ശബരിമല: ശബരീശദര്‍ശനപുണ്യം തേടി ഭക്തജനസഹസ്രങ്ങള്‍ നിറഞ്ഞൊഴുകുമ്പോള്‍ അയ്യപ്പന് ഇന്നു തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും. നാളെയാണ് മണ്ഡലപൂജ. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര ഇന്ന് അഞ്ചു മണിയോടെ ശരംകുത്തിയില്‍ എത്തും. ദേവസ്വം, അയ്യപ്പ സേവാസംഘം, പോലീസ് എന്നിവരുടെ പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തിലേക്ക് ആനയിക്കും.
സോപാനത്തില്‍ എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. 41 നാള്‍ നീണ്ട മണ്ഡലകാലത്തിനു സമാപ്തി കുറിച്ച് മണ്ഡലപൂജ നാളെ ഉച്ചയ്ക്ക് 12.30ന് നടക്കും. രാത്രി പത്തിനാണ് നട അടയ്ക്കുക. മണ്ഡലപൂജയും തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയും കണ്ടു തൊഴാന്‍ ഭക്തലക്ഷങ്ങള്‍ സന്നിധാനത്തേക്ക് ഒഴുകി എത്തുകയാണ്. പതിനെട്ടാംപടി കയറാനുള്ള നിര സന്നിധാനം മുതല്‍ പമ്പ വരെ നീളുന്നു.
Discussion about this post