ഗുരുവായൂര്‍: 15 ദിവസം നീണ്ടു നില്‍ക്കുന്ന മുപ്പത്തിയേഴാമത് ചെമ്പൈ സംഗീതോത്സവത്തിന് നാളെ ഗുരുവായൂരില്‍ തിരിതെളിയും. വൈകീട്ട് ദീപാരാധനയ്ക്കു ശേഷം ഗുരുവായൂര്‍ ദേവസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സംഗീതോത്സവം ദേവസ്വം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനചടങ്ങില്‍ വച്ച് ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്ക്കാരം പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞന്‍ കലാരത്നം കെ.ജി. ജയന്(ജയവിജയ) ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സമ്മാനിക്കും. പുരസ്ക്കാര ജേതാവിനെ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം ഗോകുലം ഗോപാലന്‍ പൊന്നാടയണിയിക്കും.
ബുധനാഴ്ച രാവിലെ അഞ്ചു മുതല്‍ ഏകാദശി ദിവസമായ 17വരെ നടക്കുന്ന സംഗീതോത്സവത്തില്‍ മൂവായിരത്തിലധികം കലാകാരന്‍മാര്‍ സംഗീതാര്‍ച്ചന നടത്തും. ആദ്യത്തെ പത്തു ദിവസം പ്രശസ്ത സംഗീതജ്ഞരുടെ ഒരു മണിക്കൂര്‍ വീതമുള്ള രണ്ട് വായ്പ്പാട്ടുകളും, ഒരു ഉപകരണ സംഗീതവും എന്ന ക്രമത്തില്‍ രാത്രി 6.30മുതല്‍ 9.30വരെ വിശേഷാല്‍ കച്ചേരികള്‍ നടക്കും.
അവസാനത്തെ അഞ്ചു ദിവസങ്ങളായ നവംബര്‍ 13മുതല്‍ 17വരെ തിയ്യതികളില്‍ രാവിലെ 8.30മുതല്‍ 12മണിവരെയും രാത്രി 7.35മുതല്‍ 8.30വരെയും ആകാശവാണി തത്സമയ സംപ്രേക്ഷണവും ഉണ്ടാകും. പ്രശസ്തമായ പഞ്ചരത്ന കീര്‍ത്തനാലാപനം ദശമി ദിവസമായ നവംബര്‍ 16ന് രാവിലെ ഒമ്പതു മുതല്‍ 10വരെ നടക്കും. സംഗീതോത്സവം ഏകാദശി ദിവസം രാത്രി സമാപിക്കും
Discussion about this post