാവ് പ്രതികളിലൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പീഡനത്തിനിരയായ യുവതിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. കേസിലെ പ്രതികള്‍ക്ക് സാധ്യമായ ഏറ്റവും കടുത്ത ശിക്ഷ ലഭിക്കുന്നതിനുവേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി.
Discussion about this post