കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിനി ഇന്ദുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ സുഹൃത്തും അധ്യാപകനുമായ സുഭാഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
2011 ഏപ്രിലിലാണ് ട്രെയിന്‍ യാത്രയ്ക്കിടെ ഇന്ദുവിനെ കാണാതായത്. പിന്നീട് ആലുവ പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഭാഷും ആ യാത്രയില്‍ ഇന്ദുവിനൊപ്പമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷിച്ച പോലീസ് സംഘം ഇന്ദു ട്രെയിനില്‍ നിന്ന് ആലുവ പുഴയില്‍ ചാടി ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലെത്തി.
ഇന്ദുവിന്റെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഐജി സന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇന്ദുവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഇന്ദുവും സുഭാഷും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധത്തിന് തടസ്സം നിന്നതോടെ ഇന്ദു മറ്റൊരു വിവാഹത്തിനു സമ്മതിച്ചു.
വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന സുഭാഷിന്റെ ആവശ്യം ഇന്ദു അംഗീകരിച്ചില്ലെന്നും തുടര്‍ന്ന് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
Discussion about this post