തിരുവനന്തപുരം: ആര്യ കൊലക്കേസില്‍ ഏക പ്രതി രാജേഷിന് വധശിക്ഷ വിധിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഹീനമായ കൊലപാതകം നടത്തിയ പ്രതി സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന നിലയ്ക്ക് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. പ്രോസിക്യൂഷന്‍ ഉന്നയിച്ച കൊലപാതകം, ബലാത്സംഗം, ഭവനഭേദനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പ്രതി ചെയ്തിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. അതേസമയം തെളിവു നശിപ്പിക്കല്‍ കുറ്റത്തില്‍ നിന്ന് രാജേഷിനെ ഒഴിവാക്കിയിട്ടുണ്ട്.
രാജേഷ് കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ആര്യയുടെ അമ്മ ജയകുമാരി ഉള്‍പ്പെടെ 35 സാക്ഷികളുടെ വിസ്താരവും 13 തൊണ്ടി മുതലുകളും 38 രേഖകളും പരിഗണിച്ച ശേഷമാണ് പ്രതി രാജേഷ് കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2012 മാര്‍ച്ച് ആറിനാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആര്യ ക്രൂരമായി കൊലചെയ്യപ്പെട്ടത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ആര്യയെ ബലാത്സംഗ ശ്രമത്തിനിടെ രാജേഷ് കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post