പണ്ഡിതരത്നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍
ലൗകിക സുഖഭോഗങ്ങളിലുള്ള ദൃഢമായ ബന്ധം മരണത്തിലേയ്ക്ക് നയിക്കുമെന്ന കാര്യം ഈദൃഷ്ടാന്തത്തിലൂടെ ശ്രീശങ്കരന്‍ ഇവിടെ അവതരിപ്പിക്കുകയാണ്. നമ്മുടെ ചുറ്റുപാടും കാണുന്ന ചില സ്വാഭാവിക സംഭവങ്ങളാണ് ശ്രീശങ്കരന്‍ ഇതിനുള്ള ഉദാഹരണങ്ങളായി സ്വീകരിച്ചിരിക്കുന്നത്. ഭൗതികലോകത്തിലെ ഉപഭോഗങ്ങളായി സ്വീകരിച്ചിരിക്കുന്നത്. ഭൗതികലോകത്തിലെ ഉപഭോഗങ്ങളില്‍ മാത്രം മുഴുകി വിലപ്പെട്ട ജീവിതം മരണത്തിന് അടിയറവ് വയ്ക്കുവന്നവരെ അതില്‍നിന്ന് പിന്‍തിരിപ്പിക്കുകയാണ് ഈ ദൃഷ്ടാന്തത്തിന്റെ ലക്ഷ്യം.
പഞ്ചത്വമാപുഃ സ്വഗുണേന ബദ്ധാഃ
കുരങ്ഗമാതങ്ഗപതങ്ഗമീനഭൃംഗാഃ
(വിവേകചൂഡാമണി 76)
മാന്‍ , ആന, ഈയല്‍ , മീന്‍ , വണ്ട് എന്നിവ ഇന്ദ്രിയംകൊണ്ട് ഗ്രഹിക്കാവുന്ന ഗുണങ്ങളില്‍ ആകൃഷ്ടരായി മരണം വരിച്ചു. (ഇന്നും മരണം വരിക്കുന്നു).
കര്‍ണ്ണാനന്ദകരമായ സംഗീതത്തിന്റെ രാഗസുധയില്‍ മാനുകള്‍ പരിസരം മറന്ന് നിന്നുപോകുന്നു. ഇങ്ങനെ സംഗീതത്തിന്റെ മധുരിമയില്‍ മതിമറന്നു നില്‍ക്കുന്ന മാനിനെ അനായാസം അമ്പില്‍ കോര്‍ക്കാന്‍ വേടനു സാധിക്കുന്നു. സംഗീതത്തിന്റെ രാഗത്തോടുള്ള മാനിന്റെ അമിതമായ അഭിനിവേശം അതിന്റെ തന്നെ മരണത്തിന് കാരണമാകുന്നു.
ഇണങ്ങിയ പിടിയാനകളെ ഉപയോഗിച്ച് ആനപിടുത്തക്കാര്‍ കാട്ടാനയെ കുരുക്കിലാക്കാറുണ്ട്. വാരിക്കുഴിയുടെ അപ്പുറത്തായി പെണ്ണാനയെ നിര്‍ത്തുന്നു. അതിനെകാണുന്ന കൊമ്പനാന ഇണചേരാനുള്ള ആഗ്രഹം നിമിത്തം മുന്നോട്ടുവരികയും പൊടുന്നനെ ചതിക്കുഴിയില്‍ അകപ്പെടുകയും ചെയ്യുന്നു.
അങ്ങകലെ ആളിക്കത്തുന്ന ദീപത്തിന്റെ തീനാളങ്ങളുടെ തിളക്കത്തില്‍ ആകൃഷ്ടരായ ഈയ്യാംപാറ്റകള്‍ അവയെ വിഴുങ്ങാന്‍ ആവേശത്തോടെ അവിടെ പറന്നെത്തി ആ ജ്വാലയില്‍ വീണ് വെന്തെരിയുന്നു. ചൂണ്ടയില്‍ കോര്‍ത്ത ഇരയെ അനായാസേന കിട്ടിയ ആഹാരമെന്നു കരുതി, അതിനെ വിഴുങ്ങി, വീണ്ടുവിചാരമില്ലാതെ മത്സ്യങ്ങള്‍ ചൂണ്ടയില്‍ കുരുങ്ങി മരണം പിടിച്ചുപറ്റുന്നു. വളരെ ദൂരത്തുനിന്ന് ആസ്വദിക്കുമ്പോള്‍ അത്യന്തം മസൃണമായി തോന്നിയ ചെമ്പകപ്പൂവിന്റെയും ഏഴിലംപാലപൂവിന്റെയും ഗന്ധത്തില്‍ ആകൃഷ്ടരായ തേനീച്ചകള്‍ തേന്‍ നുകരാന്‍ അവിടെ എത്തുമ്പോള്‍ ആ പൂക്കളുടെ രൂക്ഷഗന്ധത്താല്‍ പ്രജ്ഞയറ്റ് നിലംപൊത്തുന്നു. കള്ളിന്റെ രുചിയില്‍ ആകൃഷ്ടരായ വണ്ടത്താന്മാര്‍ മതിമറന്ന് അതു നുകരുകയും തന്മൂലം പ്രജ്ഞനശിച്ച് കള്ളിന്‍കുടത്തില്‍ വീണു മുങ്ങിച്ചാവുകയും ചെയ്യുന്നു.
അത്യാഹിതത്തിനിരയായ മേല്‍സൂചിപ്പിച്ച ജീവികള്‍ക്കെല്ലാം രൂപം, രസം, ഗന്ധം തുടങ്ങിയ ഏതെങ്കിലും ഒന്നിനോടുമാത്രമേ ദൃഢബന്ധം ഉണ്ടായിരുന്നുള്ളൂ. എന്നിട്ടുപോലും ആ ബന്ധം അവയുടെ അകാലചരമത്തിന് കാരണമായി. എന്നാല്‍ മനുഷ്യന്റെ സ്ഥിതി അതല്ല. അവന് അഞ്ച് ഇന്ദ്രിയങ്ങളോടും ദൃഢമായബന്ധം ഉണ്ട്. ആ ബന്ധം മനുഷ്യനെ അകാലത്തില്‍ ഹനിക്കുക തന്നെ ചെയ്യുന്നു. ഒരു ഇന്ദ്രിയത്തിനോടു മാത്രം ദൃഢബന്ധം ഉണ്ടായിരുന്ന ജീവികളുടെ അകാലചരമം ഇവിടെ സൂചിപ്പിച്ചല്ലോ. പിന്നെയാണോ പഞ്ചേന്ദ്രിയങ്ങളോടും ദൃഢബന്ധമുള്ള മനുഷ്യന്‍ അകാലത്തില്‍ ദേഹത്യാഗം ചെയ്യേണ്ടിവരുന്നതില്‍ ആശ്ചര്യപ്പെടുന്നത്. അതുകൊണ്ട് അകാലത്തില്‍ പൊലിഞ്ഞുപോകാതിരിക്കാന്‍ ഇന്ദ്രിയനിഗ്രഹം (പലതരത്തിലുള്ള അഭിലാഷങ്ങളെ അടക്കല്‍) കൂടിയേ കഴിയൂ എന്നാണ് ശ്രീശങ്കരന്‍ മേല്‍സൂചിപ്പിച്ച ഉദാഹരണങ്ങള്‍കൊണ്ട് നമ്മെ ധരിപ്പിക്കുന്നത്.
ലൗകീക ജീവിതത്തിന്റെ നിറപ്പകിട്ടില്‍ അത്യന്തം ആകൃഷ്ടരായാല്‍ , പാട്ടിന്റെ രാഗത്തില്‍ ലയിച്ചു നിന്ന മാനിന്റെയും, ഇണചേരാനുള്ള ആഗ്രഹം നിമിത്തം കുരുക്കില്‍പ്പെട്ട ആനയുടെയും തീറ്റകൊതിച്ച് തീയില്‍ വീഴുന്ന ഈയ്യാംപാറ്റകളുടെയും, ചൂണ്ടയില്‍ കോര്‍ത്ത ഇരവിഴുങ്ങിയ മത്സ്യത്തിന്റെയും, പാത്രത്തില്‍ നിന്ന് മധുപാനം ചെയ്ത് മത്തുപിടിച്ച് അതില്‍തന്നെ വീണ് മുങ്ങിമരിച്ച വണ്ടിന്റെയും സ്ഥിതി മനുഷ്യനും വരുമെന്നാണ് ശ്രീശങ്കരന്‍ ഈ ലൗകിക ദൃഷ്ടാന്തത്തിലൂടെ സാമാന്യജനങ്ങളെ മനസ്സിലാക്കിക്കൊടുക്കുന്നത്. രാജവെമ്പാലയുടെ വിഷത്തേക്കാള്‍ ആപത്കരമാണ് വിഷയം (ഭോഗവസ്തു) എന്നാണ് ആചാര്യന്‍ പറയുന്നത്. പാമ്പിന്‍വിഷം പാമ്പിന്റെ കടിയേറ്റവനെ മാത്രമേ കൊല്ലുകയുള്ളൂ.
എന്നാല്‍ വിഷയം അത് കാണുന്നവനെയും അറിയുന്നവനെയും പോലും കൊന്നുകളയും. അതുകൊണ്ട് ലൗകിക സുഖഭോഗങ്ങളില്‍ കുടുങ്ങിപ്പോകാതെ ഈനരജന്മം സാര്‍ത്ഥകമാക്കാന്‍ ഓരോരുരുത്തരും പരമാവധി ശ്രമിക്കണമെന്നും, തുച്ഛമായ ലാഭത്തിനും നൈമിഷികമായ ലൗകികസന്തോഷത്തിനും സുഖത്തിനും വേണ്ടി മഹത്തായ ജീവതമൂല്യങ്ങള്‍ ബലിയര്‍പ്പിക്കരുതെന്നുമുള്ള സന്ദേശമാണ് ശ്രീശങ്കരന്‍ ഈ ലൗകികദൃഷ്ടാന്തങ്ങളിലൂടെ നമുക്ക് തരുന്നത്.
Discussion about this post