കൊച്ചി: കൊച്ചിയില്‍ സിവില്‍ സപ്ളൈസും പോലീസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കു താത്കാലിക പരിഹാരം. കൊച്ചി പോലീസിനുള്ള ഇന്ധന വിതരണം പുനസ്ഥാപിച്ചതായി സിവില്‍ സപ്ളൈസ് അറിയിച്ചു. സിവില്‍ സപ്ളൈസിന്റെ ഇന്ധനം ആവശ്യമില്ലെന്ന് കൊച്ചി പോലീസ് വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് സിവില്‍ സപ്ളൈസിന്റെ പ്രഖ്യാപനം വന്നത്. സിവില്‍ സപ്ളൈസിനുള്ള കുടിശിക തീര്‍ത്തുനല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ധന വിതരണം പുനസ്ഥാപിച്ചതെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇന്നലെ പോലീസ് വാഹനങ്ങള്‍ക്ക് സിവില്‍ സപ്ളൈസ് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് പോലീസ് വാഹനങ്ങളുടെ ഓട്ടം നിലച്ചിരുന്നു. പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതിനു വാഹനമൊന്നിനു പതിനായിരം രൂപ മുന്‍കൂറായി ലഭിക്കണമെന്നായിരുന്നു സിവില്‍ സപ്ളൈസിന്റെ ആവശ്യം. മുന്‍കൂര്‍ പണം നല്‍കുന്ന കാര്യം പ്രായോഗികമല്ലെന്ന് സിറ്റി പോലീസ് ഇന്ന് വ്യക്തമാക്കി. സിവില്‍ സപ്ളൈസിനു പകരം എണ്ണ കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പുകളെയും സ്വകാര്യ പമ്പുകളെയും സമീപിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഇന്ധന വിതരണം തടസപ്പെട്ടതോടെ കൊച്ചി പോലീസ് വാഹനങ്ങളുടെ ഓട്ടം നിലയ്ക്കുകയും ഇതേത്തുടര്‍ന്ന് മന്ത്രിമാര്‍ക്ക് അകമ്പടി പോകാനോ മറ്റ് ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കാനോ കഴിഞ്ഞിരുന്നില്ല.
Discussion about this post