ജല്‍ഗാവ് (മഹാരാഷ്ട്ര): ജമ്മുകാശ്മീരിന്റെ സ്വയംഭരണം നല്‍കുന്നതിനെ സംബന്ധിച്ച സംഭാഷണങ്ങള്‍ തന്നെ രാജ്യദ്രോഹമാണെന്ന് ആര്‍എസ്‌എസ്. സ്വയംഭരണം രാജ്യവിഭജനത്തിനുള്ള ‘ബ്ലാങ്ക് ചെക്ക്’ ആണെന്ന് ജല്‍ലാവില്‍ ആര്‍എസ്‌എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. കാശ്മീരിനെ രാജ്യത്തുനിന്ന് അടര്‍ത്തിമാറ്റാനുള്ള ഏത് ശ്രമത്തെയും സര്‍വശക്തിയുമുപയോഗിച്ച് ദേശീയ ജനത ചെറുക്കുമെന്ന് പ്രമേയം കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
കാശ്മീര്‍ താഴ്‌വരയില്‍ വിഘടനവാദികള്‍ നടത്തുന്ന അക്രമസംഭവങ്ങളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന സമീപനം നിരാശാജനകവും അപലപനീയവുമാണ്. ഇതിന് മുമ്പ് ഒരു കേന്ദ്രസര്‍ക്കാരും ഇത്രയും ദുര്‍ബലമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടില്ല. സംസ്ഥാനസര്‍ക്കാരിന്റെയും ഭീകരപ്രസ്ഥാനങ്ങളുടെയും കപടബുദ്ധിജീവികളുടെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും നിലപാടിന് മുമ്പില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് ആര്‍എസ്‌എസ് കുറ്റപ്പെടുത്തി. ഗില്‍ജിത്ത്, ബാള്‍ടിസ്ഥാന്‍, മുസാഫറാബാദ്, മിര്‍പൂര്‍, അക്സായിച്ചിന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന ജമ്മുകാശ്മീര്‍ പൂര്‍ണമായും ഭാരതത്തിന്റേതാണ്. സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഒരു അവകാശവാദവും അംഗീകരിക്കാനാവില്ല. അത്തരം സ്വതന്ത്രതാവാദം രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ല. ജമ്മുകാശ്മീര്‍ സംബന്ധിച്ച സംസ്ഥാന മുഖ്യമന്ത്രി ഒബര്‍ അബ്ദുള്ളയുടെ പ്രസ്താവന അപക്വവും നിരുത്തരവാദപരവുമാണ്.
1947 മുതല്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ അവിടെ പ്രക്ഷോഭമെന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നത്. അതിര്‍ത്തിയില്‍ തോറ്റവര്‍ രാജ്യത്തിനുള്ളില്‍ ‘കല്ലേറിന്റെ ഭീകരത’ സൃഷ്ടിക്കുകയാണ്. കൊച്ചുകുട്ടികളെവരെ മുന്നില്‍ നിര്‍ത്തിയാണ് സൈനികര്‍ക്കെതിരെ അവര്‍ കല്ലേറ് നടത്തുന്നത്. ഇതിനകം മൂവായിരത്തിലേറെ സൈനികര്‍ക്ക് ഈ കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. എന്നിട്ടും ചര്‍ച്ചകള്‍ ഭീകരര്‍ക്കനുകൂലമാണ്. സായുധസേനക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കാനാണ് ആവശ്യം. ഇത് രാഷ്ട്രസുരക്ഷയെ ദുര്‍ബലപ്പെടുത്താനാണെന്ന് ആര്‍എസ്‌എസ് ചൂണ്ടിക്കാട്ടി.
കാശ്മിരിലേക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ച മധ്യസ്ഥസംഘം ചുരുങ്ങിയ കാലംകൊണ്ട് അതിന് അയോഗ്യരാണെന്ന് തെളിയിച്ചുകഴിഞ്ഞു. മധ്യസ്ഥതയല്ല, ശക്തമായ നടപടികളാണ് ആവശ്യം. ഈ മധ്യസ്ഥസംഘത്തിന് ജമ്മുകാശ്മീരിനെക്കുറിച്ച് ഒന്നുമറിയില്ല. അവര്‍ ഭീകരര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ആര്‍എസ്‌എസ് പ്രമേയം കുറ്റപ്പെടുത്തി.
കാശ്മീര്‍ താഴ്‌വരയിലെ ദേശസ്നേഹികളായ മുസ്ലീംജനത, കാശ്മീരി പണ്ഡിറ്റുകള്‍, സിഖുകാര്‍, ഷിയാകള്‍, പഹാഡികള്‍, ലഡാഖിലെ ബൗദ്ധര്‍, ഗുജ്ജറുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കൊന്നും പ്രാതിനിധ്യമില്ലാത്ത ചര്‍ച്ചകളാണ് നടക്കുന്നത്.
Discussion about this post