ന്യൂഡല്‍ഹി: ബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ആറു പ്രതികളെ തൂക്കിക്കൊല്ലണമെന്ന് പ്രതികളുടെ അയല്‍വാസികള്‍ പറഞ്ഞു. രവിദാസ് കാമ്പ് എന്ന ചേരിയില്‍ താമസിക്കുന്ന പ്രതികളുടെ അയല്‍ക്കാരാണ് പെണ്‍കുട്ടിക്കു നേരെയുള്ള ആക്രമണത്തില്‍ രോഷം പ്രകടിപ്പിച്ചത്. രാംസിംഗിനെപ്പോലുളള ചെന്നായ്ക്കള്‍ വധശിക്ഷയില്‍ കുറഞ്ഞൊന്നും അര്‍ഹിക്കുന്നില്ല എന്ന് പത്താം ക്ളാസുകാരിയായ പൂജാ യാദവ് പറഞ്ഞു. ഇവര്‍ ചെയ്ത പ്രവൃത്തി കാരണം തങ്ങള്‍ തല കുനിച്ചാണ് നടക്കുന്നതെന്ന് മറ്റൊരു പെണ്‍കുട്ടി പറഞ്ഞു.
വിനയ്യുടെ അയല്‍വാസിയായ നീതു പറയുന്നതിങ്ങനെ: വിനയനെ കുട്ടിക്കാലം മുതലറിയാം. അയാള്‍ ഇതു ചെയ്യുമെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. സംഭവം ഞങ്ങളെയെല്ലാം ഞെട്ടിച്ചു. ഇത് രവി ദാസ് കാമ്പിന് ചീത്തപ്പേര് ഉണ്ടാക്കിയിരിക്കുന്നു. ഞങ്ങളുടെ കുട്ടികളെ എങ്ങനെ സ്കൂളില്‍ വിടുമെന്നയറിയില്ല. രാജ്യമൊട്ടാകെയുള്ള ജനങ്ങള്‍ ഡല്‍ഹി മാനഭംഗത്തിനെതിരായി പ്രതിഷേധമുയര്‍ത്തുമ്പോള്‍ പ്രതികളുടെ ചേരി നിവാസികളും തങ്ങളുടെ അഭിപ്രായം പറയുന്നതില്‍ നിന്നും വിട്ടു നില്‍ക്കുന്നില്ല.
മാനഭംഗക്കേസിലെ പ്രതികള്‍ക്കു വധശിക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ നിയമംകൊണ്ടു വരണമെന്നാണു പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നത്. ബസ് ഡ്രൈവര്‍ റാം സിംഗ്, സഹോദരന്‍ മുകേഷ്, അക്ഷയ് സിംഗ് എന്ന ഠാക്കൂര്‍, പവന്‍, വിനയ് എന്നിവരാണു കേസില്‍ പിടിയിലായത്. ആറാമത്തെ പ്രതിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം ഉയര്‍ത്തിയതിനാല്‍, പ്രായം തെളിയിക്കുന്നതിനുള്ള പ്രത്യേക പരിശോധന നടത്താന്‍ കോടതിയുടെ അനുമതി തേടാനും പോലീസ് നടപടിയെടുക്കും.
Discussion about this post