ന്യൂഡല്‍ഹി: വിദ്യാര്‍ഥിനിയെ ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പ്രക്ഷോഭം ശക്തമാകുന്നു. ഡല്‍ഹിയില്‍ റെയ്‌സീന ഹില്‍സിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രകടനം നടത്തുകയാണ്. രാഷ്ട്രപതിഭവനും പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം തന്ത്രപ്രധാന മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത് റെയ്‌സീന ഹില്‍സിലാണ്. രാവിലെ ആരംഭിച്ച പ്രതിഷേധം ഉച്ചകഴിഞ്ഞും തുടരുകയാണ്.
ഇന്ത്യാഗേറ്റിന് മുമ്പില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് വിജയ്ചൗക്കിലൂടെ റെയ്‌സിന ഹില്‍സിലെ പോലീസ് ബാരിക്കേഡ് തകര്‍ത്താണ് രാഷ്ട്രപതി ഭവന്റെയും നോര്‍ത്ത് സൗത്ത്-സൗത്ത് ബ്ലോക്കുകളുടെ നേരേയും നീങ്ങിയത്. രാഷ്ട്രപതി ഭവനുമുന്നില്‍ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച പോലീസ് തുടര്‍ന്ന് ലാത്തിച്ചാര്‍ജും നടത്തി. പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ പ്രതിഷേധക്കാര്‍ കൂട്ടമായി രാഷ്ട്രപതിഭവന് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പോലീസ് നിരവധി തവണ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കുന്നില്ല. പോലീസുകാര്‍ക്ക് നേരെ സമരക്കാര്‍ വെള്ളക്കുപ്പികളും ചെരിപ്പും എറിഞ്ഞു. ഒരു പോലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. മുന്‍ സൈനിക മേധാവി വി.കെ സിങ് രാവിലെ പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്തു.
പൊതുമുതല്‍ നശിപ്പിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും പ്രകടനം നടത്തുന്നവര്‍ സമാധാനമായി പിരിഞ്ഞു പോകണമെന്നും സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍ സിങ് അറിയിച്ചു. സമരം അവസാനിപ്പിച്ചാല്‍ മാത്രമെ ചര്‍ച്ച സാധ്യമാകു. സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post